INDIA

കര്‍ഷക സമരം; സംഘർഷങ്ങൾക്കൊടുവിൽ ഇന്നത്തേക്ക് 'വെടിനിർത്തൽ' പ്രഖ്യാപിച്ച് കർഷകർ, നാളെ വീണ്ടും ആരംഭിക്കുമെന്ന് പ്രഖ്യാപനം

വെബ് ഡെസ്ക്

മണിക്കൂറുകൾ നീണ്ട സംഘർഷങ്ങൾക്കൊടുവിൽ ഇന്നത്തേക്ക് 'വെടിനിർത്തൽ' പ്രഖ്യാപിച്ച് കർഷകർ. നാളെ വീണ്ടും സമരം തുടരുമെന്ന പ്രഖ്യാപനത്തോടെയാണ് ഇന്നത്തേക്ക് പിരിഞ്ഞത്. കഴിഞ്ഞ ഏതാനും മണിക്കൂറുകളായി പഞ്ചാബ്-ഹരിയാന അതിർത്തികളിൽ കർഷകരും പോലീസും തമ്മിൽ വലിയ സംഘര്‍ഷമാണുണ്ടായത്. ട്രാക്ടർ കടത്തിവിടാൻ പോലീസ് വിസമ്മതിച്ചതോടെ സംഘര്‍ഷമായി. കർഷകർക്ക് നേരെ ഡ്രോൺ വഴി പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ആയിരക്കണക്കിന് കര്‍ഷകരാണ് സമരത്തിനായി പഞ്ചാബില്‍ നിന്ന് ഹരിയാന അതിര്‍ത്തിയില്‍ എത്തിയത്.

ആറ് മാസത്തേക്കുള്ള തയാറെടുപ്പുകളും സജ്ജീകരണങ്ങളുമായാണ് ഡൽഹിയിലേക്ക് നീങ്ങുന്നതെന്നും ഇനി എത്ര നാൾ സമരം ചെയ്യാനും തങ്ങൾ തയാറാണെന്നുമായിരുന്നു കർഷകരുടെ പ്രതികരണം. "ഞങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുമെന്ന് ഉറപ്പ് നൽകിയിരുന്നു, പക്ഷേ സർക്കാർ ആ വാഗ്ദാനം പാലിച്ചില്ല. ഇത്തവണ, ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചതിന് ശേഷം മാത്രമേ മടങ്ങു," കർഷകരുടെ പ്രതികരണം.

രണ്ട് വർഷ മുൻപ് രേഖാമൂലം നൽകാമെന്ന് വാഗ്ദാനം ചെയ്ത ആവശ്യങ്ങൾ നിറവേറ്റാൻ കേന്ദ്ര സർക്കാർ തയ്യാറായില്ലെന്നും കർഷർ ആരോപിച്ചു. അതേസമയം, വിളകൾക്ക് മിനിമം താങ്ങുവില (എംഎസ്പി) ഉറപ്പുനൽകുന്ന നിയമം ഈ കാലഘട്ടത്തിൻ്റെ ആവശ്യമാണെന്ന് സ്വാമിനാഥൻ കമ്മീഷൻ അംഗമായ ഡോ ആർ ബി സിംഗ് പ്രതികരിച്ചതായി ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് നൽകിയിട്ടുണ്ട്.

സംഘർഷത്തിന് പിന്നാലെ കർഷകരും സർക്കാരും ഒത്തുതീർപ്പിൽ എത്തണമെന്ന് പഞ്ചാബ് - ഹരിയാന ഹൈക്കോടതി നിർദേശിച്ചു. പ്രശ്ന പരിഹാരത്തിന് കൂടുതൽ സമയം ആവശ്യമാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ഇന്ന് രാവിലെ 10 മണിക്കാണ് കർഷകർ ഫത്തേഗഡ് സാഹിബിൽനിന്ന് ട്രാക്ടറുകളിൽ നീങ്ങിത്തുടങ്ങിയത്. രൂപമാറ്റം വരുത്തി ശേഷികൂടിയ അഞ്ഞൂറോളം ട്രാക്ടറുകളിലാണ് കർഷകർ ഡൽഹി ലക്ഷ്യമാക്കി നീങ്ങിയത്. പഞ്ചാബിലൂടെ സുഗമമായി നീങ്ങിയ ട്രാക്ടറുകളെ ഹരിയാന അതിർത്തിയിൽ പോലീസ് തടഞ്ഞു. പലയിടത്തും പോലീസും കർഷകരും തമ്മിൽ സംഘർഷമുണ്ടായി.

വിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കുന്നതിനുള്ള നിയമം പാസാക്കണം, സ്വാമിനാഥന്‍ കമ്മീഷനിലെ നിര്‍ദേശങ്ങളായ കാര്‍ഷിക പെന്‍ഷന്‍ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ നടപ്പിലാക്കണം, മുമ്പ് നടന്ന കര്‍ഷക സമരത്തില്‍ പങ്കെടുത്ത കര്‍ഷകര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കണം, ലഖിംപൂര്‍ ഖേരിയില്‍ കൊല്ലപ്പെട്ടവര്‍ക്ക് നീതി നടപ്പിലാക്കണം, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണം, സ്വതന്ത്രവ്യാപാര കരാറുകള്‍ അവസാനിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷക സംഘടനകള്‍ ഇന്ന് രാവിലെ ഡൽഹിയിൽ കർഷകർ സമരത്തിനിറങ്ങിയത്. കേന്ദ്രമന്ത്രിമാര്‍ കര്‍ഷക സംഘടനകളുമായി അവസാനവട്ട ചര്‍ച്ച അനിശ്ചിതത്വത്തിലായതിന് പിന്നാലെയായിരുന്നു കർഷകർ ഡൽഹി ചലോ മാർച്ചിന് ആഹ്വാനം നൽകിയത്.

പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് പ്രധാനമായും സമരത്തില്‍ പങ്കെടുക്കുന്നത്. 

കർഷകരുടെ സമരത്തെ തുടർന്ന് ഡൽഹിയുടെ എല്ലാ അതിർത്തികളും അടച്ചിരിക്കുകയാണ്. വിപുലമായ ക്രമീകരണങ്ങളാണ് കർഷകരെ തടയാൻ പോലീസ് വഴികളിലും അതിർത്തികളിലെ വിന്യസിച്ചിരിക്കുന്നത്. സമരം പിൻവലിക്കാൻ കർഷകർ വിസമ്മതിനെ തുടർന്ന് തലസ്ഥാനത്തേക്ക് കടക്കുന്നത് തടയാൻ ഡൽഹിയുടെ എല്ലാ അതിർത്തികളും പൊലീസ് അടച്ചു. ട്രാക്ടറുകളിൽ എത്തുന്ന കർഷകരെ തടയാൻ റോഡുകളിൽ ആണി പതിപ്പിച്ച പലക കഷണങ്ങൾ, കമ്പിവേലികൾ, സിമൻ്റ് കട്ടകൾ തുടങ്ങിയവയും പോലീസ് സ്ഥാപിച്ചിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും