INDIA

സൂര്യകാന്തി വിത്തിന് മിനിമം താങ്ങുവില ഉറപ്പാക്കണം; ചണ്ഡീഗഡ് - ഡൽഹി ദേശീയപാത ഉപരോധിച്ച് കര്‍ഷകര്‍

വെബ് ഡെസ്ക്

സൂര്യകാന്തി വിത്ത് സംഭരണത്തിന് സര്‍ക്കാര്‍ മിനിമം താങ്ങുവില നൽകാത്തതിതിനെതിരെ ഹരിയാനയിൽ കര്‍ഷക പ്രതിഷേധം ശക്തം. ചണ്ഡീഗഡ് - ഡൽഹി ദേശീയപാതയിൽ ഗതാഗതം തടസപ്പെടുത്തി കര്‍ഷകര്‍ ഉപരോധിച്ചു. മുഖ്യമന്ത്രി പ്രഖ്യാപിച്ച ഇടക്കാലാശ്വാസം അംഗീകരിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മഹാപഞ്ചായത്ത് ചേര്‍ന്ന് ദേശീയപാത ഉപരോധമടക്കമുള്ള കടുത്തനടപടികളേക്ക് കര്‍ഷകര്‍ കടന്നത്. പ്രതിഷേധത്തിൽ ഗുസ്തി താരം ബജ്‌റംഗ് പുനിയയും പങ്കെടുത്തു.

ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരാണ് പ്രതിഷേധത്തിന്റെ ഭാഗമായി റോഡ് ഉപരോധത്തിന്റെ ഭാഗമായത്. മുഖ്യമന്ത്രി മനോഹർലാൽ ഖട്ടര്‍ പ്രഖ്യാപിച്ച ആശ്വാസത്തിൽ തൃപ്തരാകാത്ത പ്രതിഷേധക്കാര്‍ 'മിനിമം താങ്ങുവില നൽകൂ, കര്‍ഷകരെ രക്ഷിക്കൂ' എന്ന മുദ്രാവാക്യമുയര്‍ത്തി പ്രതിഷേധിച്ചു. ഭവന്തർ ഭാർപൈ യോജന (ബിബിവൈ) പ്രകാരം 36,414 ഏക്കറിൽ സൂര്യകാന്തി കൃഷി ചെയ്ത 8,528 കർഷകർക്ക് ഇടക്കാല ആശ്വാസമായി 29.13 കോടി രൂപയാണ് മുഖ്യമന്ത്രി ശനിയാഴ്ച അനുവദിച്ചത്.

മിനിമം താങ്ങുവിലയ്ക്ക് താഴെ വിൽക്കുന്ന ഉത്പന്നങ്ങൾക്ക് കർഷകർക്ക് നിശ്ചിത നഷ്ടപരിഹാരം നൽകുന്ന പദ്ധതിയായ ബിബിവൈയുടെ കീഴിൽ സൂര്യകാന്തി വിളയെ ഉൾപ്പെടുത്തുമെന്ന് സംസ്ഥാന സർക്കാർ ഈവർഷം ആദ്യം പ്രഖ്യാപിച്ചിരുന്നു. മിനിമം താങ്ങുവിലയ്ക്ക് താഴെ വിൽക്കുന്ന സൂര്യകാന്തി വിളകൾക്ക് സംസ്ഥാന സർക്കാർ ഇടക്കാല പിന്തുണയായി ക്വിന്റലിന് 1,000 രൂപയാണ് നൽകിയിരുന്നത്. എന്നാൽ, ക്വിന്റലിന് 6,400 രൂപ നൽകണമെന്നാണ് കർഷകരുടെ ആവശ്യം.

ശനിയാഴ്ച മിനിമം താങ്ങുവിലയ്ക്ക് സൂര്യകാന്തി വിത്ത് സർക്കാർ സംഭരിക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ കിസാൻ യൂണിയൻ (ചാരുണി) മേധാവി ഗുർനാം സിങ് ചാരുണിയുടെ നേതൃത്വത്തിൽ കർഷകർ ഷഹാബാദിന് സമീപം ദേശീയപാത ആറ് മണിക്കൂറിലേറെ ഉപരോധിച്ചിരുന്നു. സമരക്കാര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തിവീശുകയും ചെയ്തു. പ്രതിഷേധത്തിൽ പങ്കെടുത്ത ഒൻപത് പേരെ കലാപാഹ്വാനം, നിയമവിരുദ്ധമായ സംഘംചേരൽ ഉൾപ്പെടെ വിവിധ കുറ്റങ്ങൾ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. സർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങളേയും പോലീസ് നടപടികളേയും വിമർശിച്ചുകൂടിയായിരുന്നു ഇന്ന് പ്രതിഷേധം അരങ്ങേറിയത്. ഷഹാബാദിൽ അറസ്റ്റിലായ സമരക്കാരെ വിട്ടയക്കണമെന്ന ആവശ്യവും കര്‍ഷകര്‍ മുന്നോട്ടുവയ്ക്കുന്നു.

ചില കര്‍ഷക സംഘടനകൾ രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപിച്ച് പ്രതിഷേധക്കാര്‍ക്കെതിരെ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാൽ ഖട്ടാര്‍ രംഗത്തെത്തി. കര്‍ഷകരെ വഴിതെറ്റിക്കാനാണ് ശ്രമം നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?