ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷകസമരത്തില്‍ ഒരു കര്‍ഷകന്റെകൂടി ജീവന്‍ നഷ്ടമായി. പഞ്ചാബ് ബത്തിന്‍ഡ ജില്ലയിലെ അമര്‍പുര ഗ്രാമത്തില്‍നിന്നുള്ള അറുപത്തി രണ്ടുകാരനായ ദര്‍ശന്‍ സിങ്ങാണ് മരിച്ചത്. ഇന്നലെ രാത്രി അസ്വസ്ഥത അനുഭവപ്പെട്ട ദര്‍ശന്‍ സിങ്ങിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കർഷക സമരത്തിനിടെയുണ്ടായ സംഘർഷത്തില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായും മുപ്പതോളം പേർക്ക് പരുക്കേറ്റതായും ഹരിയാന പോലീസ്അറിയിച്ചു. കർഷകർക്കെതിരെ 1980ലെ ദേശീയ സുരക്ഷാ നിയമപ്രകാരം നടപടിയെടുക്കുമെന്നും പോലീസ് അറിയിച്ചു.
ഇതിനിടെ പോലീസുമായുള്ള സംഘർഷത്തില്‍ കൊല്ലപ്പെട്ട യുവകര്‍ഷകന്‍ ശുഭ്‌കരണ്‍ സിങ്ങിന്റെ കുടുംബത്തിന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ചു. കർഷകൻ്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും കൊലപാതകത്തിന് കേസെടുക്കണമെന്നും സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം) നേതാവ് ബൽബീർ സിങ് രാജേവൽ ആവശ്യപ്പെട്ടിരുന്നു.
ശംഭു അതിർത്തിയില്‍ മാർച്ച് തടയുന്നതിനായി സ്ഥാപിച്ച ബാരിക്കേഡുകള്‍ നീക്കം ചെയ്യാനുള്ള നിരന്തരമായ ശ്രമം കർഷകരുടെ ഭാഗത്തുനിന്ന് ഉണ്ടായതായി അംബാല പോലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സമാധാന അന്തരീക്ഷം ഇല്ലതാക്കിയതായും ഉദ്യോഗസ്ഥർക്കുനേരെ കല്ലെറിഞ്ഞെന്നും പൊതുസ്വത്ത് നശിപ്പിച്ചെന്നും കർഷകർക്കെതിരെ ആരോപണമുണ്ട്.
പ്രകോപനപരമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നതിനായി കർഷകർ വാട്‌സ്ആപ്, ഫെയ്‌സ്ബുക്ക്, ടെലഗ്രാം, ഇന്‍സ്റ്റഗ്രാം പോലുള്ള സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതായി പ്രസ്താവനയില്‍ പറയുന്നു. സർക്കാർ സ്വത്തുക്കള്‍ നശിപ്പിച്ചതിന് കർഷകരില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കാനുള്ള നടപടികള്‍ ഹരിയാന പോലീസ് ആരംഭിച്ചു.
അതേസമയം, ഇന്ന് നോയിഡയിലും ഗ്രേറ്റർ നോയിഡയിലും നിശ്ചയിച്ചിരുന്ന മാർച്ച് പ്രാദേശിക ഭരണകൂടവും പോലീസുമായുള്ള ചർച്ചയ്ക്കുശേഷം റദ്ദാക്കി. കർഷകരുടെ ആവശ്യങ്ങള്‍ പരിശോധിക്കുന്നതിനായി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മൂന്നംഗ സമിതിക്ക് രൂപം നല്‍കിയതിന് പിന്നാലെയാണ് മാർച്ച് റദ്ദാക്കിയത്. നോയിഡയിലെയും ഗ്രേറ്റർ നോയിഡയിലെയും സമരം ദില്ലി ചലോ മാർച്ചില്‍നിന്ന് വ്യത്യസ്തമാണ്.
കഴിഞ്ഞ ദിവസം ശംഭു അതിർത്തിയിലുണ്ടായ സംഘർഷത്തെ തുടർന്ന് ദില്ലി ചലോ മാർച്ച് രണ്ടു ദിവസത്തേക്ക് നിർത്തിവെച്ചിരിക്കുകയാണ്. പോലീസുമായുള്ള സംഘർത്തില്‍ ഒരു കർഷകന്‍ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പന്ത്രണ്ടോളം പോലീസ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റിട്ടുമുണ്ട്.
കർഷകന്റെ മരണത്തില്‍ ഇന്ന് കടുത്ത പ്രതിഷേധം രേഖപ്പെടുത്തുമെന്നാണ് സമരക്കാരുടെ പ്രഖ്യാപനം. ഇന്ന് 'കരിദിന'മായി ആചരിക്കുമെന്നും സംഭവത്തിനെതിരെ രാജ്യവ്യാപക ട്രാക്ടർ മാർച്ച് സംഘടിപ്പിക്കുമെന്നും കർഷക സംഘടനകൾ പ്രഖ്യാപിച്ചിട്ടുണ്ട്. 40 കർഷക സംഘടനകൾ ഉൾക്കൊള്ളുന്ന സംയുക്‌ത കിസാൻ മോർച്ചയാണ് ഇന്ന് കരിദിനമായി ആചരിക്കാൻ ആഹ്വാനം നൽകിയത്.
രാജ്യവ്യാപകമായി ഫെബ്രുവരി 26ന് ഹൈവേകളിൽ ട്രാക്ടർ മാർച്ച് നടത്തുമെന്നും മാർച്ച് 14ന് ഡൽഹിയിൽ മഹാപഞ്ചായത്ത് യോഗം സംഘടിപ്പിക്കുമെന്നും ചണ്ഡീഗഡിലെ മറ്റ് കർഷക സംഘടനകളുമായുള്ള യോഗത്തിനുശേഷം എസ്‌കെഎം വ്യക്തമാക്കി.