INDIA

കർഷക പ്രതിഷേധത്തിനിടെ യുവാവിന്റെ മരണം: ഹരിയാന പോലീസിനെതിരെ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകൻ

അഭിഭാഷകനായ ഹരീന്ദർ പാൽ സിങ് ആണ് പഞ്ചാബ്- ഹരിയാന ഹൈക്കോടതിയെ സമീപിച്ചത്

വെബ് ഡെസ്ക്

കർഷക പ്രതിഷേധത്തിനിടെ പോലീസ് ആക്രമണത്തിന് ഇരയായി യുവാവ് മരിച്ച സംഭവത്തിൽ ഹൈക്കോടതിയെ സമീപിച്ച് അഭിഭാഷകൻ. ഹരിയാന പോലീസിനെതിരെ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകനായ ഹരീന്ദർ പാൽ സിങ് ആണ് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയെ സമീപിച്ചത്.

കഴിഞ്ഞ ദിവസമാണ് ഖനൗരി അതിർത്തിയിൽ കർഷകരും ഹരിയാന പോലീസും തമ്മിലുള്ള സംഘർഷത്തിൽ 22 വയസുള്ള യുവാവ് മരിച്ചത്. കർഷകരുടെ മാർച്ചിലേക്ക് ഹരിയാന പോലീസും അർധസൈനീക വിഭാഗവും കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു. തുടർന്ന് ഈ പുക മറയാക്കി പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്തെന്നും ഈ ആക്രമണത്തിലാണ് ശുഭ്കർൺ സിംഗ് എന്ന യുവാവ് കൊല്ലപ്പെട്ടതെന്നുമാണ് ഹർജിയിൽ പറയുന്നത്.

കണ്ണീർ വാതക ഷെല്ലുകൾ, പെല്ലറ്റ് തോക്കുകൾ, റബ്ബർ ബുള്ളറ്റുകൾ, പോലീസ്, പാരാ മിലിട്ടറി സേനകളുടെ പക്കലുള്ള വെടിയുണ്ടകൾ എന്നിവയുടെ മുഴുവൻ വിവരങ്ങളും രേഖപ്പെടുത്താൻ കേന്ദ്രത്തിനും സംസ്ഥാനത്തിനും നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

'ഹരിയാന പോലീസും അർദ്ധ സൈനിക വിഭാഗവും പഞ്ചാബിന്റെ അധികാരപരിധിയിൽ പ്രവേശിച്ചതിന് ശേഷമാണ് പ്രതിഷേധക്കാരുടെ മേൽ അക്രമണം നടത്തിയതെന്നും ഹർജിയിൽ പറയുന്നു.

അധികാരപരിധിയുടെ വ്യാപകമായ ലംഘനങ്ങളിൽ പഞ്ചാബ് പോലീസിന്റെയും ഭരണകൂടത്തിന്റെയും മൗനവും ആശ്ചര്യകരമാണ്. പഞ്ചാബ് ഡിജിപിയോ പഞ്ചാബ് ചീഫ് സെക്രട്ടറിയോ ഇതുമായി ബന്ധപ്പെട്ട് തങ്ങളുടെ എതിർപ്പ് രേഖപ്പെടുത്തിയതായി ഇതുവരെ ഔദ്യോഗിക വിവരങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. പഞ്ചാബിലെയും പഞ്ചാബിന്റെ അധികാരപരിധിക്കുള്ളിലെയും നിവാസികൾക്ക് മേൽ ഹരിയാന അമിത ശക്തി പ്രയോഗിക്കുകയാണെന്നും ഹർജിയിൽ പറഞ്ഞു.

കേസ് പരിഗണിക്കുന്നതിനായി ഫെബ്രുവരി 29 ലേക്ക് മാറ്റി. കേസിൽ ഹർജിക്കാരന് വേണ്ടി അഭിഭാഷകനായ പ്രദീപ് കുമാർ റപ്രിയ ഹാജരായി. അതേസമയം അതിർത്തിയിൽ ഉണ്ടായ സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പോലീസ് ആക്രമണത്തിൽ കർഷകർ കൊല്ലപ്പെട്ടു എന്നത് വ്യാജ പ്രചാരണമാണ് എന്നായിരുന്നു ഹരിയാന പോലീസിന്റെ വിശദീകരണം. രണ്ടു പോലീസുകാർക്കും ഒരു കർഷകനും പരിക്കേറ്റു എന്നായിരുന്നു പോലീസ് വാദം.

അതേസമയം യുവ കർഷകന്റെ മരണത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിലേക്കുള്ള പ്രതിഷേധ യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവയ്ക്കുന്നതായി സംഘടനകൾ അറിയിച്ചു. വെള്ളിയാഴ്ച മാർച്ച് വീണ്ടും തുടങ്ങും.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍