INDIA

അവിടെ ചര്‍ച്ച, ഇവിടെ തല്ല്; കര്‍ഷകര്‍ക്ക് നേരെ വീണ്ടും കണ്ണീര്‍വാതകം പ്രയോഗിച്ച് പോലീസ്

വെബ് ഡെസ്ക്

കര്‍ഷക സമരം അവസാനിപ്പിക്കാനായി സമരസമിതി നേതാക്കളുമായി മന്ത്രിതല ചര്‍ച്ച നടക്കുന്നതിനിടെ, ഹരിയാന അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്ന കര്‍ഷകര്‍ക്ക് നേരെ വീണ്ടും കണ്ണീര്‍വാതകം പ്രയോഗിച്ച് പോലീസ്. രാത്രി ഏഴുമണിയോടെയാണ് ശംഭു അതിര്‍ത്തിയില്‍ പോലീസും സമരക്കാരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടലുണ്ടായത്.

ഹരിയാനയിലെ ഏഴ് ജില്ലകളില്‍ ഏര്‍പ്പെടുത്തിയിരുന്ന ഇന്റര്‍നെറ്റ് നിരോധനം വീണ്ടും നീട്ടി. ഫെബ്രുവരി 17 വരെയാണ് നിരോധനം നീട്ടിയിരിക്കുന്നത്. അംബാല, കുരുക്ഷേത്ര, കൈതാല്‍, ഹിസാര്‍, ഫതേഹാബാദ്, സിന്ധ്, സിര്‍സ ജില്ലകളിലാണ് നിരോധനം നീട്ടിയിരിക്കുന്നത്.

അതേസമയം, ചണ്ഡീഗഡില്‍ കേന്ദ്രമന്ത്രിമാരും കര്‍ഷക നേതാക്കളും തമ്മിലുള്ള ചര്‍ച്ച ആരംഭിച്ചു. സംയുക്ത കിസാന്‍ മോര്‍ച്ച (രാഷ്ട്രീയേതര വിഭാഗം) നേതാവ് ജഗ്ജിത് സിങ് ദല്ലേവാള്‍, കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി നേതാവ് സര്‍വാന്‍ സിങ് പംദേര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കര്‍ഷക സംഘടന നേതാക്കള്‍ ചര്‍ച്ചയ്ക്ക് എത്തിയിരിക്കുന്നത്.

കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയല്‍, അര്‍ജുന്‍ മുണ്ട, നിത്യാനന്ത റായ് എന്നിവരാണ് കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിച്ച് എത്തിയിരിക്കുന്നത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ചര്‍ച്ചയ്ക്കായി എത്തിയിട്ടുണ്ട്. ഡല്‍ഹിയില്‍ വെച്ച് ചര്‍ച്ച നടത്താതെ, ചണ്ഡീഗഡില്‍ എത്തി കര്‍ഷകരുമായി ആശയവിനിമയം നടത്താനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്.

അതേസമയം, ചര്‍ച്ച നടക്കുന്നതിനിടെ, കര്‍ഷക സമരത്തിന് എതിരെ വിമര്‍ശനവുമായി കേന്ദ്ര കാര്‍ഷിക സഹമന്ത്രി ശോഭ കരന്തലജെ രംഗത്തെത്തി. സമരം രാഷ്ട്രീയ പ്രേരിതമാണെന്ന് അവര്‍ ആരോപിച്ചു. കര്‍ഷകര്‍ക്ക് വേണ്ടി 207 നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ച എംഎസ് സ്വാമിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് യുപിഎ സര്‍ക്കാര്‍ കോള്‍ഡ് സ്‌റ്റോറേജില്‍ വെച്ചിരുന്നതാണ്. ഈ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് മോദി സര്‍ക്കാര്‍ ആണെന്നും അവര്‍ പറഞ്ഞു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും