INDIA

യുവ കർഷകൻ വെടിയേറ്റ് മരിച്ച സംഭവം; ഇന്ന് 'കറുത്തവെള്ളി' ആചരിക്കാൻ സമരക്കാർ, ഫെബ്രുവരി 26ന് രാജ്യവ്യാപക ട്രാക്ടർ മാർച്ച്

വെബ് ഡെസ്ക്

യുവ കർഷകൻ വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി കർഷകർ. ഇന്ന് 'കരിദിന'മായി ആചരിക്കുമെന്നും സംഭവത്തിനെതിരെ രാജ്യവ്യാപക ട്രാക്ടർ മാർച്ച് സംഘടിപ്പിക്കുമെന്നും കർഷക സംഘടനകൾ പ്രഖ്യാപിച്ചു. 40 കർഷക സംഘടനകൾ ഉൾക്കൊള്ളുന്ന സംയുക്‌ത കിസാൻ മോർച്ചയാണ് ഇന്ന് കരിദിനമായി ആചരിക്കാൻ ആഹ്വാനം നൽകിയത്. ഖനൗരി അതിർത്തിയിലുണ്ടായ പ്രതിഷേധത്തിനിടെ പോലീസ് ആക്രമണത്തിന് ഇരയായി യുവാവ് മരിച്ച സംഭവത്തിൽ കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്യണമെന്നും മരണപ്പെട്ട കർഷകൻ്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് സംയുക്‌ത കിസാൻ മോർച്ചയുടെ (എസ്‌കെഎം) ആവശ്യം.

രാജ്യവ്യാപകമായി ഫെബ്രുവരി 26ന് ഹൈവേകളിൽ ട്രാക്ടർ മാർച്ച് നടത്തുമെന്നും മാർച്ച് 14ന് ഡൽഹിയിൽ മഹാപഞ്ചായത്ത് യോഗം സംഘടിപ്പിക്കുമെന്നും ചണ്ഡീഗഡിലെ മറ്റ് കർഷക സംഘടനകളുമായുള്ള യോഗത്തിനുശേഷം എസ്‌കെഎം വ്യക്തമാക്കി. കർഷകര്‍ക്കെതിരെ നടത്തിയ പോലീസ് നടപടിയെ അപലപിച്ച് കരിദിനാചരണത്തിന്റെ ഭാഗമായി ഹരിയാനയിലെ ആഭ്യന്തര മന്ത്രി അനിൽ വിജിൻ്റെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും കോലം കത്തിച്ച് പ്രതിഷേധിക്കും. സമരത്തിൽ മരണപ്പെട്ട കർഷകൻ്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും സംഭവത്തിൽ കൊലപാതകത്തിന് കേസെടുക്കണമെന്നും എസ്‌കെഎം നേതാവ് ബൽബീർ സിങ് രാജേവൽ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് ഖനൗരി അതിർത്തിയിൽ കർഷകരും ഹരിയാന പോലീസും തമ്മിലുള്ള സംഘർഷത്തിൽ 22 വയസുള്ള ശുഭ്‌കരൺ സിങ് എന്ന കർഷകൻ മരിച്ചത്. സംഗ്രൂർ - ജിന്ദ് അതിർത്തിയിലെ ഖനൗരിയിലുള്ള ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴേക്കും കർഷകൻ മരിച്ചിരുന്നതായാണ് റിപ്പോർട്ട്. കർഷകരുടെ മാർച്ചിലേക്ക് ഹരിയാന പോലീസും അർധസൈനിക വിഭാഗവും കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു. തുടർന്ന് ഈ പുക മറയാക്കി പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്തെന്നും ഈ ആക്രമണത്തിലാണ് ശുഭ്കരൺ സിങ് കൊല്ലപ്പെട്ടതെന്നുമാണ് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നത്.

എന്നാൽ പോലീസ് ആക്രമണത്തിൽ കർഷകർ കൊല്ലപ്പെട്ടു എന്നത് വ്യാജ പ്രചാരണമാണെന്നായിരുന്നു ഹരിയാന പോലീസ് നൽകിയ വിശദീകരണം. 12 പോലീസുകാർക്കും ഒരു കർഷകനും പരുക്കേറ്റു എന്നാണ് ഹരിയാന പോലീസ് അറിയിച്ചത്. കർഷകൻ്റെ മരണത്തെത്തുടർന്ന് ഡല്‍ഹിയിലേക്കുള്ള 'ദില്ലി ചലോ' പ്രതിഷേധം രണ്ട് ദിവസത്തേക്ക് നിര്‍ത്തിവയ്ക്കുന്നതായി കർഷക സംഘടനകള്‍ അറിയിച്ചിരുന്നു. മാര്‍ച്ച് നാളെ വീണ്ടും പുനഃരാരംഭിക്കും.

നാലാം ഘട്ട ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ പോലീസിന്റെ നീക്കങ്ങളെ നേരിടാൻ പോലീസ് ബാരിക്കേഡുകൾ മറികടക്കാൻ മണ്ണുമാന്തി യന്ത്രങ്ങൾ, പരിഷ്കരിച്ച ട്രാക്ടറുകൾ ഉൾപ്പടെയുള്ള സജ്ജീകരണങ്ങളുമായാണ് കർഷകർ വീണ്ടും പ്രതിഷേധ യാത്ര ആരംഭിച്ചത്. പഞ്ചാബ്-ഹരിയാന അതിർത്തിയില്‍ പതിനാലായിരത്തോളം കർഷകരാണ് സമരത്തിനായി എത്തിച്ചേർന്നത്.

വിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കുന്നതിനുള്ള നിയമം പാസാക്കുക, സ്വാമിനാഥന്‍ കമ്മീഷനിലെ നിര്‍ദേശങ്ങളായ കാര്‍ഷിക പെന്‍ഷന്‍ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ നടപ്പാക്കുക, കര്‍ഷക സമരത്തില്‍ പങ്കെടുത്ത കര്‍ഷകര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കുക, ലഖിംപൂര്‍ ഖേരിയില്‍ കൊല്ലപ്പെട്ടവര്‍ക്ക് നീതി നടപ്പിലാക്കുക, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, സ്വതന്ത്രവ്യാപാര കരാറുകള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷക സംഘടനകള്‍ ഡൽഹിയിലേക്ക് സമരത്തിനിറങ്ങിയത്.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം