തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു, ആഭ്യന്തര മന്ത്രി അമിത് ഷാ  
INDIA

ഹൈദരാബാദ് ലയനത്തെ ചൊല്ലി കെസിആര്‍-അമിത് ഷാ വാക്‌പോര്: വിധ്വംസക ശക്തികൾ അശാന്തി സൃഷ്ടിക്കുന്നെന്ന് തെലങ്കാന മുഖ്യമന്ത്രി

വെബ് ഡെസ്ക്

ഹൈദരാബാദ് ഇന്ത്യൻ യൂണിയനിൽ ലയിച്ചതിന്റെ 75-ാം വാർഷിക ദിനത്തിൽ വാദപ്രതിവാദങ്ങളുമായി ആഭ്യന്തര മന്ത്രി അമിത് ഷായും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവും. ഹൈദരാബാദിന്റെ ലയനവാർഷികാഘോഷം സംബന്ധിച്ച് ഇരുവർക്കും രണ്ട് അഭിപ്രായങ്ങളായിരുന്നു. തെലങ്കാന ദേശീയോദ്ഗ്രഥന ദിനമെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചപ്പോൾ ഹൈദരാബാദിന്റെ വിമോചന ദിനമാണിതെന്നായിരുന്നു അമിത് ഷായുടെ വ്യാഖ്യാനം. അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് രണ്ടുപേരും വ്യത്യസ്ത പരിപാടികളിലാണ് പങ്കെടുത്തത്.

ഹൈദരാബാദ് പരേഡ് ഗ്രൗണ്ടിൽ കേന്ദ്ര ടൂറിസം, സാംസ്കാരിക മന്ത്രാലയം സംഘടിപ്പിച്ച ചടങ്ങിലാണ് അമിത് ഷാ പങ്കെടുത്തത്. സർദാർ വല്ലഭായ് പട്ടേൽ ഇല്ലായിരുന്നുവെങ്കിൽ, നൈസാമിന്റെ പഴയ നാട്ടുരാജ്യത്തെ മോചിപ്പിക്കാൻ ഇനിയും വർഷങ്ങൾ എടുക്കുമായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു. പരിപാടിയിലേക്ക് ചന്ദ്രശേഖർ റാവുവിന് ക്ഷണം ഉണ്ടായിരുന്നെങ്കിലും അദ്ദേഹം വിട്ടുനിന്നു.

ഷായുടെ പരിപാടി നടന്നതിന് ഏതാനും കിലോമീറ്ററുകൾ അകലെയുള്ള പബ്ലിക് ഗാർഡനിലാണ് കെസിആർ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. ചരിത്രത്തെ വളച്ചൊടിക്കാനുള്ള ഗൂഢാലോചന നടക്കുന്നുണ്ട്. അതിനെതിരെ ജാഗ്രത പാലിക്കണം. "സംസ്ഥാനത്ത് കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്ന വർഗീയ ശക്തികൾക്കെതിരെ പോരാടണം" ചന്ദ്രശേഖർ റാവു ജനങ്ങളോട് പറഞ്ഞു. രാഷ്ട്രീയ നേട്ടങ്ങൾക്കായി സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമം നടത്തുകയാണ്. വിധ്വംസക ശക്തികൾ അശാന്തി സൃഷ്ടിക്കുകയാണെന്നും സെപ്റ്റംബർ 17ന്റെ പ്രാധാന്യത്തെ വളച്ചൊടിക്കുകയാണെന്നും കെസിആർ പറഞ്ഞു.

അതേസമയം, ഹൈദരാബാദിന് വിമോചനം ലഭിച്ചത് സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ആഘോഷിക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടതായി അമിത് ഷാ പറഞ്ഞു. എന്നാൽ വോട്ട് ബാങ്ക് നഷ്ടപ്പെടുമോ എന്ന ഭയം കാരണം ആഘോഷിക്കാൻ സർക്കാർ ധൈര്യപ്പെടുന്നില്ല. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് പല വാഗ്ദാനങ്ങളും നൽകിയിരുന്നു. എന്നാൽ അധികാരത്തിലെത്തിയ ഉടൻ റസാക്കറെ (നൈസാമിന്റെ കാലത്ത് സജീവമായിരുന്ന മുസ്ലീം അർദ്ധസൈനിക സന്നദ്ധ സേന) ഭയന്ന് അവർ പിൻവാങ്ങിയെന്നും അമിത് ഷാ പറഞ്ഞു.

“ഇന്ന് ഒരു ചരിത്ര ദിനമാണ്. 1947 ഓഗസ്റ്റ് 15ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയെങ്കിലും ഹൈദരാബാദ് നൈസാമിന്റെ കീഴിൽ തുടർന്നു. അടുത്ത 13 മാസക്കാലം ഹൈദരാബാദ് സംസ്ഥാനത്തെ ജനങ്ങൾ റസാക്കറുകളാൽ ഭീതിയിലായി. ഈ ദിനത്തിൽ സർദാർ വല്ലഭായ് പട്ടേൽ വഹിച്ച പങ്ക് നാം ഓർക്കണം. സർദാർ പട്ടേലില്ലായിരുന്നുവെങ്കിൽ ഹൈദരാബാദിന് മോചനം ലഭിക്കാൻ വർഷങ്ങളെടുക്കുമായിരുന്നു. ‘പോലീസ് നടപടി’യിലൂടെ നൈസാമിന്റെ സൈന്യത്തെയും റസാക്കർമാരെയും പരാജയപ്പെടുത്തിയത് സർദാർ പട്ടേലാണ്" അമിത് ഷാ പറഞ്ഞു. കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, കർണാടക ഗതാഗത മന്ത്രി ബി ശ്രീരാമുലു എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും