INDIA

തുടർച്ചയായ മൂന്നാം ദിവസവും സൈന്യവും അക്രമികളും ഏറ്റുമുട്ടി; കലാപത്തിന് ശമനമില്ലാതെ മണിപ്പൂർ

വെബ് ഡെസ്ക്

മണിപ്പൂരിൽ സുരക്ഷാ സേനയും കലാപകാരികളും തമ്മിൽ തുടർച്ചയായ മൂന്നാം ദിനവും വെടിവയ്പ്പ്. കിഴക്കൻ ഇംഫാൽ, കാങ്‌പോക്പി ജില്ലകളിലാണ് വെടിവയ്പ്പ് കനക്കുന്നത്. ബിഎസ്എഫിന്റെയും സൈന്യത്തിന്റെയും സംയുക്ത പട്രോളിങ് ടീമും തിരിച്ചറിഞ്ഞിട്ടില്ലാത്ത കലാപകാരികളുടെ സംഘവും തമ്മിൽ തുടർച്ചയായി ഏറ്റുമുട്ടുകയാണ്.

കിഴക്കൻ ഇംഫാലിലെ ഉറങ്പട്, കാങ്‌പോക്പിയിലെ യായിൻഗാങ്പൊക്പി ജില്ലകളിലായിരുന്നു വെള്ളിയാഴ്ച ഏറ്റുമുട്ടൽ ഉണ്ടായത്. ഒരു കൂട്ടം ആയുധധാരികളായ അക്രമകാരികൾ ഉറങ്പട്, ഗ്വാൽടാബി ഗ്രാമങ്ങൾ ലക്ഷ്യമാക്കി നുഴഞ്ഞ് കയറുകയായിരുന്നു. ഇവർ ഗ്രാമീണ മേഖലകളിൽ വിന്യസിച്ചിരുന്ന സൈനികർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. സൈന്യവും ശക്തമായി തിരിച്ചതോടെ ഏറ്റുമുട്ടൽ കനത്തുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഒരു മണിക്കൂറോളം ഏറ്റുമുട്ടൽ നീണ്ടുനിന്നു. തുടർച്ചയായ ആക്രമണങ്ങളെ തുടർന്ന് മേഖലയിലെ രണ്ട് ഗ്രാമങ്ങളിൽ നിന്നുള്ള താമസക്കാർ ദിവസങ്ങൾ മുൻപ് തന്നെ മറ്റിടങ്ങളിലേക്ക് മാറിയിരുന്നതിനാൽ ആളപായങ്ങളൊന്നും ഉണ്ടായില്ല.

കിഴക്കൻ ഇംഫാലിൽ വെടിവയ്പ്പ് നടന്നുകൊണ്ടിരിക്കെയായിരുന്നു കാങ്‌പോക്പി ജില്ലയിലും ഏറ്റുമുട്ടൽ ഉണ്ടായത്. പ്രശ്‌നബാധിത മേഖലയിൽ സൈന്യത്തെ കൂടുതലായി വിന്യസിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഒരു വിഭാഗം സ്ത്രീകളുടെ നേതൃത്വത്തിൽ ഈ നീക്കങ്ങൾ തടയുകയാണ്. യായിൻഗാങ്പൊക്പി, സെയ്‌ജാങ് പ്രദേശങ്ങളിലേക്ക് അധിക സുരക്ഷാ സേനയെത്തുന്നതിനെതിരെ പ്രതിഷേധവുമായി സ്ത്രീകൾ രംഗത്തെത്തിയിരുന്നു. സൈനികരുമായെത്തുന്ന വണ്ടികളെ തടയുകയും ചെയ്തു. ഇത് പെട്ടെന്ന് തിരിച്ചടിക്കുന്നതിൽ സൈന്യത്തിന് വെല്ലുവിളിയാണ്.

മണിപ്പൂരിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഇന്ന് ഡൽഹിയിൽ സർവകക്ഷിയോഗം ചേരും. ഉച്ചകഴിഞ്ഞ് മൂന്നിനാണ് യോഗം. കലാപം നിയന്ത്രണവിധേയമാകാത്തതിനാൽ കഴിഞ്ഞ അൻപതിലധികം ദിവസങ്ങളായി മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനമാണ്. ജൂൺ 25 വരെയാണ് നിലവിൽ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

അക്രമത്തിനിരയായ നൂറിലധികം ഗോത്രവർഗക്കാരുടെ മൃതദേഹങ്ങൾ മോർച്ചറികളിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇവ ശരിയായ രീതിയിൽ സംസ്കരിക്കണമെന്ന് ആവശ്യപ്പെട്ട് മണിപ്പൂരിലെ 13 ഗോത്ര വിദ്യാർത്ഥി ഗ്രൂപ്പുകളുടെ കൂട്ടായ്മ ശനിയാഴ്ച സംഘർഷബാധിതമായ ചുരാചന്ദ്പൂർ ജില്ലയിലെ ലംകയിൽ പ്രതിഷേധ മാർച്ച് നടത്തും. ശവപ്പെട്ടികൾ ചുമന്നുകൊണ്ടുള്ള സമാധാനപരമായ റാലി നടത്തുമെന്നാണ് പ്രഖ്യാപനം. മെയ് മൂന്നിന് വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിനുശേഷം സംസ്ഥാനത്തെ നിരവധി ആശുപത്രികളിൽ മൃതദേഹങ്ങൾ കെട്ടിക്കടക്കുകയാണ്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും