മഹാരാഷ്ട്ര നിയമസഭയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വാശിയേറിയ തിരഞ്ഞെടുപ്പാണ് നാളെ നടക്കാനിരിക്കുന്നത്. മത്സരം രണ്ട് മുന്നണിയുടെ ബാനറിലാണെങ്കിലും നാല് പ്രമുഖ പാർട്ടികളാണ് മാറ്റുരക്കുന്നത്. ബി ജെ പിക്കും കോൺഗ്രസിനും പുറമെ രണ്ടായിപ്പിളർന്ന ശിവസേന, നാഷണൽ കോൺഗ്രസ് പാർട്ടികളും തമ്മിൽ. ഇതിൽ പിളർന്ന (ബിജെപി പിളർത്തിയ) ശിവസേന, എൻസിപി പാർട്ടികൾക്ക് ഇത് കണക്ക് തീർക്കാനുള്ള അവസരം കൂടിയാണ്. ലോക്സഭ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിന്റെ നേരിയ ആധിപത്യം മഹാവികാസ് അഘാഡിയുടെ ബാനറിൽ മത്സരിക്കുന്ന കോൺഗ്രസ്, ശിവസേന (ഉദ്ധവ് താക്കറെ), എൻസിപി (ശരദ് പവാർ) വിഭാഗത്തിനുണ്ട്. എന്നാൽ ഇവരിൽ പിളർന്ന പാർട്ടികളെ മാറ്റി നിർത്തിയാൽ കണക്കിലെ ആധിപത്യം ബി ജെ പിക്ക് അനുകൂലമാണ്.
ലോക്സഭയിലെ തിരിച്ചടി താത്ക്കാലികം മാത്രമായിരുന്നുവെന്ന് തെളിയിക്കാൻ ബി ജെ പിക്കു കീഴിൽ മഹായുതി ഇറങ്ങുമ്പോൾ നിയമസഭ തിരഞ്ഞെടുപ്പിന്റെ ട്രെയിലർ മാത്രമായിരുന്നു ലോക്സഭയിൽ കണ്ടതെന്ന് തെളിയിക്കാൻ മഹാ വികാസ് അഘാഡിയും ആവനാഴിയിലെ എല്ലാ ആയുധവും പുറത്തെടുത്താണ് പോരാടുന്നത്.
മുന്നണികൾ തമ്മിലാണ് പോരടിക്കുന്നതെങ്കിൽ കൂടി കളത്തിലെ സ്ഥിതി അങ്ങനെയല്ല. പിളർന്ന (പിളർത്തപ്പെട്ട) പാർട്ടികളുടെ രണ്ട് പക്ഷങ്ങൾക്കിടെയാണ് വാശിയേറിയ പോരാട്ടം. ബാൽതാക്കറെ രൂപം കൊടുത്ത ശിവസേനയെ ബിജെപി ഏകനാഥ് ഷിൻഡെയെ മുന്നിൽ നിർത്തി പിളർത്തിയത് മുഖ്യമന്ത്രി പദം ഓഫർ ചെയ്താണ്. ഭൂരിപക്ഷം നേതാക്കളെയും കൂട്ടി ഷിൻഡെ ബിജെപിക്കൊപ്പം പോയതോടെയാണ് മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സർക്കാർ വീണത്. പിന്നാലെ യഥാർത്ഥ ശിവസേന ഏകനാഥ് ഷിൻഡെ പക്ഷത്തിൻറേതാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനും വിധിച്ചു. അതോടെ ഉദ്ധവ് താക്കറെ നേതൃത്വം കൊടുത്ത ശിവസേനയ്ക്കു പാർട്ടി ചിഹ്നവും നഷ്ടമായി. സമാനമായ രീതിയിലാണ് എൻസിപിയെയും ബിജെപി പിളർത്തിയത്. അജിത് പവാറിനെതിരെയുള്ള കേസുകൾ ഒതുക്കിക്കൊടുത്തും ഉപമുഖ്യമന്ത്രിപദം നൽകിയും മഹായുതിയിലേക്ക് എത്തിച്ചു. സർക്കാരിൻറെ അടിത്തറ ഉറപ്പിച്ചു. പിന്നാലെ ഔദ്യോഗിക പാർട്ടി പദവിയും ചിഹ്നവും ശരദ് പവാറിനും നഷ്ടമായി.
ഈ പിളർന്ന പാർട്ടികൾ തമ്മിലാണ് ഇത്തവണ തീപാറുന്ന പോരാട്ടം നടക്കുന്നത്. ശിവസേനകൾ തമ്മിൽ 50 മണ്ഡലങ്ങളിലും എൻസിപി പക്ഷങ്ങൾ തമ്മിൽ 37 ഇടങ്ങളിലും നേർക്കുനേർ പോരാടുന്നു. കൊങ്കൺ, മറാത്തവാഡ മേഖലയിലാണ് മുഖ്യമായും ഇരുപക്ഷവും തമ്മിലുള്ള പോരാട്ടം നടക്കുന്നത്. കൊങ്കണിൽ 26 ഇടത്തും മറാത്തവാഡ മേഖലയിൽ 10 ഇടത്തും നേരിട്ട് ഏറ്റുമുട്ടുന്നു. മറാത്തകൾക്കു സ്വാധീനം ഏറെയുള്ള മേഖലകളിലെ പോരാട്ടം ഇരുപക്ഷത്തിനും നിർണായകമാണ്. നേതാക്കൾ ഏറെയുള്ള ഷിൻഡെയ്ക്കൊപ്പമാണോ അണികൾ എന്ന വിധിയെഴുത്തുകൂടിയാവും നിയമസഭയിലേക്ക് ഇരുകക്ഷികളും തമ്മിലുള്ള മത്സരം. മറാത്ത സംവരണ പ്രക്ഷോഭത്തിന്റെ പേരിൽ പ്രതിസന്ധിയിലായ മഹായുതി സർക്കാരിൻറെ ഭാഗമായ ഷിൻഡെ പക്ഷത്തിനാണ് മത്സരത്തിൽ നെഞ്ചിടിപ്പ് കൂടുതൽ. ഇതിനുപുറമെ ഖന്ദേശ്, വിദർഭ മേഖലകളിലെ അഞ്ചുവീതവും പടിഞ്ഞാറൻ മഹാരാഷ്ട്ര മേഖലയിലെ നാല് മണ്ഡലങ്ങളിലുമാണ് ശിവസേനകൾ പരസ്പരം മത്സരിക്കുന്നത്. തീപാറുന്ന പ്രചാരണമാണ് ഇരുപക്ഷവും നടത്തിയത്. തങ്ങളെ വഞ്ചിച്ച് ഷിൻഡെ അധികാരത്തിനായി പാർട്ടി പിളർത്തിയെന്ന് ഉദ്ധവ് പക്ഷം വാദിക്കുമ്പോൾ സംസ്ഥാനത്തിന്റെ വികസനത്തിന് വേറെ വഴിയില്ലായിരുന്നുവെന്നാണ് ഷിൻഡെയുടെ മറുവാദം. സഹതാപതരംഗം ആഞ്ഞടിച്ചാൽ അത് ഉദ്ധവിന് തന്നെ ലോക്സഭയിലേതുപോലെ നേട്ടം സമ്മാനിക്കും. മറിച്ചായാൽ ഉദ്ധവിൻറെ രാഷ്ട്രീയഭാവി തന്നെ ചോദ്യചിഹ്നത്തിലാവും.
മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ ചാണക്യനായ ശരദ് പവാറിനും ഏറെ നിർണായകമാണ് തിരഞ്ഞെടുപ്പ്. തന്നെ രണ്ടു തവണ വഞ്ചിച്ച് പാർട്ടിയെ പ്രതിസന്ധിയിലാക്കിയ അനന്തരവനോട് പകരം ചോദിക്കാനുള്ള അവസരംകൂടിയാണ് ശരദ് പവാറിനിത്. ലോക്സഭ തിരഞ്ഞെടുപ്പിൽ വലിയ നേട്ടമുണ്ടാക്കി അജിത് പവാർ പക്ഷത്തിനു ശക്തമായ മറുപടി നൽകിയ ശരദ് പവാർ അണികൾ തങ്ങൾക്കൊപ്പമാണെന്ന് തെളിയിച്ചിരുന്നു. എന്നാലത് താൽക്കാലികം മാത്രമായിരുന്നില്ലെന്ന് തെളിയിക്കേണ്ടതു ശരദ് പവാറിന് അത്യാവശ്യമാണ്. പടിഞ്ഞാറൻ മഹാരാഷ്ട്രയിലാണ് ഇരുവരും പരസ്പരം മത്സരിക്കുന്ന ഏറ്റവും കൂടുതൽ മണ്ഡലങ്ങളുള്ളത്. 16 മണ്ഡലങ്ങളിലാണ് ഇരുവിഭാഗവും നേരിട്ട് പോരാടുന്നത്. ഖന്ദേശ് മേഖലയിലെ എഴ്, മറാത്തവാഡയിലെ ആറ്, കൊങ്കൺ മേഖലയിലെ അഞ്ച്, വിദർഭയിലെ മൂന്ന് മണ്ഡലങ്ങളിലാണ് എൻസിപി വിഭാഗങ്ങൾ തമ്മിലുള്ള നേരിട്ടുള്ള മത്സരം.
ഈ പാർട്ടികൾക്കിടയിലെ പോരാട്ടം തന്നെയാണ് ഇത്തവണത്തെ മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൻറെ ഫലം നിർണയിക്കുക. ബിജെപിയും കോൺഗ്രസും തമ്മിൽ നേർക്കുനേർ പോരാടുന്ന 73 മണ്ഡലങ്ങളുണ്ടെങ്കിലും വാശിയും വീറും ഏറെയുള്ളത് പിളർന്ന ഘടകകക്ഷികൾ നേരിട്ട് മത്സരിക്കുന്ന മണ്ഡലങ്ങളിലാണ്.
നിയമസഭ തിരഞ്ഞെടുപ്പുകളുടെ ചരിത്രം പരിശോധിച്ചാൽ കണക്കുകളിലെ മുൻതൂക്കം ബി ജെ പിക്കാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ സ്ട്രൈക്ക് റേറ്റ് അടിസ്ഥാനപ്പെടുത്തി നോക്കുമ്പോൾ ഏറ്റവും കൂടുതൽ ബിജെപിക്കാണ്. മത്സരിച്ച 164 മണ്ഡലങ്ങളിൽ 64 ശതമാനമായിരുന്നു ബി ജെ പിയുടെ സ്ട്രൈക്ക് റേറ്റ്. 147 മണ്ഡലങ്ങളിൽ മത്സരിച്ച കോൺഗ്രസിന് 30 ശതമാനവും. തുടർച്ചയായി വിജയിച്ചുകയറുന്ന മണ്ഡലങ്ങളുടെ എണ്ണത്തിലും ബിജെപിക്കാണ് മേൽക്കൈ. കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളും തുടർച്ചയായി വിജയിച്ച 24 മണ്ഡലങ്ങളാണ് ബി ജെ പിക്കുള്ളത്. തുടർച്ചയായി രണ്ട് തിരഞ്ഞെടുപ്പുകൾ വിജയിച്ച 77 മണ്ഡലങ്ങളും ബിജെപിക്കുണ്ട്. കോൺഗ്രസിന് ഇത് യഥാക്രമം 18 ഉം 26 ഉം മാത്രമാണ്. പിളർന്നിട്ടില്ലാത്ത എൻസിപിക്ക് ഇത് 16 ഉം 28 ഉം ആയിരുന്നു. ശിവസേനയ്ക്ക് യഥാക്രമം 12, 38 മണ്ഡലങ്ങളും കുത്തകയായി അവകാശപ്പെടാനുണ്ട്.
ഇതെല്ലാം കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പ് ഫലം മാറ്റിവെച്ചുള്ള കണക്കിലെ കളികളാണ്. ലോകസ്ഭ തിരഞ്ഞെടുപ്പിൽ നേട്ടം മഹാവികാസ് അഘാഡിക്കായിരുന്നു. എൻസിപിയും ശിവസേനയും പിളർന്നശേഷം നടന്ന ആദ്യതിരഞ്ഞെടുപ്പായിരുന്നു ലോക്‌സഭയിലേത്. അതിനാൽ മുൻ നിയമസഭ തിരഞ്ഞെടുപ്പുകളിലെ കണക്കുകൾ അടിസ്ഥാനപ്പെടുത്തി ഒന്നും പറയാനാവില്ല. എല്ലാത്തിനുമുള്ള മറുപടി നവംബർ 20 ന് ബൂത്തിലേക്ക് നടക്കുന്ന വോട്ടർമാരുടെ വിരൽതുമ്പിലാണ്. അതുകഴിഞ്ഞ് 23 വരെ കാത്തിരിക്കണം മഹായുദ്ധത്തിലെ അന്തിമവിജയം ആർക്കൊപ്പമാണെന്ന് അറിയാൻ.