'ആദിപുരുഷ്' ചിത്രത്തിന്റെ നിർമാതാക്കളെ നിശിതമായി വിമർശിച്ച് അലഹബാദ് ഹൈക്കോടതി. വിശുദ്ധഗ്രന്ഥങ്ങളായ രാമായണം, ഖുറാൻ, ബൈബിൾ തുടങ്ങിയവയെ അടിസ്ഥാനമാക്കി മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ എന്തിനാണ് സിനിമകൾ നിർമിക്കുന്നതെന്ന് അലഹാബാദ് ഹൈക്കോടതി ലഖ്‌നൗ ബെഞ്ച് ചോദിച്ചു. രാമായണത്തിലെ കഥാപാത്രങ്ങളെ മോശമായി ചിത്രീകരിച്ച 'ആദിപുരുഷ്' നിരോധിക്കണമെന്ന ഹർജി പരിഗണിക്കവെയായിരുന്നു ജസ്റ്റിസുമാരായ രാജേഷ് സിങ് ചൗഹാന്‍, ശ്രീപ്രകാശ് സിങ് എന്നിവരടങ്ങിയ ബെഞ്ചിന്റെ പരാമർശം.
ഹർജിയിലെ സാഹചര്യത്തെ ഖുറാനുമായി താരതമ്യപ്പെടുത്തി കോടതി പരാമർശം നടത്തി. ''തെറ്റായ കാര്യങ്ങളുൾപ്പെടുത്തി ഖുറാനെ കുറിച്ച് ഒരു ചെറിയ ഡോക്യുമെന്ററിയെങ്കിലും നിർമിച്ചാൽ എന്ത് കോളിളക്കമാകും ഉണ്ടാകാൻ പോകുന്നതെന്ന് നിങ്ങൾക്ക് കാണാം'' - ജസ്റ്റിസ് രാജേഷ് സിങ് ചൗഹാന്‍ പറഞ്ഞു. ആദിപുരുഷിലെ മണ്ടത്തരങ്ങൾ സമൂഹത്തിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാത്തത് ഹിന്ദുക്കളുടെ സഹിഷ്ണുതകൊണ്ട് മാത്രമാണെന്നും കോടതി നിരീക്ഷിച്ചു. '' ചിത്രത്തിൽ പരമശിവൻ ത്രിശൂലവുമായി ഓടുന്ന സീനുകളുണ്ട്. ശ്രീരാമനെയും രാമായണത്തിലെ മറ്റ് കഥാപാത്രങ്ങളെയും വളരെ മോശമായ രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. എന്നിട്ട് പറയുന്നത് രാമായണത്തെ നേരിട്ട് സിനിമയാക്കിയതല്ലെന്ന മുന്നറിയിപ്പ് നൽകിയിരുന്നുവെന്നാണ്. രാജ്യത്തെ ജനങ്ങൾ മണ്ടന്മാരാണെന്നാണോ കരുതിയത്? '' - കോടതി ചോദിച്ചു.
കോടതിക്ക് മതപരമായ ചായ്‌വില്ലെന്നും ഖുറാനെയോ ബൈബിളിനെയോ സംബന്ധിച്ച് ഒരു ഹർജി വന്നിരുന്നെങ്കിൽ കടുത്ത നിലപാട് തന്നെ സ്വീകരിക്കുമെന്നും ബെഞ്ച് വ്യകതമാക്കി.
ശ്രീരാമന്റെയും രാമായണത്തിലെ മറ്റ് കഥാപാത്രങ്ങളുടേയും വസ്ത്രധാരത്തിന് ഒരു പ്രത്യേക സ്വഭാവമുണ്ടെന്ന് സ്ഥാപിക്കാവുന്ന ഗ്രന്ഥങ്ങളോ മറ്റ് മാതൃകകളോ മുന്നിലുണ്ടായിരുന്നില്ലെന്ന് ചിത്രത്തിന്റെ നിർമാതാക്കൾ കോടതിയെ അറിയിച്ചു. ഇന്ത്യൻ ഭരണഘടനയുടെ യഥാർഥ പകർപ്പിൽ രാമനും സീതയുമെല്ലാം മാന്യമായ വസ്ത്രം ധരിച്ചതിന്റെ വരകളുണ്ടെന്ന് കോടതി മറുപടി നൽകി. മാന്യമായി വസ്ത്രം ധരിക്കാത്ത ദൈവങ്ങളുടെ ചിത്രങ്ങൾ പൂജാമുറിയിൽ വയ്ക്കുമോ എന്നും കോടതി ചോദിച്ചു.
ജൂൺ 27ന് ഹർജി പരിഗണിക്കവെ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിൽനിന്നും സെൻസർ ബോർഡിൽ നിന്നും പൂർണ വിവരങ്ങൾ ശേഖരിക്കണമെന്ന് ഡെപ്യൂട്ടി സോളിസിറ്റർ ജനറലിനോട് കോടതി നിർദേശിച്ചിരുന്നു. അഞ്ച് വിദഗ്ധ അംഗങ്ങളടങ്ങിയ ബോർഡാണ് ചിത്രത്തിന് സർട്ടിഫിക്കറ്റ് നൽകിയതെന്ന് ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ ബുധനാഴ്ച കോടതിയെ അറിയിച്ചു. ഇത്തരത്തിൽ രാമായണത്തെ ചിത്രീകരിച്ച സിനിമയ്ക്ക അനുമതി നൽകിയ ബോർഡ് അംഗങ്ങളുടെ നടപടിയെ കോടതി പരിഹസിച്ചു.
പൊതുതാത്പര്യ ഹർജികളിൽ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തോടും സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനോടും (സിബിഎഫ്‌സി) അലഹബാദ് ഹൈക്കോടതി നിർദേശിച്ചു. ആദിപുരുഷിന്റെ നിർമാതാക്കൾക്കും കോടതി നോട്ടീസ് അയച്ചു.