INDIA

ഉറപ്പിച്ചു, ഐസ്‌ക്രീമിനുള്ളില്‍ കണ്ടെത്തിയ മനുഷ്യവിരൽ കമ്പനി ജീവനക്കാരന്റേത് തന്നെ; ഡിഎൻഎ ഫലം പുറത്ത്

ഐസ്ക്രീം ഉണ്ടാക്കുന്നതിനിടെ മെഷീനിൽ ഐസ്ക്രീം പെട്ടിയുടെ അടപ്പ് വീണുപോയെന്നും ഇത് തിരിച്ചെടുക്കാൻ ശ്രമിക്കുന്നതിടയിലാണ് വിരൽ മുറിഞ്ഞതെന്നും ഓംകാർ പോട്ടെ സമ്മതിച്ചിട്ടുണ്ട്

വെബ് ഡെസ്ക്

ഓണ്‍ലൈന്‍ ആയി ഓര്‍ഡര്‍ ചെയ്ത ഐസ്‌ക്രീമില്‍ കണ്ടെത്തിയ മനുഷ്യവിരൽ കമ്പനി ജീവനക്കാരന്റേത് തന്നെയെന്ന് സ്ഥിരീകരിച്ച് ഡിഎൻഎ ഫലം. ഐസ്ക്രീം തയ്യാറാക്കിയ 'യമ്മോ' എന്ന ഐസ്‌ക്രീം ബ്രാന്‍ഡിന്റെ പൂനെ ഫാക്ടറിയിലെ ജീവനക്കാരന്റെ വിരലാണ് ഐസ്‌ക്രീമില്‍ ഉണ്ടായിരുന്നത്. സംസ്ഥാന ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ (എഫ്എസ്എൽ) നിന്നുള്ള ഡിഎൻഎ റിപ്പോർട്ടിൽ ഫാക്ടറി ജീവനക്കാരനായ ഓംകാർ പോട്ടെയുടെ രക്ത സാമ്പിളുമായി വിരൽത്തുമ്പ് പൊരുത്തപ്പെടുന്നതായി സ്ഥിരീകരിച്ചതായി പോലീസ് പറഞ്ഞു.

ഐസ്ക്രീം ഉണ്ടാക്കുന്നതിനിടെ മെഷീനിൽ ഐസ്ക്രീം പെട്ടിയുടെ അടപ്പ് വീണുപോയെന്നും ഇത് തിരിച്ചെടുക്കാൻ ശ്രമിക്കുന്നതിടയിലാണ് വിരൽ മുറിഞ്ഞതെന്നും ഓംകാർ പോട്ടെ സമ്മതിച്ചിട്ടുണ്ട്. മുറിവിൽ നിന്ന് രക്തം ഒലിച്ചിറങ്ങുന്നത് ശ്രദ്ധയിൽ പെട്ടതോടെ അദ്ദേഹം ഒരു സ്വകാര്യ ഡോക്ടറെ സന്ദർശിച്ചിരുന്നു. എന്നാൽ അറ്റുപോയ വിരൽ ഐസ്‌ക്രീമിൽ കുടുങ്ങിയെന്ന കാര്യം തനിക്ക് അറിയില്ലായിരുന്നു എന്നാണ് പോട്ടെ പോലീസിനോട് പറഞ്ഞിട്ടുള്ളത്. ഓംകാർ പോട്ടെക്ക് അശ്രദ്ധക്ക് നോട്ടീസ് നൽകാനാണ് പോലീസ് ആലോചിക്കുന്നത്.

ഇയാളുടെ കൈക്ക് മുറിവ് പറ്റിയതായി പോലീസ് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. ഫാക്ടറിയിൽ നിന്നുണ്ടാക്കുന്ന ഐസ്ക്രീമുകളുടെ ഗുണനിലവാര പരിശോധന നടത്താൻ ചുമതലപ്പെടുത്തിയ വ്യക്തി ആരെണെന്നതിനെക്കുറിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.

ഈ മാസം 12ാം തീയതിയാണ് മലാഡ് സ്വദേശിയായ യുവതി തന്റെ സഹോദരന് വേണ്ടി 'യമ്മോ' എന്ന ഐസ്‌ക്രീം ബ്രാന്‍ഡില്‍ നിന്നും ഓണ്‍ലൈന്‍ ആയി ഓര്‍ഡര്‍ ചെയ്ത ഐസ്‌ക്രീമിൽ മനുഷ്യവിരൽ കണ്ടെത്തിയത്. ബട്ടർസ്‌കോച്ച് ഫ്ലേവറിൽ ഉള്ള ഐസ്‌ക്രീമിൽ കടിച്ചപ്പോഴാണ് ഇരുപത്തിയേഴുകാരനായ ഓര്‍ലെം ബ്രെന്ദം സെറാവോ വിചിത്രമായ ഒരു വസ്തു കണ്ടെത്തിയത്. കൂടുതൽ പരിശോധിച്ചപ്പോൾ ഇത് മനുഷ്യവിരൽ ആണെന്ന് കണ്ടെത്തിയത്. യുവതി ബ്രാൻഡിന്റെ സാമൂഹ്യ മാധ്യമ പേജിൽ പരാതി നൽകുകയും കസ്റ്റമർ കെയർ എക്സിക്യൂട്ടീവിനെ വിളിച്ച് വിഷയം ഉന്നയിക്കുകയും ചെയ്തു. പരാതി പരിശോധിക്കാമെന്ന് എക്സിക്യൂട്ടീവ് മറുപടി നൽകിയെങ്കിലും പിന്നെ കൂടുതൽ വിവരങ്ങൾ ഒന്നും ലഭിച്ചില്ല.

ഇതോടെ യുവതി പോലീസിനെ സമീപിക്കുകയായിരുന്നു. അന്വേഷണത്തിലാണ് ഐസ്ക്രീം പാക്ക് തയ്യാറാക്കിയത് കമ്പനിയുടെ പുണെ ഫാക്ടറിയിൽ വെച്ചാണ് കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തിയപ്പോൾ ഇയാളുടെ കൈവിരൽ മുറിഞ്ഞതായി കണ്ടെത്തി. സംഭവം നടന്ന ദിവസം ഇയാള്‍ ഐസ്‌ക്രീം പാക്കിങ് സെക്ഷനില്‍ ജോലിക്കുണ്ടായിരുന്നതായും തെളിഞ്ഞിരുന്നു.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി