ഫീസ് അടയ്ക്കാത്തതിന്റെ പേരിൽ രണ്ടാം ക്ലാസ് വിദ്യാർഥിയെ പരീക്ഷ എഴുതാൻ അനുവദിക്കാതിരുന്ന സ്കൂൾ പ്രിൻസിപ്പലിനും ക്ലാസ് ടീച്ചർക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. മുംബൈ ദാദറിലെ ശാരദാശ്രമം വിദ്യാമന്ദിർ സ്കൂളിലാണ് സംഭവം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വിദ്യാർഥിയുടെ പിതാവ് പരാതിയുമായി പോലീസിനെ സമീപിച്ചത്. സംഭവത്തിൽ പ്രധാനാധ്യാപിക രജിത ബെയ്‌ലിനും ക്ലാസ് ടീച്ചർ പ്രിയ പരാബിനും എതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത പോലീസ് 2015ലെ ജുവനൈൽ ജസ്റ്റിസ് ആക്‌ട് സെക്ഷൻ 75 പ്രകാരം കേസെടുത്തു.
ഫീസ് അടച്ചില്ലെന്ന് പറഞ്ഞ് ബുധനാഴ്ച നടന്ന യൂണിറ്റ് ടെസ്റ്റിൽ പങ്കെടുക്കാൻ കുട്ടിയെ അനുവദിച്ചില്ലെന്നാണ് പരാതി. കൂടാതെ കുട്ടിയെ മറ്റ് കുട്ടികളുടെ അടുത്ത് നിന്ന് മാറ്റി ഇരുത്തുകയും ചെയ്തിരുന്നു. ഇത് കുട്ടിയെ അപമാനിക്കുന്നതിന് തുല്യമാണെന്നും പരാതിയിൽ പറയുന്നു. സഹപാഠികൾ ഇംഗ്ലീഷ്, മറാഠി പരീക്ഷകൾ എഴുതുമ്പോൾ കുട്ടിയെ സ്‌കൂളിലെ മ്യൂസിക് റൂമിൽ രണ്ട് മണിക്കൂറിലധികം മാറ്റിയിരുത്തുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
60,460 രൂപ അടച്ചില്ലെങ്കിൽ മകളെ പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന് ജനുവരി അഞ്ചിന് കുട്ടിയുടെ മാതാപിതാക്കളെ സ്കൂൾ അധികൃതർ അറിയിച്ചിരുന്നു. വ്യാഴാഴ്ച കുട്ടിയെ പരീക്ഷയ്ക്ക് അയയ്ക്കരുതെന്ന് അധികൃതർ രക്ഷിതാക്കളോട് പറഞ്ഞിരുന്നു. എന്നാൽ വ്യക്തിപരമായ കാരണങ്ങളാലാണ് ഫീസടയ്ക്കാൻ വൈകുന്നതെന്ന് സ്‌കൂളിനെ അറിയിച്ചിട്ടുണ്ടെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. പിടിഎ യോഗങ്ങളിൽ സ്കൂളിനെതിരെ താൻ സംസാരിച്ചതിനാലാണ് അവർ തന്റെ മകൾക്കെതിരെ നടപടിയെടുത്തതെന്നും പിതാവ് ആരോപിച്ചു. വിഷയത്തിൽ അന്വേഷണം നടക്കുകയാണെന്നും ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.