ഒഡിഷ ട്രെയിൻ ദുരന്തത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് ബാലസോർ ഗവണ്മെന്റ് റെയിൽവെ പോലീസ്. 275 പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ അപകടത്തിൽ ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. അശ്രദ്ധമൂലം ആളുകളുടെ ജീവൻ അപകടത്തിലാക്കിയെന്നാണ് കേസ്. എന്നാൽ എഫ്ഐആറിൽ ആരുടെയും പേരുകൾ ഉൾപ്പെടുത്തിയിട്ടില്ല. സംഭവത്തിൽ സിബിഐ അന്വേഷണത്തിന് റെയിൽവെ ബോർഡ് കഴിഞ്ഞ ദിവസം ശുപാർശ ചെയ്തിരുന്നു. ചരക്ക് ട്രെയിൻ, ബെംഗളൂരു- ഹൗറ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, ഷാലിമാർ- ചെന്നൈ സെൻട്രൽ കോരമണ്ഡൽ എക്സ്പ്രസ് എന്നീ മൂന്ന് ട്രെയിനുകളാണ് അപകടത്തിപെട്ടത്.
എഫ്ഐആറിൽ ഐപിസിയിലെ ജാമ്യമില്ലാ വകുപ്പുകളായ 337, 338, 304എ, 34 (മനഃപൂർവമല്ലാത്ത നരഹത്യ) റെയിൽവെ ആക്ടിലെ 153, 154, 175 (വ്യക്തി സുരക്ഷയെ അപകടപ്പെടുത്തുക) എന്നീ വകുപ്പുകളാണ് ചേർത്തിരിക്കുന്നത്. ലോക്കോ പൈലറ്റിന്റെ വീഴ്ച, മറ്റ് സംവിധാനങ്ങളിലെ പിഴവും റെയിൽവെ തള്ളിക്കളഞ്ഞിരുന്നു. ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ് സംവിധാനത്തിലെ മാറ്റമാണ് അപകടകാരണമെന്ന സൂചനയാണെന്നായിരുന്നു റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞത്.
അതിനിടെ അപകടത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസം തിരുത്ത് വരുത്തിയിരുന്നു. ആദ്യം 288 പേർ മരിച്ചെന്ന് അറിയിച്ചുവെങ്കിലും പിന്നീടത് മാറ്റി 275 ആക്കിയിരുന്നു. ചില മൃതദേഹങ്ങൾ രണ്ടുതവണ എണ്ണിയതാണ് കണക്ക് കൂടിയതെന്ന് ഒഡിഷ ചീഫ് സെക്രട്ടറി അറിയിച്ചിരുന്നു. കോറമണ്ഡൽ എക്സ്പ്രസ് മാത്രമാണ് അപകടത്തിൽപ്പെട്ടതെന്നാണ് റെയിൽവെ വിശദീകരിക്കുന്നത്. ചരക്കുതീവണ്ടി പാളം തെറ്റിയിട്ടില്ല. കോറമണ്ഡൽ എക്സ്പ്രസ് ചരക്കു തീവണ്ടിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ചരക്കു തീവണ്ടിയിൽ ഇരുമ്പ് അടക്കമുള്ള വസ്തുക്കളായതിനാൽ അപകടത്തിന്റെ ആഴം കൂട്ടി. കോറമണ്ഡൽ എക്സ്പ്രസിന്റെ പാളം തെറ്റിയ ബോഗികൾ സമീപത്തെ ട്രാക്കിലൂടെ പോയ യശ്വന്ത്പൂർ-ഹൗറ സൂപ്പർഫാസ്റ്റിന്റെ അവസാന രണ്ട് ബോഗികളിൽ ഇടിച്ചു. ഇതാണ് അപകടത്തിന്റെ യഥാർഥ ചിത്രമെന്നാണ് റെയിൽവെ വ്യക്തമാക്കുന്നത്.
ഗ്രീൻ സിഗ്നൽ കിട്ടിയ ശേഷമാണ് ട്രെയിൻ മുന്നോട്ടെടുത്തതെന്ന് ലോക്കോ പൈലറ്റ് കഴിഞ്ഞദിവസം മൊഴി നൽകിയിരുന്നു. പാതയിലൂടെ അനുവദനീയമായ വേഗത മണിക്കൂറിൽ 130 കി.മിയാണ്. കോറമണ്ഡൽ എക്സ്പ്രസ് 128 കി.മി വേഗതയിലും യശ്വന്ത്പൂർ-ഹൗറ സൂപ്പർഫാസ്റ്റ് മണിക്കൂറിൽ 126 കിലോമീറ്റർ വേഗതയിലുമാണ് സഞ്ചരിച്ചിരുന്നത്.