തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിൽ പടക്ക നിർമാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ എട്ട് പേർ മരിച്ചു. 19 പേർക്ക് പൊള്ളലേൽക്കുകയും ചെയ്തു. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. പടക്കശാലയുടെ പുറത്ത് ഉണങ്ങാൻ ഇട്ടിരുന്ന പടക്കങ്ങൾക്ക് തീ പിടിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. തുടർന്ന് ഗോഡൗണിൽ സൂക്ഷിച്ചിരുന്ന പടക്കങ്ങളിലേക്കും തീ പടർന്ന് പിടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. 20 വർഷമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. സുരക്ഷമാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് പടക്ക നിര്‍മാണശാല ഉടമ നരേന്ദ്രകുമാറിനെ പോലീസ് കസ്റ്റ്ഡിയില്‍ എടുത്തു.
രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചുപേർ സംഭവസ്ഥലത്തും നാലുപേർ ആശുപത്രിയിൽവച്ചും മരിച്ചു
കാഞ്ചീപുരം ജില്ലയിലെ കുരുവിമലയിൽ പ്രവർത്തിക്കുന്ന നരേന്ദ്രൻ ഫയർവർക്ക്സ് എന്ന ചെറുകിട പടക്ക നിർമാണശാലയിലാണ് തീപിടിത്തം ഉണ്ടായത്. അപകടത്തിൽ 19 ഓളം പേർക്ക് പരുക്കുണ്ട്. സംഭവം അറിഞ്ഞ ഉടൻ തന്നെ അഗ്നിശമന സേനയും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഗുരുതരമായി പരുക്കേറ്റവരിൽ 11 പേരെ കാഞ്ചീപുരം സർക്കാർ ആശുപത്രിയിലും മറ്റുള്ളവരെ സമീപ ആശുപത്രികളിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് റിപ്പോർട്ട്.
അപകട സമയത്ത് ഇരുപത്തിയഞ്ചോളം തൊഴിലാളികളാണ് ഉണ്ടായിരുന്നതെന്നാണ് വിവരം. തീപിടിത്തമുണ്ടായതോടെ ഇവരെല്ലാം പുറത്തിറങ്ങാൻ കഴിയാത്തവിധം ഗോഡൗണിൽ അകപ്പെട്ടുപോയെന്ന് പോലീസ് അറിയിച്ചു. സ്‌ഫോടനത്തിൽ നാല് കെട്ടിടങ്ങൾ പൂർണമായും തകർന്നു. ഏറെ നേരത്തേ പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചുപേർ സംഭവസ്ഥലത്തും നാലുപേർ ആശുപത്രിയിൽവച്ചും മരിച്ചു.
ജില്ലാ കളക്ടർ എം ആരതി, ഡെപ്യൂട്ടി പോലീസ് ഇൻസ്‌പെക്ടർ ജനറൽ പി പകലവൻ, പോലീസ് സൂപ്രണ്ട് എം സുധാകർ എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കിയത്. സംഭവത്തിൽ പോലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.