INDIA

പശ്ചിമ ബംഗാളിൽ അനധികൃത പടക്ക ഫാക്ടറിയിൽ സ്ഫോടനം;9 പേർ കൊല്ലപ്പെട്ടു

വെബ് ഡെസ്ക്

പശ്ചിമ ബംഗാളിലെ അനധികൃത പടക്ക നിർമാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ ഒൻപത് പേർ കൊല്ലപ്പെടുകയും നിരവധി ആളുകൾക്ക് പരുക്കേൽക്കുകയും ചെയ്തു. പുർബ മേദിനിപൂർ ജില്ലയിലെ എഗ്ര പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഖാദികുൽ ഗ്രാമത്തിൽ രാവിലെ 11 മണിയോടെയായിരുന്നു സ്ഫോടനം. സ്‌ഫോടനത്തിൽ പടക്ക നിർമ്മാണശാല പൂർണമായും തകർന്നു.

സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ കുളങ്ങളിൽ ഉൾപ്പെടെ മൃതദേഹങ്ങൾ ചിതറിത്തെറിച്ചു വീണു.സ്ഥലത്തെത്തിയ പോലീസിനെ നാട്ടുകാർ ആക്രമിക്കുകയും തൃണമൂൽ കോൺഗ്രസ് നേതാക്കളെ തടയുകയും ചെയ്തു. എന്നാൽ അനധികൃത പടക്ക നിർമാണശാലയിലാണ് സ്‌ഫോടനമുണ്ടായതെന്നും മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നൽകുമെന്നും മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.

സ്ഫോടനത്തിൽ അന്വേഷണം ആരംഭിച്ചു. ''പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ട എൻഐഎ അന്വേഷണത്തിന് എതിരല്ല. സത്യം പുറത്തു വരാൻ വേണ്ടതെല്ലാം ചെയ്യും. എഗ്ര പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെതിരെ ആവശ്യമായ നടപടിയെടുക്കും''-.മമത പറഞ്ഞു. അതേസമയം അനധികൃത പടക്ക ഫാക്ടറി നടത്തിയിരുന്നയാളെ കഴിഞ്ഞ വർഷവും പോലീസ് അറസ്റ്റ് ചെയ്തെന്നും പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെന്നും സംഭവത്തിന് ശേഷം പ്രതി ഒഡീഷയിലേക്ക് രക്ഷപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു.

സംഭവസ്ഥലത്ത് നിന്ന് ഒൻപത് മൃതദേഹങ്ങൾ കണ്ടെടുത്തതായി മേദിനിപൂർ പോലീസ് സൂപ്രണ്ട് കെ അമർനാഥ് പറഞ്ഞു. പടക്ക നിർമാണ ശാലയുടെ ഉടമ ഭാനു ബാഗ് എന്ന വ്യക്തിയാണെന്നും മരിച്ചവരെല്ലാം പടക്ക നിർമാണ ശാലയിലെ തൊഴിലാളികൾ ആണെന്നും എസ്പി കൂട്ടിച്ചേർത്തു. സ്‌ഫോടനത്തിന് ഏതാനും ദിവസങ്ങൾക്ക് മുൻപായി പോലീസ് ഇവിടെ റെയ്ഡ് നടത്തിയിരുന്നു. എഗ്രയിലുണ്ടായ സ്‌ഫോടനത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാവ് സുകാന്ത മജുംദാർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി. ടിഎംസി നേതാവിന്റെ ഫാക്ടറിക്കുള്ളിലാണ് ബോംബ് സ്ഫോടനം നടന്നതെന്നും പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുൻപായി ജനങ്ങളെ ഭയപ്പെടുത്താനായി ടിഎംസി വലിയ തോതിൽ ബോംബുകൾ നിർമിക്കുകയാണോ എന്നും ബിജെപി നേതാവ് ആരോപണമുയർത്തി.

എന്നാൽ എഗ്രയിലെ സ്‌ഫോടനം ആദ്യത്തെ സംഭവമല്ല. ഇതേ ജില്ലയിൽ തന്നെ ഭൂപതിനഗറിൽ തൃണമൂൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ നടന്ന സ്‌ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. 2021 ഡിസംബറിൽ സൗത്ത് 24 പർഗാനാസ് ജില്ലയിലെ നോഡഖാലിയിൽ ഉണ്ടായ സ്‌ഫോടനത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. ബോംബുകൾ വീണ്ടെടുത്ത സംഭവങ്ങളും ക്രൂഡ് ബോംബുകൾ പൊട്ടിത്തെറിച്ച സംഭവങ്ങളും പശ്ചിമ ബംഗാളിൽ നിവധി തവണ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും