പാർലമെന്റിലും പുറത്തും ഭരണകക്ഷിയും പ്രതിപക്ഷവും മണിപ്പൂരിനെ ചൊല്ലി ഏറ്റുമുട്ടുമ്പോൾ, സംസ്ഥാനത്ത് വംശീയ സംഘർഷം അതിരൂക്ഷമായി തുടരുന്നു. വ്യാഴാഴ്ച കുകി - മെയ്തി വിഭാഗങ്ങൾ തമ്മിൽ കനത്ത വെടിവയ്പ്പാണ് സംസ്ഥാനത്തുണ്ടായത്. ചുരാചാന്ദ്പൂർ ജില്ലയിലെ കാങ്‌വായിൽ പുലർച്ചെയുണ്ടായ വെടിവയ്പ്പിൽ ഇരുവിഭാഗങ്ങളിലേയും രണ്ടുപേർക്ക് പരുക്കേറ്റു. മേഖലയിൽ വെടിവയ്പ്പും സംഘർഷവും തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് സ്ഥിരീകരങ്ങളൊന്നുമില്ല.
കഴിഞ്ഞദിവസം കാങ്പോപി ജില്ലയിൽ സൈനിക ഉദ്യോഗസ്ഥരുടെ രണ്ട് ബസുകൾക്ക് അക്രമിസംഘം തീവച്ചിരുന്നു. ദിമാപൂരിൽ നിന്ന് വരുന്ന ബസുകൾ സപോർമേനയിൽ എത്തിയപ്പോഴായിരുന്നു സംഭവം. മണിപ്പൂർ രജിസ്ട്രേഷനിലുള്ള ബസുകൾ സപോർമേനയിൽ പ്രദേശവാസികൾ തടയുകയും പരിശോധന നടത്തുകയും ചെയ്തിരുന്നു. എതിർവിഭാഗത്തിൽപ്പെട്ടവർ ബസിലുണ്ടോ എന്നായിരുന്നു പരിശോധിച്ചത്.
മൊറെ ജില്ലയിൽ ബുധനാഴ്ച ഒരുകൂട്ടം അക്രമികൾ നിരവധി ഒഴിഞ്ഞ വീടുകൾക്ക് തീയിട്ടു. മ്യാൻമർ അതിർത്തിയോട് ചേർന്നുള്ള മൊറെ ബസാറിൽ മെയ്തി സമുദായത്തിൽപെട്ട മുപ്പതോളം പേരുടെ വീടുകളാണ് തീയിട്ടത്. മൊറേ മാർക്കറ്റും അഗ്നിക്കിരയാക്കി.
കലാപം രൂക്ഷമായതിനെ തുടർന്ന് കുകി-മെയ്തി വിഭാഗങ്ങളുമായി കേന്ദ്ര സർക്കാർ ചർച്ച നടത്തി. രഹസ്യാന്വേഷണ ബ്യൂറോയുടെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച. മെയ്തി പൗരാവകാശ സംഘടനായ കോകോമിയുമായി ഇന്റലിജന്‍സ് ബ്യൂറോ മുന്‍ അഡീഷണല്‍ ഡയറക്ടര്‍ അക്ഷയ് മിശ്രയാണ് ചര്‍ച്ച നടത്തിയത്.