രാജ്യത്തെ വ്യവസായ രംഗത്തെ പ്രമുഖരായ ഗൗതം അദാനിയും മുകേഷ് അംബാനിയും ബിസിനസിൽ കൈകോർക്കുന്നു. മധ്യപ്രദേശില്‍ അദാനി ഗ്രൂപ്പ് ഏറ്റെടുത്ത ഒരു വൈദ്യുത പദ്ധതിക്കായാണ് ഇരുകൂട്ടരും ഒരുമിച്ച് കരാറിലേര്‍പ്പെട്ടത്. കരാര്‍പ്രകാരം അദാനി പവര്‍ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള അനുബന്ധ കമ്പനിയായ മഹാന്‍ എനെര്‍ജന്‍ ലിമിറ്റഡിന്റെ(എംഇഎല്‍) അഞ്ച് കോടി മതിക്കുന്ന 26 ശതമാനം ഓഹരികള്‍ റിലയന്‍സ് ഏറ്റെടുക്കും.
കൂടാതെ മഹാന്‍ എനെര്‍ജന്‍ ലിമിറ്റഡ് മധ്യപ്രദേശിലെ പ്ലാന്റില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയില്‍ 500 മെഗാവാട്ട് റിലയന്‍സിന് നല്‍കണം. അത് ആര്‍ക്ക് വില്‍ക്കണമെന്നതില്‍ പൂര്‍ണ അധികാരം റിലയന്‍സ് ഗ്രൂപ്പിനായിരിക്കും. ഏകദേശം 50 കോടി രൂപയുടേതാണ് ഇടപാടെന്നാണ് സൂചന. മാർച്ച് 27നാണ് അദാനി പവറും റിലയൻസും കരാർ ഒപ്പുവച്ചത്.
2020-21, 2021-22, 2022-23 സാമ്പത്തിക വർഷങ്ങളിലെ എംഇഎല്ലിന്റെ വിറ്റുവരവ് യഥാക്രമം 692.03 കോടി, 1,393.59 കോടി, 2,730.68 കോടി എന്നിങ്ങനെയാണ്. എല്ലാ നിബന്ധനകളും പാലിക്കുകയും ആവശ്യമായ അനുമതികൾ നേടുകയും ചെയ്താൽ രണ്ടാഴ്ചയ്ക്കുള്ളിൽ നിക്ഷേപം പൂർത്തിയാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ലോകത്തിലെ ശത കോടീശ്വരന്മാരുടെ പട്ടികയിൽ മുൻനിരയിലുള്ള ഇരുവരും ഒരുമിച്ച് വ്യവസായ രംഗത്തേക്ക് ഇറങ്ങുന്ന വാർത്ത വലിയ പ്രതീക്ഷയോടെയാണ് സാമ്പത്തിക ലോകം ഉറ്റു നോക്കുന്നത്.
എണ്ണ, വാതകം, റീട്ടെയിൽ, ടെലികോം മേഖലകൾ കേന്ദ്രീകരിച്ചാണ് മുകേഷ് അംബാനിയുടെ പ്രവർത്തനം. എന്നാൽ തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, കൽക്കരി, ഖനനം എന്നിങ്ങനെയുള്ള സൗകര്യ വികസനത്തിലാണ് അദാനി പ്രവർത്തിക്കുന്നത്. ഇരുകൂട്ടരും പരസ്പരം മത്സരത്തിന് ഇതുവരെ മുതിര്‍ന്നിട്ടില്ല. എങ്കിലും സംശുദ്ധ ഊര്‍ജ്ജ മേഖലയിൽ വൻതുകയുടെ നിക്ഷേപങ്ങളാണ് ഇരു കൂട്ടരും നടത്തി വരുന്നത്.
സോളാർ പാനലുകൾ, ബാറ്ററികൾ, ഗ്രീൻ ഹൈഡ്രജൻ, ഫ്യുവൽ സെല്ലുകൾ എന്നിവയ്ക്കായി ഗുജറാത്തിലെ ജാംനഗറിൽ റിലയൻസ് ഇൻഡസ്ട്രീസ് നാല് വലിയ ഫാക്ടറികളാണ് നിർമിച്ചത്. അതേസമയം 2030 ഓടെ ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ ഊർജ വ്യാപാരത്തിനാണ് അദാനി ലഷ്യമിടുന്നത്. മധ്യപ്രദേശിലെ മഹാൻ തെർമൽ പവർ പ്ലാന്റിന്റെ 600 മെഗാവാട്ട് ശേഷിയുടെ ഒരു യൂണിറ്റിനെ നിയമങ്ങൾക്കനുസൃതമായി ക്യാപ്റ്റീവ് യൂണിറ്റായി നിയോഗിക്കുമെന്നാണ് അദാനി ഗ്രൂപ്പ് വ്യക്തമാക്കിയത്.