INDIA

ചരിത്രമെഴുതി മണിപ്പുർ ഹൈക്കോടതി; പട്ടികവർഗ വിഭാഗത്തിൽനിന്നുള്ള ആദ്യ വനിതാ ജഡ്ജിയായി ഗോൽമേയ് ഗായ്‌ഫുൽ ഷില്ലു കബുയി

വെബ് ഡെസ്ക്

മണിപ്പുർ, മദ്രാസ് ഹൈക്കോടതികളിലേക്ക് മൂന്ന് പുതിയ ജഡ്‌ജിമാരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തുവരുമ്പോൾ സൃഷ്ടിക്കപ്പെടുന്നത് ചരിത്രം. പട്ടികവർഗവിഭാഗത്തിൽനിന്നുള്ള ആദ്യ വനിതാ ജഡ്ജിയായി ഗോൽമേയ് ഗായ്‌ഫുൽ ഷില്ലു കബുയിയെ മണിപ്പുർ ഹൈക്കോടതിയിൽ നിയമിച്ചു.

നിയമനം ലഭിച്ച മറ്റ് രണ്ട് ജഡ്ജിമാരായ എൻ സെന്തിൽ കുമാർ പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന ആളും ജി അരുൺ മുരുഗൻ ഒബിസി വിഭാഗത്തിൽപ്പെടുന്ന ആളുമാണ്.

എല്ലാ വിഭാഗങ്ങളിൽ പെടുന്നവരെയും ഉൾപ്പെടുത്തുന്ന തരത്തിലേക്ക് ജുഡീഷ്യറിയെ മാറ്റുന്നതിന്റെ ഭാഗമായാണ് സാമൂഹികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ ഉൾപ്പെടുത്തണമെന്ന തീരുമാനമുണ്ടാകുന്നത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സൻജീവ്‌ ഖന്ന എന്നിവരുൾപ്പെടുന്ന സുപ്രീംകോടതി കൊളിജിയം നൽകിയ ശിപാർശയെതുടർന്നാണ് നിയമനം.

28 വർഷത്തെ സിവിൽ, ക്രിമിനൽ, ഭരണഘടനാ കേസുകളുമായി ബന്ധപ്പെട്ട അഭിഭാഷകവൃത്തി പരിഗണിച്ചാണ് സെന്തിൽ കുമാറിനെ തിരഞ്ഞെടുത്തത്. മുരുഗൻ 24 വർഷം സിവിൽ ക്രിമിനൽ റിട്ട് കേസുകൾ കൈകാര്യം ചെയ്തുള്ള പരിചയത്തിൽ നിന്നാണ് ജഡ്ജി സ്ഥാനത്തേക്ക് വരുന്നത്.

സാമൂഹിക പിന്നാക്കാവസ്ഥ നേരിടുന്ന വിഭാഗങ്ങളിൽ നിന്നുള്ളവരുടെ പ്രാതിനിധ്യം നീതിന്യായ വ്യവസ്ഥയിൽ ഉറപ്പിക്കണമെന്നത് ഈ വർഷം ആദ്യംതന്നെ സുപ്രീം കോടതി പുറത്തിറക്കിയ നിർദ്ദേശങ്ങളിൽ പറയുന്നതാണ്. നേരത്തെ തയാറാക്കിയ പട്ടികയിൽനിന്ന് നിയമനം നടക്കാതിരുന്നതിന് കാരണം കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് സംഭവിച്ച കാലതാമസമാണെന്നാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്. ഉടൻ തീരുമാനമെടുക്കേണ്ട വിഷയമാണിതെന്ന് സുപ്രീംകോടതി ആവർത്തിച്ച് പറഞ്ഞതിനു ശേഷമാണ് ഇപ്പോൾ നിയമനം നടക്കുന്നത്.

മാർച്ചിൽ ലോക്സഭയിൽ അവതരിപ്പിക്കപ്പെട്ട കണക്കുകൾ പ്രകാരം 2018 മുതൽ രാജ്യത്ത് നിയമിക്കപ്പെട്ട 575 ഹൈക്കോടതി ജഡ്ജിമാരിൽ ഒബിസി വിഭാഗങ്ങളിൽ നിന്ന് 67 പേരും, പട്ടികജാതി വിഭാഗങ്ങളിൽ നിന്ന് 17 പേരും പട്ടികവർഗ വിഭാഗങ്ങളിൽ 9 പേരുമാണുള്ളത്. ഈ കണക്കുകളുടെ അടിസ്ഥാനത്തിലാണ് സാമൂഹികമായ പിന്നാക്കാവസ്ഥ നേരിടുന്ന വിഭാഗങ്ങളിൽ നിന്ന് കൂടുതൽ പ്രാതിനിധ്യം നീതിന്യായ വ്യവസ്ഥയിൽ ഉണ്ടാകണമെന്ന തീരുമാനത്തിലേക്ക് സുപ്രീംകോടതി വരുന്നത്.

കൊളിജിയം തീരുമാനങ്ങൾ നടപ്പിലാക്കുന്നതിൽ സർക്കാർ വലിയ കാലതാമസം കാണിക്കുന്നുവെന്ന വിഷയം ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ ഉൾപ്പെടുന്ന ബെഞ്ച് പരിഗണിക്കുകയും കൊളിജിയം തീരുമാനം നടപ്പിലാക്കുന്നതിൽ സർക്കാർ നടപടികൾ കൃത്യമായ ഇടവേളകളിൽ പരിശോധിക്കുമെന്ന് കോടതി പറഞ്ഞ സാഹചര്യത്തിലുമാണ് ഈ തീരുമാനം എന്നത് ശ്രദ്ധേയമാണ്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?