മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയ 103-ാം ഭരണഘടനാ ഭേദഗതി ശരിവച്ച വിധിക്കെതിരെയുള്ള പുനഃപരിശോധനാ ഹർജികൾ സുപ്രീംകോടതി മെയ് 9ന് പരിഗണിക്കും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിന് സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 10% സംവരണം നൽകുന്ന ഭരണഘടനാ ഭേദഗതി ശരിവച്ച വിധി ചോദ്യം ചെയ്തുള്ള ഹർജികളാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് പരിഗണിക്കുക.
2019 ജനുവരിയിലാണ് പാര്‍ലമെന്റ് ഭേദഗതി പാസാക്കുന്നത്. 2020ല്‍ വിഷയം ഭരണഘടനാ ബെഞ്ചിന് വിട്ടു. കഴിഞ്ഞ വർഷം നവംബറിലാണ് പിന്നാക്ക വിഭാഗങ്ങള്‍, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ ഒഴികെയുള്ള ഇഡബ്ല്യുഎസ് വിഭാഗങ്ങള്‍ക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ജോലികളിലെ പ്രാരംഭ റിക്രൂട്ട്മെന്റിലും 10 ശതമാനം വരെ സംവരണം സുപ്രീംകോടതി ശരിവച്ചത്. നിയമം ലംഘിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി അഞ്ചിൽ മൂന്ന് ജഡ്ജിമാരും ഇഡബ്ല്യുഎസ് ക്വാട്ടയ്ക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചു.
2019ലെ പൊതു തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പായിരുന്നു കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള തീരുമാനം നടപ്പാക്കിയത്. സാമ്പത്തിക സ്ഥിതി നോക്കി സംവരണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരം നല്‍കുന്നതാണ് ഭേദഗതി. ആര്‍ട്ടിക്കിള്‍ 15(6), 16(6) വകുപ്പുകളാണ് ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത്.
സാമ്പത്തിക സംവരണത്തിന് എതിരായ ഹർജികൾ ആദ്യം മൂന്നംഗ ബെഞ്ചാണ് പരിഗണിച്ചത്. ഭരണഘടനയുടെ അടിസ്ഥാനഘടനയെ തകർക്കുന്നതാണ് ഭേദഗതിയെന്നാണ് ഹർജിക്കാരുടെ വാദം. പിന്നാക്ക വിഭാഗത്തെ നിര്‍വചിക്കാന്‍ സാമ്പത്തിക പിന്നാക്കാവസ്ഥ മാത്രം അടിസ്ഥാനമാക്കരുതെന്ന, 1992ലെ ഇന്ദ്ര സാഹ്നി കേസില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ ലംഘനമാണ് പുതിയ നീക്കം എന്നിങ്ങനെയായിരുന്നു ഹര്‍ജിക്കാരുടെ വാദം. അതേസമയം, സാമ്പത്തിക പിന്നാക്ക വിഭാഗങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയെന്നത് സംസ്ഥാനങ്ങളുടെ കടമയെന്നായിരുന്നു സര്‍ക്കാര്‍ വാദം.
2020 ഓഗസ്റ്റിൽ കേസ് അഞ്ചംഗ ബെഞ്ചിന് വിട്ടു. സാമ്പത്തികസ്ഥിതിമാത്രം മാനദണ്ഡമാക്കി സംവരണം അനുവദിക്കാമോ, സംവരണം 50 ശതമാനത്തിൽ കൂടുതലാകാമോ, പിന്നാക്ക വിഭാഗങ്ങള്‍, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ എന്നിവരെ ഒഴിവാക്കുന്നതിന് ഭരണഘടനാപരമായ സാധുതയുണ്ടോ എന്നിങ്ങനെ കാര്യങ്ങളാണ് ബെഞ്ച് പരിഗണിച്ചത്.