പ്രവാചക വിരുദ്ധ പരാമര്‍ശം നടത്തി വിവാദത്തിലായ ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മയ്‌ക്കെതിരായ സുപ്രീംകോടതി പരാമർശത്തിനെതിരെ ചീഫ് ജസ്റ്റിസിന് കത്ത്. നൂപുർ ശർമയ്ക്കെതിരെ ജഡ്ജിമാർ നടത്തിയ പരാമർശങ്ങൾ 'ലക്ഷ്മണരേഖ' കടക്കുന്നതാണ്. അതുകൊണ്ടാണ് തുറന്ന കത്തെഴുതാൻ നിർബന്ധിതരായതെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണയ്ക്ക് എഴുതിയ കത്തിൽ പറയുന്നു.
രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും ഉത്തരവാദി നൂപുര്‍ ശര്‍മയാണെന്നും അവരുടെ വാവിട്ട വാക്കുകൾ രാജ്യത്ത് തീ പടർത്തി എന്നുമായിരുന്നു കോടതിയുടെ പരാമർശം. നൂപുര്‍ ശര്‍മ രാജ്യത്തോട് മാപ്പ് പറയണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. അതിനെതിരെയാണ് ചീഫ് ജസ്റ്റിസിന് കത്തയച്ചിരിക്കുന്നത്. വളരെ ദൗർഭാഗ്യകരവും മുമ്പെങ്ങും കേട്ടിട്ടില്ലാത്തതുമായ അഭിപ്രായങ്ങളാണ് സുപ്രീം കോടതിയിലെ രണ്ട് ജഡ്ജിമാരുടെ ബെഞ്ചില്‍ നിന്നുണ്ടായത്. ഹർജിയിൽ ഉന്നയിക്കപ്പെട്ട വിഷയവുമായി നിയമപരമായി യാതൊരു ബന്ധവുമില്ലാത്ത നിരീക്ഷണങ്ങളാണ് കോടതിയുടെ ഭാഗത്തു നിന്നുണ്ടായതെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. 15 ജഡ്ജിമാരും 77 ഉദ്യോഗസ്ഥരും 25 മുന്‍ സായുധ സേനാ ഉദ്യോഗസ്ഥരും ഉൾപ്പെടെ 117 പേരാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്.
പലയിടങ്ങളില്‍ നിന്നും ജീവന് ഭീഷണിയുണ്ടെന്നും, തനിക്കെതിരെ രാജ്യത്ത് പലയിടത്തായി നിലനിൽക്കുന്ന കേസുകൾ ഡൽഹിയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടാണ് നൂപുർ സുപ്രീംകോടതിയെ സമീപിച്ചത്. ജൂലൈ ഒന്നിന് നൂപുറിന്റെ അഭിഭാഷകൻ ഇക്കാര്യം കോടതിയിൽ ഉന്നയിച്ചപ്പോൾ, ജസ്റ്റിസുമാരായ സുര്യകാന്ത്, ജെ.ബി പർദിവാല എന്നിവരുൾപ്പെടുന്ന ബെഞ്ച് അപേക്ഷ നിരസിക്കുകയും രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തു. നിരവധി എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടും നുപൂറിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്യാത്തതിലും കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ പേരില്‍, രാജസ്ഥാനിലെ ഉദയ്പൂരില്‍ കനയ്യ ലാല്‍ എന്ന തയ്യല്‍ക്കാരനെ രണ്ടുപേർ ചേര്‍ന്ന് കൊലപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ നൂപുറിനെതിരെ, രാജ്യമൊട്ടാകെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.