INDIA

നിർബന്ധിത മത പരിവർത്തനം രാജ്യസുരക്ഷയെ വരെ ബാധിച്ചേക്കാവുന്ന ഗുരുതര പ്രശ്നം: സുപ്രീംകോടതി

ഏത് മതം തിരഞ്ഞെടുക്കാനും സ്വാതന്ത്യ്രമുണ്ട്. എന്നാല്‍, നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനുള്ള അനുമതിയല്ല ഈ സ്വാതന്ത്ര്യമെന്ന് കോടതി

വെബ് ഡെസ്ക്

നിർബന്ധിത മത പരിവർത്തനങ്ങൾ രാജ്യസുരക്ഷയെ വരെ ബാധിക്കുന്ന ഗുരുതരപ്രശ്നമാണെന്ന് സുപ്രീംകോടതി. ദുർമന്ത്രവാദം, അന്ധവിശ്വാസങ്ങൾ, നിർബന്ധിത മതപരിവർത്തനം എന്നിവ തടയാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ആവശ്യമായ നടപടികൾ സ്വീകരിക്കണം എന്നാവശ്യപ്പെട്ട് അഭിഭാഷകനും ബിജെപി നേതാവുമായ അശ്വിനി കുമാർ ഉപാധ്യായ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കവെയാണ് കോടതി പരാമർശം. നവംബർ 22നകം സത്യവാങ്മൂലം സമർപ്പിച്ച് നിലപാട് വ്യക്തമാക്കാൻ ജസ്റ്റിസുമാരായ എം ആർ ഷായും ഹിമ കോലിയും അടങ്ങുന്ന ബെഞ്ച് കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

" നിർബന്ധിത മതപരിവർത്തനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, അവ യാഥാര്‍ഥ്യമാണെങ്കിൽ, അത് വളരെ ഗുരുതരമായ ഒരു പ്രശ്നമാണ്. ആത്യന്തികമായി രാജ്യസുരക്ഷയെയും മതസ്വാതന്ത്ര്യത്തെയും പ്രതികൂലമായി ബാധിച്ചേക്കാം. ബലപ്രയോഗത്തിലൂടെയോ, വശീകരണത്തിലൂടെയോ, വഞ്ചനാപരമായ മറ്റ് മാർഗങ്ങളിലൂടെയോയുള്ള ഈ നിർബന്ധിത പരിവർത്തനങ്ങൾ തടയുന്നതിന് കേന്ദ്രമോ ബന്ധപ്പെട്ടവരോ എന്ത് നടപടി സ്വീകരിച്ചു എന്നതിനെ ക്കുറിച്ച് കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കണം. അതനുസരിച്ച് സത്യവാങ്മൂലം സമർപ്പിക്കണം " കോടതി വ്യക്തമാക്കി. കേന്ദ്രത്തിന്റെ സത്യവാങ്മൂലം നവംബർ 28-ന് സുപ്രീം കോടതി പരിഗണിക്കും.

ഏത് മതവും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പൗരന്മാർക്കുണ്ടെങ്കിലും നിർബന്ധിതമായി മതപരിവർത്തനം നടത്താൻ ഈ സ്വാതന്ത്ര്യം അനുശാസിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

മതപരിവർത്തനങ്ങളുടെ ഇരകളിൽ ഭൂരിഭാഗം പേരും സാമൂഹികമായും സാമ്പത്തികമായും താഴ്ന്ന ജീവിതനിലവാരത്തിലുള്ളവരാണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. പട്ടികജാതി - പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവരാണ് കൂടുതൽ പേരും. ഇത് ഭരണഘടനയുടെ 14 ,21, 25 എന്നീ അനുച്ഛേദങ്ങളെ വൃണപ്പെടുത്തുന്നു എന്ന് മാത്രമല്ല , മതേതരത്വത്തിന്റെ തത്ത്വങ്ങൾക്ക് എതിരാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ആളുകളെ ദുർമന്ത്രവാദത്തിലൂടെ മതപരിവർത്തനം നടത്തുന്ന സംഭവങ്ങൾ രാജ്യത്തുടനീളം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു.

മധ്യപ്രദേശ്, ഒറീസ പോലുള്ള സംസ്ഥാനങ്ങളിൽ ഇത് സംബന്ധിച്ച നിയമങ്ങൾ നിലവിലുണ്ടെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത കോടതിയെ ധരിപ്പിച്ചു. നിയമങ്ങളുടെ സാധുത മുൻപെ പരമോന്നത കോടതി ശരി വെച്ചതാണെന്നും തുഷാര്‍ മെഹ്ത വ്യക്തമാക്കി. ഈ നിയമങ്ങൾ, ഭരണഘടനപരമായി സാധുവാണെന്ന് സുപ്രീംകോടതി വിധിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗോത്രമേഖലകളിൽ ഇത്തരം നിർബന്ധിത മതപരിവർത്തനങ്ങൾ ആഴ്ചകള്‍ തോറും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ