ബിജെപിക്ക് തനിച്ച് ഭൂരിപക്ഷമില്ലാത്ത കേന്ദ്ര സര്‍ക്കാര്‍, മൂന്നാം മോദി സര്‍ക്കാരിന്റെ നയ രൂപീകരണങ്ങളില്‍ കാതലായ മാറ്റം വരുത്താന്‍ സഖ്യ കക്ഷികള്‍ക്കാകുമോ. ആഭ്യന്തര വിഷയങ്ങള്‍ക്കപ്പുറത്ത് അന്താരാഷ്ട്ര വിഷയങ്ങളിലും പുതിയ മോദി സര്‍ക്കാരിന് ഇനി കരുതലോടെ നീങ്ങേണ്ടിവരും. പ്രത്യേകിച്ച് അയല്‍ രാജ്യങ്ങളുമായുള്ള ബന്ധത്തില്‍. ബംഗ്ലാദേശ്, നേപ്പാള്‍, പാകിസ്താന്‍, ചൈന, ഭൂട്ടാന്‍, മാലദ്വീപ് , ശ്രീലങ്ക ഓരോ അയല്‍ക്കാരുമായി ഓരോ തരത്തിലാണ് ഇന്ത്യയുടെ ചേര്‍ച്ചയും ചേര്‍ച്ചയില്ലായ്മയും.
മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലും അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളുടെ സാന്നിധ്യമുണ്ടായിരുന്നു. എന്നാല്‍ പാകിസ്താന്റെയും ചൈനയുടെയും പ്രതിനിധികള്‍ ഉണ്ടായിരുന്നതുമില്ല. അയല്‍ രാജ്യങ്ങളോട് പല നിലപാടുകള്‍ സ്വീകരിക്കുന്ന ഇന്ത്യയില്‍ പുതിയ സഖ്യകക്ഷി സര്‍ക്കാരിലെ ഘടക കക്ഷികളുടെ നിലപാടും ഈ രാജ്യങ്ങളോട് അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളുടെ നിലപാടും മൂന്നാം മോദി സര്‍ക്കാരിന് മുന്നിലെ പുതിയ വെല്ലുവിളികളാണ്. ഇതില്‍ നദീജല കരാറുകളും അതിര്‍ത്തി തര്‍ക്കങ്ങളും, അഭയാര്‍ഥി വിഷയവും മുതല്‍ പൗരാണിക ബന്ധങ്ങള്‍ വരെ പരിഗണിക്കേണ്ടിവരുമെന്നതും ശ്രദ്ധേയമാണ്. ബിജെപിക്ക് കാര്യമായ വിജയം നേടാന്‍ സാധിക്കാത്ത പശ്ചിമബംഗാളുമായി അതിര്‍ത്തി പങ്കിടുന്ന ബംഗ്ലാദേശും വലിയ തിരിച്ചടി നേരിട്ട ഉത്തര്‍പ്രദേശുമായി അതിര്‍ത്തി പങ്കിടുന്ന നേപ്പാളുമായുള്ള ബന്ധങ്ങള്‍ ഇനി എങ്ങനെയായിരിക്കുമെന്നാണ് ഉയരുന്ന പ്രധാന ചോദ്യം.
ഗംഗാജല ഉടമ്പടി
വോട്ടെണ്ണലിന് മുന്നോടിയായ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പശ്ചിമ ബംഗാളില്‍ ബിജെപി ശക്തി കാണിക്കുമെന്നായിരുന്നു പ്രവചിച്ചത്. എന്നാല്‍ ഫലം വന്നപ്പോള്‍ നേരത്തെയുള്ള 42 സീറ്റിന് പുറമേ തൃണമൂല്‍ കോണ്‍ഗ്രസ് ഏഴ് സീറ്റ് നേടുകയും ബിജെപിക്ക് ആറ് സീറ്റ് നഷ്ടമാകുകയും ചെയ്തു. വിദേശ ബന്ധത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നേരിട്ടുള്ള പങ്കാളിത്തമില്ലെങ്കിലും ഭരണഘടന പ്രകാരം ജലം സംസ്ഥാന സര്‍ക്കാരിന് കീഴില്‍ വരുന്ന വിഷയമാണ്. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് പങ്കാളിത്തമുണ്ട്.
ഗംഗാ നദിയൊഴുകുന്ന പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് ഇന്ത്യ മുന്നണിയിലും അയല്‍ സംസ്ഥാനമായ ബിഹാറിലെ ഭരണകക്ഷിയായ നിതീഷ് കുമാര്‍ എന്‍ഡിഎ മുന്നണിയിലുമാണ്. മാത്രവുമല്ല, മോദി സര്‍ക്കാരിലെ മൂന്നാമത്തെ പ്രധാന കക്ഷിയായ ജെഡിയുവിന്റെ വാക്കുകള്‍ക്ക് സര്‍ക്കാരില്‍ പ്രാധാന്യമുള്ളത് കൊണ്ട് തന്നെ നിതീഷ് കുമാറിന് നയരൂപീകരണങ്ങളിലും സ്ഥാനമുണ്ടാകും. ഇവിടെയാണ് ബംഗ്ലാദേശുമായുള്ള ഇന്ത്യയുടെ ഗംഗ ഉടമ്പടി പ്രസക്തമാകുന്നത്.
1996-ലാണ് ഇന്ത്യയും ബംഗ്ലാദേശും ഗംഗ ഉടമ്പടിയില്‍ ഒപ്പുവെക്കുന്നത്. പശ്ചിമ ബംഗാളില്‍ നിന്നും ബിഹാറിലൂടെയും ഒഴുകി ബംഗാദേശിലെത്തുന്ന ഗംഗാ നദിയില്‍ നിന്നും ഇരുരാജ്യങ്ങള്‍ക്കും തുല്യമായ അളവില്‍ വെള്ളമെടുക്കാനുള്ള ഉടമ്പടിയായിരുന്നു അത്. ഇരുരാജ്യങ്ങളും തമ്മില്‍ വളരെ ബുദ്ധിമുട്ടി ചര്‍ച്ച ചെയ്ത ഉടമ്പടിയുടെ കാലാവധി 2026-ല്‍ അവസാനിക്കും. നിലവിലെ സാഹചര്യത്തില്‍ അടുത്ത ഉടമ്പടിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ബംഗ്ലാദേശിനോടെന്ന പോലെ ബിഹാറിനോടും ബംഗാളിനോടും നടത്തേണ്ടതുണ്ട്.
ഇരുരാജ്യങ്ങളുടെയും താല്‍പര്യമനുസരിച്ചായിരിക്കും ചര്‍ച്ചകള്‍ നടക്കുന്നത്. എന്നാല്‍ ഇരുരാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാരും കേന്ദ്ര ജല അതോറിറ്റികളും ചേര്‍ന്നുള്ള ചര്‍ച്ചകള്‍ക്ക് പകരം പൊതുവായുള്ള ചര്‍ച്ചകളും സംവാദങ്ങളുമാണ് കൂടുതല്‍ സുസ്ഥിരമായിരിക്കുക. നേരത്തെ മമത വീറ്റോ ചുമത്തിയതും രാഷ്ട്രീയ സമവായത്തിന്റെ അഭാവവും ബംഗാളില്‍ നിന്നു ബംഗ്ലാദേശിലേക്കുള്ള ടീസ്ത നദിയുമായി ബന്ധപ്പെട്ട ഉടമ്പടിയെ സാരമായി ബാധിച്ചിരുന്നു. അടുത്ത വര്‍ഷം പുതിയ ഗംഗാ ഉടമ്പടി രൂപീകരിക്കുന്നതിലൂടെയോ പഴയത് തുടരുന്നതിലൂടെയോ രാഷ്ട്രീയ സമവായം ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.
നേപ്പാളുമായുള്ള നയപരമായ ബന്ധം
ബിജെപിക്ക് അപ്രതീക്ഷിതമായ ഫലം വന്നത് ഉത്തര്‍പ്രദേശില്‍ നിന്നുമാണ്. 2019ല്‍ 62 എംപിമാരെ കിട്ടിയ യുപിയില്‍ നിന്നും 33 പേരെ മാത്രമേ ഇത്തവണ വിജയിപ്പിക്കാന്‍ സാധിച്ചുള്ളു. ഉത്തര്‍പ്രദേശ് ഇപ്പോഴും ഭരിക്കുന്നത് ബിജെപിയാണെങ്കിലും പാര്‍ലമെന്റില്‍ പ്രതിപക്ഷമായ ഇന്ത്യ മുന്നണിയില്‍ നിന്നുള്ള എംപിമാരാണ് കൂടുതല്‍. എന്നാല്‍ നേപ്പാളിലെ പുരാതന രാജകുടുംബവുമായി ചരിത്രപരമായ ബന്ധമുള്ള ഗൊരഖ്‌നാഥ് ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനാണ് യുപി മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ്.
വിദേശ ബന്ധത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കാര്യമായ പങ്കില്ലെങ്കിലും നേപ്പാളുമായുള്ള ഇന്ത്യന്‍ ബന്ധത്തെ സ്വാധീനിക്കുന്നതില്‍ ഗൊരഖ്‌നാഥ് ക്ഷേത്രത്തിന് നിര്‍ണായക പങ്കുണ്ട്. 2015ല്‍ ഇന്ത്യയില്‍ നിന്നും നേപ്പാളിലേക്കുള്ള ചരക്കുകള്‍ തടഞ്ഞത് മുതല്‍ മാപ്പിലെ അതിര്‍ത്തി പ്രദേശങ്ങളുമായി ബന്ധപ്പെട്ട അടുത്തിടെയുള്ള പ്രശ്‌നങ്ങള്‍ വരെ കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ നിരവധി വിള്ളലുകള്‍ നേപ്പാളുമായുള്ള ബന്ധത്തിലുണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ നേപ്പാളുമായുള്ള പുതിയ സര്‍ക്കാരിന്റെ ഇടപെടലുകള്‍ എങ്ങനെയാണെന്നതും നോക്കികാണണം.
പക്ഷേ ഇവിടെയും നിതീഷ് കുമാറിന് വ്യത്യസ്ത അഭിപ്രായമുണ്ടാകാം. കോശി തടത്തിലെ വെള്ളപ്പൊക്കം നിയന്ത്രിക്കാന്‍ നേപ്പാളിന്റെ സഹായമുള്ളതിനാല്‍ തന്നെ ബിഹാറിന് നേപ്പാളുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കാന്‍ സാധിക്കില്ല. ഇരുരാജ്യങ്ങളിലെയും നിര്‍ണായക കാര്യങ്ങളില്‍ മേല്‍ പറഞ്ഞ സംസ്ഥാനങ്ങളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും അഭിപ്രായങ്ങള്‍ക്ക് വലിയ സ്ഥാനമാണുള്ളത്. അതുകൊണ്ട് തന്നെ മുന്‍ ഘട്ടങ്ങളിലെ പോലെ ബിജെപിക്കോ മോദിക്കോ ഒറ്റയ്ക്കുള്ള നിലപാടിലൂടെ കാര്യങ്ങളെ സമീപിക്കാന്‍ സാധിക്കുമോയെന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.