INDIA

'സ്ഥാനാർഥിയാക്കിയില്ലെങ്കിലും മത്സരിക്കും'; കർണാടകയിൽ ബിജെപിക്ക് വിമത ഭീഷണിയുമായി മുൻ മുഖ്യമന്ത്രി ജഗദീഷ് ഷട്ടാർ

സിറ്റിങ് സീറ്റായ ഹുബ്ബള്ളി ധാർവാഡ് സെൻട്രൽ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് കഴിഞ്ഞ മൂന്നുമാസമായി ഷെട്ടാർ

ദ ഫോർത്ത് - ബെംഗളൂരു

കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിക്കറ്റില്ലെന്നറിഞ്ഞ് ബിജെപി നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് മുൻ മുഖ്യമന്ത്രി ജഗദീഷ് ഷട്ടാർ. തിരഞ്ഞെടുപ്പ് കളത്തിൽ നിന്ന് ഇത്തവണ മാറി നിൽക്കാൻ ദേശീയ നേതൃത്വത്തിന്റെ നിർദേശം വന്നതിന് തൊട്ടു പിന്നാലെയായിരുന്നു വാർത്താ സമ്മേളനത്തിലൂടെ ഷട്ടാർ അതൃപ്തി പരസ്യമാക്കിയത് .

ദേശീയ നേതൃത്വം തീരുമാനം പുനഃപരിശോധിച്ച് ശരിയായ തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്
ജഗദീഷ് ഷട്ടാർ

"മത്സരിക്കേണ്ടെങ്കിൽ അത് നേരത്തെ പറയാമായിരുന്നു . മുതിർന്ന നേതാക്കൾക്ക് അവരുടെ തീരുമാനം അറിയിക്കാനുള്ള അവസരം ഉണ്ടായിരുന്നു. എന്നാലിപ്പോൾ നാമനിർദേശ പത്രിക സമർപ്പണം അടുത്ത് വന്നപ്പോഴാണ് മത്സരത്തിൽ നിന്ന് മാറി നില്‍ക്കാൻ ആവശ്യപ്പെടുന്നത്. ഇത് ശരിയായ രീതിയല്ല, ഇതെന്നെ വേദനിപ്പിച്ചു. ഞാൻ എന്തായാലും മത്സരത്തിൽ നിന്ന് പിന്മാറില്ല, ദേശീയ നേതൃത്വം നിലപാട് പുനഃപരിശോധിച്ച് ശരിയായ തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്," ജഗദീഷ് ഷട്ടാർ ഹുബ്ബള്ളിയിൽ മാധ്യമങ്ങളോട്‌ പറഞ്ഞു.

ബിജെപിയുടെ ശക്തി കേന്ദ്രമായ ഹുബ്ബള്ളി ധാർവാഡ് സെൻട്രൽ മണ്ഡലത്തിലെ എംഎൽഎയാണ് ജഗദീഷ് ഷട്ടാർ. ആറ് തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഒരു തവണ പോലും രാഷ്ട്രീയത്തിൽ മോശം പ്രതിച്ഛായ സൃഷ്ടിക്കുകയോ പാർട്ടിക്ക് കളങ്കം ഉണ്ടാക്കുകയോ ചെയ്തിട്ടില്ലാത്ത തന്നെ എന്തിനാണ് മാറ്റിനിർത്തുന്നതെന്നാണ് നേതൃത്വത്തോട് ഷട്ടാറിന്റെ ചോദ്യം. തന്നെ മത്സരിപ്പിക്കുന്നതാണ് പാർട്ടിക്ക് ഉചിതം. അല്ലാത്ത പക്ഷം തന്റെ തീരുമാനം പാർട്ടിക്ക് എതിരാകുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

മുതിർന്ന നേതാവ് കെ എസ് ഈശ്വരപ്പ ടിക്കറ്റില്ലാത്തതിനെ തുടർന്ന്  തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ ആയിരുന്നു ജഗദീഷ് ഷട്ടാർ പാർട്ടിക്കെതിരെ പരസ്യമായി രംഗത്ത് വന്നത്. ഇരു നേതാക്കളുടെയും നിലപാട് തിരഞ്ഞെടുപ്പിൽ ബിജെപിയെ പ്രതികൂലമായി ബാധിക്കുമെന്നുറപ്പാണ്. ഹുബ്ബള്ളി ധാർവാഡ് സെൻട്രൽ മണ്ഡലത്തിൽ നടത്തിയ ആഭ്യന്തര സർവെയിൽ പുതുമുഖത്തെ ഇറക്കണമെന്ന അഭിപ്രായം രൂപപ്പെട്ടതാണ് ഷെട്ടാറിന് വിനയായത് എന്നാണ് റിപ്പോർട്ട്.

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്