INDIA

അഴിമതി, ലൈംഗികാതിക്രമ പരാതികളിൽ നടപടിയെടുത്തില്ല; വിനോദ് റായിക്കെതിരെ ​ഗുരുതര ആരോപണവുമായി മുൻ പോലീസ് കമ്മീഷണർ

കായികരംഗത്തെ അഴിമതിക്കെതിരെ പ്രതികരിക്കാതിരുന്ന വിനോദ് റായ്, ലൈംഗിക പരാതികളിൽ നടപടി സ്വീകരിച്ചില്ലെന്നും മുൻ പോലീസ് ഉദ്യോഗസ്ഥൻ നീരജ് കുമാർ ആരോപിക്കുന്നു

വെബ് ഡെസ്ക്

മുൻ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ വിനോദ് റായിക്കെതിരെ ഗുരുതര ആരോപണവുമായി ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാ​ഗം മുൻ മേധാവിയും മുൻ പോലീസ് കമ്മീഷണറുമായ നീരജ് കുമാർ. ക്രിക്കറ്റിലെ അഴിമതികളെക്കുറിച്ച് എഴുതിയ 'എ കോപ്പ് ഇൻ ക്രിക്കറ്റ്' എന്ന പുസ്തകത്തിലാണ് വിനോദ് റായ് അഴിമതി, ലൈംഗികാതിക്രമ പരാതികൾ ഉൾപ്പടെയുള്ളവയിൽ നടപടിയെടുത്തില്ലെന്നുള്ള ഗുരുതര ആരോപണങ്ങൾ നീരജ് കുമാർ ഉന്നയിച്ചിരിക്കുന്നത്.

2ജി സ്‌പെക്‌ട്രം, കൽക്കരി ഖനന ലൈസൻസ് എന്നിവയിലൂടെ മൻമോഹൻ സിങ് സർക്കാർ സംസ്ഥാന ഖജനാവിന് നഷ്ടം വരുത്തിയെന്ന് ആരോപിച്ച് തയ്യാറാക്കിയ ഓഡിറ്റ് റിപ്പോർട്ടുകളിലൂടെയും 2010 കോമൺവെൽത്ത് ഗെയിംസിന്റെ സംഘാടകനെന്ന നിലയിലുമാണ് വിനോദ് റായ് ശ്രദ്ധേയനാകുന്നത്. എന്നാൽ കടുത്ത വിമർശനങ്ങളെ തന്റെ രീതിശാസ്ത്രത്തിലൂടെയാണ് റായ് ന്യായീകരിച്ചത്. മറ്റ് ആരോപണങ്ങളെയെല്ലാം ധീരതയോടെ നേരിട്ട വിനോദ് റായ് ക്രിക്കറ്റ് അഴിമതി ആരോപണത്തിൽനിന്ന് ഒളിച്ചോടിയെന്ന വിമർശനമാണ് ഉയർന്നിരിക്കുന്നത്.

2017 ജനുവരിയിൽ കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സ് (സിഒഎ) മേധാവിയായി റായിയെ നിയോ​ഗിക്കാൻ സുപ്രീം കോടതിയെ പ്രേരിപ്പിച്ചത് അദ്ദേ​ഹത്തിന്റെ പ്രവർത്തനപാടവമാണ്. 2013ലെ ഒത്തുകളി വിവാദത്തിൽ കുടുങ്ങിയ ഇന്ത്യൻ ക്രിക്കറ്റ് ബോർഡിനെ (ബിസിസിഐ) പരിഷ്കരിക്കാനായിരുന്നു ഈ തീരുമാനം. നിയമന ഉത്തരവ് ലഭിച്ച് മാസങ്ങൾക്കുള്ളിൽ രണ്ട് സിഒഎ അംഗങ്ങൾ, രാമചന്ദ്ര ഗുഹയും വിക്രം ലിമായെയും രാജിവച്ചു. ഇതോടെ ഇന്ത്യൻ ക്രിക്കറ്റിനെ പരിഷ്കരിക്കുകയെന്ന ദൗത്യം ഡയാന എഡുൽജിക്കും റായിക്കുമായി. രാഹുൽ ജോഹ്രി ആയിരുന്നു ബിസിസിഐ സിഇഒ. നീരജ് കുമാറിന്റെ കീഴിലായിരുന്നു ബിസിസിഐയുടെ അഴിമതിവിരുദ്ധ വിഭാ​ഗം പ്രവർത്തിച്ചിരുന്നത്.

അന്വേഷണങ്ങൾക്ക് പേരുകേട്ട നീരജ് കുമാർ 2015 മെയിൽ മൂന്ന് വർഷത്തേക്കാണ് ബിസിസിഐ അഴിമതി വിരുദ്ധ വിഭാ​ഗ മേധാവിയായി നിയമിതനായത്. ക്രിക്കറ്റിലെ അഴിമതികളെക്കുറിച്ച് അദ്ദേഹം എഴുതിയ 'എ കോപ്പ് ഇൻ ക്രിക്കറ്റ്' എന്ന പുസ്തകത്തിൽ, അദ്ദേഹം സമർപ്പിച്ച അഴിമതി റിപ്പോർട്ടുകളിൽ റായ് നടപടി സ്വീകരിച്ചില്ലെന്നാണ് ആരോപിക്കുന്നത്. ഹരിയാനയിലെ മഹേന്ദ്രഗഡ് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയുടെ അസിസ്റ്റന്റ്, ടീമിൽ ഉൾപ്പെടുത്തുന്നതിന് ക്രിക്കറ്റ് താരങ്ങളിൽ നിന്ന് ലൈംഗിക ആനുകൂല്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച അന്വേഷണ റിപ്പോർട്ട് റായിക്കും ജോഹ്രിക്കും കുമാർ സമർപ്പിച്ചിരുന്നു. എന്നാൽ റിപ്പോർട്ട് കണ്ടതായി ഓർക്കുന്നില്ലെന്നാണ് ഇരുവരും പ്രതികരിച്ചതെന്ന് കുമാർ പുസ്തകത്തിൽ പറയുന്നു.

ഓസ്‌ട്രേലിയൻ ലീഗ് മത്സരങ്ങളിൽ കൃത്രിമം കാണിക്കുമെന്ന് രണ്ട് ഇന്ത്യക്കാർ പറയുന്നത് 2017 ഡിസംബറിൽ ബ്രിട്ടീഷ് ടാബ്ലോയിഡായ ദി സൺ ക്യാമറയിൽ പകർത്തിയിരുന്നു. ഇതേത്തുടർന്ന് ബിസിസിഐ മേധാവികളെ കുറ്റമാരോപിച്ച് നിരവധി മാധ്യമ റിപ്പോർട്ടുകൾ പുറത്തുവരികയും ഇത് അപകടകരമാണെന്ന് ജോഹ്രി കുമാറിനെ അറിയിക്കുകയും ചെയ്തു. ബിസിസിഐ ഉദ്യോഗസ്ഥരെയും സിഒഎയെയും അഴിമതിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമാക്കാൻ മാസങ്ങളോളം കുമാർ ശ്രമിച്ചെങ്കിലും കാര്യമായ ഫലമുണ്ടായില്ല.

തങ്ങളുടെ സേവനത്തിന് പണം നൽകിയിട്ടില്ലെന്ന് ആരോപിച്ച് 2017 ഒക്ടോബറിൽ ന്യൂസിലൻഡ് ഉൾപ്പെടുന്ന രണ്ട് മത്സരങ്ങൾക്ക് സുരക്ഷ നൽകാൻ മഹാരാഷ്ട്ര പോലീസ് വിസമ്മതിച്ചു. മത്സരം നടക്കുന്നത് ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യയുടെ (സിസിഐ) ഉടമസ്ഥതയിലുള്ള ബാർബോൺ സ്റ്റേഡിയത്തിലായതിനാൽ ബിസിസിഐയാണ് ചെലവ് വഹിക്കേണ്ടത്. ജോഹ്രിക്ക് അയച്ച കത്തിലാണ് സിസിഐ ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ സിസിഐയുടെ കത്തിനോട് ജോഹ്രി പ്രതികരിച്ചിട്ടില്ലെന്നാണ് കുമാർ ചൂണ്ടിക്കാട്ടുന്നത്. ആളുകളെ കുറ്റപ്പെടുത്തുന്നത് നിർത്തി പ്രശ്നം പരിഹരിക്കാൻ ശ്രമിക്കാനാണ് ജോഹ്രി ആവശ്യപ്പെട്ടത്. തന്നോടുള്ള മര്യാദയില്ലാത്ത പെരുമാറ്റം ഇത്ര നാൾ സഹിച്ചെന്നും ഇനിയത് പ്രതീക്ഷിക്കേണ്ടെന്നും കുമാർ ആഞ്ഞടിച്ചു.

തുടർന്ന് സി‌സി‌ഐ പ്രശ്‌നത്തെക്കുറിച്ച് റായിയെ കുമാർ അറിയിച്ചു. ജോഹ്രി കടുത്ത അപകർഷതാ ബോധമുള്ള ആളാണെന്നും താൻ അദ്ദേഹത്തിന് ഉചിതമായി മുന്നറിയിപ്പ് നൽകാമെന്നും റായി ഉറപ്പുനൽകി. മണിക്കൂറുകൾക്ക് ശേഷം സിഒഎ മീറ്റിങ് സംഘടിപ്പിച്ചപ്പോൾ നടന്ന കാര്യങ്ങൾ എല്ലാം മറന്നതുപോലെ റായി അഭിനയിക്കുകയും കാര്യം വിശദീകരിക്കാൻ വീണ്ടും കുമാറിനോട് ആവശ്യപ്പെടുകയും ചെയ്തു. സ്തബ്ധനായ കുമാർ കൃത്യനിർവഹണത്തിലെ ജോഹ്രിയുടെ വീഴ്ച ചൂണ്ടിക്കാണിച്ച ശേഷം മീറ്റിങ്ങിൽനിന്ന് ഇറങ്ങിപ്പോകുകയാണുണ്ടായത്.

2018 ഫെബ്രുവരിയിൽ ബിസിസിഐയിലെ വനിതാ ജീവനക്കാരി ജോഹ്രിക്കെതിരെ ലൈംഗികാതിക്രമം ആരോപിച്ച് പരാതി നൽകി. ഇതിൽ ജോഹ്രിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് റായിയും എഡുൽജിയും ഉറപ്പുനൽകിയിരുന്നു. ദിവസങ്ങൾക്കുശേഷം, പരാതിയെക്കുറിച്ച് കുമാർ റായിയോട് ചോദിച്ചപ്പോൾ, യുവതിയിൽനിന്ന് രേഖാമൂലം പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു പ്രതികരണം. രേഖാമൂലം പരാതി നൽകിയ ശേഷവും ആഭ്യന്തര സമിതിയിലേക്ക് പരാതി കൈമാറിയില്ലെന്നതാണ് കുമാറിനെ അത്ഭുതപ്പെടുത്തിയത്. പിന്നീട് ജോഹ്‌രി ക്ഷമാപണം നടത്തിയതിനെത്തുടർന്നാണ് യുവതി പരാതി പിൻവലിച്ചത്.

മാസങ്ങൾക്കുശേഷം, ഡിസ്കവറി ചാനലിൽ ഉണ്ടായിരുന്നപ്പോൾ ജോഹ്രി തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് മറ്റൊരു സ്ത്രീയും രം​ഗത്തെത്തി. ബിസിസിഐയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കിയാൽ കരാർ പ്രകാരം ജോഹ്രിയെ പുറത്താക്കാനുള്ള വ്യവസ്ഥയുണ്ട്. അതിനാൽ നടപടിയെടുക്കുന്നതിൽ എഡുൽജി അനുകൂലിച്ചു. തുടക്കത്തിൽ ഈ തീരുമാനത്തോട് സമ്മതമായിരുന്ന റായ് പിന്നീട് മനസ് മാറ്റി. തുടർന്ന് മൂന്നംഗ അന്വേഷണ സമിതി രൂപീകരിച്ചു. സമിതിയിലുള്ളവരെ തിരഞ്ഞെടുത്തത് ആരാണെന്ന് ആർക്കും അറിയില്ലെന്നാണ് കുമാർ വ്യക്തമാക്കുന്നത്. സമിതിക്ക് മുൻപാകെ മൊഴി നൽകാൻ കുമാർ ജോഹ്രിയോട് ആവശ്യപ്പെട്ടു. കേസിൽ തന്റെ സത്യസന്ധത തെളിയിക്കാൻ സാധിക്കാഞ്ഞതിനാൽ ജോഹ്രി പുറത്താക്കപ്പെട്ടു.

ബിസിസിഐയിൽ അതീവ താല്പര്യമുള്ള ശക്തനായ ഒരു കേന്ദ്രമന്ത്രിയുമായി ജോഹ്രി അടുപ്പത്തിലായിരുന്നുവെന്ന് കുമാർ പറയുന്നു. അതിനെ പിന്തുണയ്ക്കുന്നതാണ് രാമചന്ദ്ര ഗുഹയുടെ 'ദ കോമൺവെൽത്ത് ഓഫ് ക്രിക്കറ്റ്' എന്ന പുസ്തകം. ബിസിസിഐയിലെ സ്ഥിതിഗതികൾ മെച്ചപ്പെടുത്താൻ സാധിക്കാതെപോയ റായിയെക്കുറിച്ച് വ്യക്തമായാണ് പുസ്തകത്തിൽ വിശദീകരിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റിന്റെ തലപ്പത്തിരിക്കുന്നവർക്കെതിരെ ഒന്നും ചെയ്യാൻ കഴിയാതെപോയതാണ് റായിയുടെ തെറ്റെന്നും ഗുഹ ചൂണ്ടിക്കാട്ടുന്നു. പഴയ നിലയിലേക്കുള്ള ബിസിസിഐയുടെ തിരിച്ചുവരവ് അമിത് ഷായുടെ മേൽനോട്ടത്തിലായിരുന്നുവെന്നും ​ഗുഹ വ്യക്തമാക്കുന്നു.

2017 ഡിസംബറിലാണ് 2ജി അഴിമതിക്കേസിലെ പ്രതികളെ പ്രത്യേക കോടതി വെറുതെവിടുന്നത്. മുൻ കേന്ദ്രമന്ത്രി എ രാജയും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു. മൻമോഹൻ സിങ് സർക്കാരിനെ കൊല്ലാൻ വാടകയ്‌ക്കെടുത്ത ഒരു കൊലയാളിയാണ് രാജയെന്നാണ് റായി ആരോപിച്ചത്. 2ജിയിൽ മൻമോഹൻ സിങ്ങിനെ പരാമർശിക്കാതിരിക്കാൻ സമ്മർദം ചെലുത്തിയ എംപിമാരിൽ ഒരാളായി കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപമിനെ പരാമർശിച്ചത് വസ്തുതാപരമായി തെറ്റാണെന്ന് തിരിച്ചറിഞ്ഞ് 2021ൽ റായ് മാപ്പ് ചോദിച്ചിരുന്നു.

രാഹുലിന് വന്‍ ഭൂരിപക്ഷം, വിജയം 18,806 വോട്ടുകൾക്ക്, പ്രിയങ്കയുടെ ലീഡ് നാലു ലക്ഷം പിന്നിട്ടു | Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്രയില്‍ ചരിത്രവിജയവുമായി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നേറ്റം തുടര്‍ന്ന് ഇന്ത്യ മുന്നണി | Maharashtra Jharkhand Election Results Live

'കെ സുരേന്ദ്രനെ അടിച്ചുപുറത്താക്കി ചാണക വെള്ളം തളിക്കണം'; രൂക്ഷ വിമര്‍ശനവുമായി സന്ദീപ് വാര്യര്‍

ചെങ്കോട്ട കാത്ത് എല്‍ഡിഎഫ്; ചേലക്കരയില്‍ പ്രദീപിന്റെ ലീഡ് 11000 കടന്നു

മഹാരാഷ്ട്രയില്‍ മഹാകാവ്യം രചിച്ച് മഹായുതി; കേവല ഭൂരിപക്ഷകടന്ന് ചരിത്രവിജയവുമായി മുന്നേറ്റം തുടരുന്നു