INDIA

മുൻ വിദേശകാര്യ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ നട്‌വർ സിംഗ് അന്തരിച്ചു

1984 ല്‍ രാജ്യം പദ്മഭൂഷണ്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചു

വെബ് ഡെസ്ക്

മുൻ വിദേശകാര്യ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ നട്‌വർ സിംഗ് അന്തരിച്ചു. ഇന്നലെ രാത്രിയോടെ ഗുരു​ഗ്രാമിലെ മെടന്ത ആശുപത്രിയിലായിരുന്നു അന്ത്യം. 93 വയസായിരുന്നു. ദീർഘകാലം അസുഖബാധിതനായി ചികിത്സയിലായിരുന്നു. മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്ന 2004-05 കാലത്ത് വിദേശകാര്യ മന്ത്രിയായിരുന്നു. എഴുത്തുകാരനും ചരിത്രകാരനുമായ നട്‌വർ സിംഗ്, നേരത്തെ ഐഎഫ്എസ് ഉദ്യോഗസ്ഥനായിരുന്നു.

1931ൽ രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിലാണ് നട്‌വ‌ർ സിം​ഗ് ജനിച്ചത്. വിദേശകാര്യ സർവിസിൽ നയതന്ത്രജ്ഞനായിരുന്ന അദ്ദേഹം പിന്നീട് രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റുകയായിരുന്നു. 1953ൽ ഇന്ത്യൻ ഫോറിൻ സർവീസ് ഓഫീസറായിരുന്ന അദ്ദേഹം 1984ൽ രാജസ്ഥാനിലെ ഭരത്പൂരിൽ നിന്ന് മത്സരിച്ച് ലോക്‌സഭാ എംപിയായതോടെ നേരത്തെ വിരമിച്ചു.

1985-86 കാലഘട്ടത്തിൽ രാജീവ് ഗാന്ധി സർക്കാറിൽ ഇരുമ്പുരുക്ക്, ഖനി, കാർഷിക വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചിരുന്നു. പിന്നീട് 1986 മുതൽ 89 വരെ വിദേശകാര്യ സഹമന്ത്രിയായും പ്രവർത്തിച്ചു. യു.കെയിലെ ഇന്ത്യൻ ഡെപ്യൂട്ടി ഹൈകമ്മിഷണറായും സാംബിയയിലെ ഇന്ത്യൻ ഹൈകമ്മിഷണറായും പ്രവർത്തിച്ചു. ഇന്ത്യ-പാക് ബന്ധം നിർണായകമായ 1980-82 കാലത്ത് പാകിസ്താനിലെ ഇന്ത്യൻ അംബാസഡറായിരുന്നു.

2005 ല്‍ വിദേശകാര്യ മന്ത്രിയായിരിക്കെ ഇറാഖില്‍ നിന്നും എണ്ണയ്ക്ക് പകരം ഭക്ഷണം പദ്ധതി കുംഭകോണത്തില്‍ ആരോപണ വിധേയനായ നട്​വര്‍ സിംഗ് രാജിവച്ചു. പിന്നാലെ 2008ഓടെ കോണ്‍ഗ്രസ് വിട്ടു. പിന്നീട് ബിഎസ്‌പിയില്‍ ചേര്‍ന്നെങ്കിലും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നട്‌വർ സിംഗിനെ ബിഎസ്‌പിയും പുറത്താക്കി.

1984ല്‍ രാജ്യം പദ്മഭൂഷണ്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചു. ലെഗസി ഓഫ് നെഹ്‌റു: എ മെമ്മോറിയൽ ട്രിബ്യൂട്ട്, മൈ ചൈന ഡയറി 1956-88, വൺ ലൈഫ് ഈസ് നോട്ട് ഇനഫ് (ആത്മകഥ) തുടങ്ങി നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. വണ്‍ ലൈഫ് ഈസ് നോട്ട് ഇനഫിലൂടെ വിവാദ വെളിപ്പെടുത്തലുകളും നട്​വര്‍ സിങ് നടത്തിയിരുന്നു.

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍