ഹരിയാനയിലെ നൂഹ് ജില്ലയിൽ മതപരമായ ഘോഷയാത്രയ്ക്കിടെയുണ്ടായ വർഗീയ സംഘർഷത്തെ തുടർന്നുണ്ടായ ആക്രമണങ്ങളിൽ ഗുരുഗ്രാമിലെ അഞ്ജുമൻ ജുമാ മസ്ജിദിൽ ഇമാം കൊലപ്പെട്ട സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. അയൽ ഗ്രാമമായ ടിഗ്രയിൽ നിന്നുള്ള അങ്കിത്, രാഹുൽ, രവീന്ദർ, രാകേഷ് എന്നീ നാല് പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അന്വേഷണം തുടരുകയാണെന്നും കേസിലെ മറ്റ് പ്രതികളെ ഉടൻ പിടികൂടുമെന്നും പോലീസ് കൂട്ടിച്ചേർത്തു.
പ്രതികൾ ഏതെങ്കിലും സംഘടനയുമായി ബന്ധമുള്ളവരാണോ എന്നത് അന്വേഷിച്ച് വരികയാണെന്നും ഇമാമായ മൗലാന സാദിന് ഒമ്പത് തവണ കുത്തേറ്റതായും കഴുത്തിലേറ്റ കുത്താണ് മരണകാരണമെന്നും പോലീസ് പറഞ്ഞു. ഗുരുഗ്രാമിലെ സെക്ടർ 57ൽ സ്ഥിതി ചെയ്യുന്ന അഞ്ജുമാൻ ജുമാ മസ്ജിദിനു പുറത്ത് രാത്രി 12:15 ഓടെ തടിച്ചുകൂടിയ നൂറോളം പേരടങ്ങുന്ന ജനക്കൂട്ടം മസ്ജിദിന് തീയിടുകയായിരുന്നു. സംഘത്തിന്റെ പക്കൽ ലാത്തികളും ആയുധങ്ങളുമുണ്ടായിരുന്നു.
അവരിൽ ചിലർ മുഖം മറച്ചിരുന്നതായും ജയ് ശ്രീറാം വിളികളുമായാണ് പള്ളി വളഞ്ഞതെന്നും എഫ്ഐആറിൽ പറയുന്നു. പോലീസും മുസ്ലീം സമുദായത്തിലെ ചിലരും തീ അണയ്ക്കാൻ ശ്രമിച്ചപ്പോൾ ചിലർ പള്ളിക്കുള്ളിൽ കയറി വെടിയുതിർത്തു. പള്ളിയുടെ കെയർടേക്കർ ഖുർഷിദ് ആലത്തിന് വെടിയേറ്റിരുന്നു. ഇയാൾ നിലവിൽ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഗുരുഗ്രാമിന്റെ പല ഭാഗങ്ങളിലെയും മുസ്ലീം സമുദായത്തിൽപ്പെട്ട കടകളും വീടുകളും ജനക്കൂട്ടം കത്തിച്ചു. തുടർന്ന് വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ്ദളും പ്രതിഷേധങ്ങളും നടത്തിയിരുന്നു. ഗുരുഗ്രാം പോലീസ് 15 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്യുകയും 30 ഓളം പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. നുഹ് പോലീസ് ഇതുവരെ 26 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്യുകയും 116 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.