INDIA

സ്ഥാനമൊഴിയാൻ ദിവസങ്ങൾ മാത്രം ബാക്കി; ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അവസാന ആഴ്ച തീർപ്പാക്കുക നാല് കേസുകൾ

നവംബർ 8 ആണ് ചീഫ് ജസ്റ്റിസിന്റെ അവസാന പ്രവൃത്തി ദിനം

വെബ് ഡെസ്ക്

ഈ മാസം പത്തിന് സ്ഥാനമൊഴിയാനിരിക്കെ, ചീഫ് ജസ്റ്റിസ് (സിജെഐ) ഡി വൈ ചന്ദ്രചൂഡ് അവസാനയാഴ്ച വിധി പ്രസ്താവിക്കുക നാല് കേസുകളിൽ. നവംബർ 8 ആണ് ചീഫ് ജസ്റ്റിസിന്റെ അവസാന പ്രവൃത്തി ദിനം. അലിഗഡ് മുസ്ലീം സർവകലാശാലയുടെ (എഎംയു) ന്യൂനപക്ഷ പദവി, 2004ലെ ഉത്തർപ്രദേശ് ബോർഡ് ഓഫ് മദ്രസ എജ്യുക്കേഷൻ ആക്ടിൻ്റെ സാധുത, സമ്പത്ത് പുനർവിതരണ പ്രശ്നം, ജെറ്റ് എയർവേസിൻ്റെ ഉടമസ്ഥത സംബന്ധിച്ച തർക്കം എന്നിവയാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ചുകൾ അവസാന ആഴ്ച വിധി പറയാൻ പോകുന്ന കേസുകൾ.

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 30 പ്രകാരം അലിഗഡ് മുസ്ലീം സർവകലാശാല (എഎംയു)ക്ക് ന്യൂനപക്ഷ പദവിക്ക് അർഹതയുണ്ടോയെന്ന വിഷയമാണ് ഇതിൽ ഒന്നാമത്തേത്. ഫെബ്രുവരി ഒന്നിന്, ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, സൂര്യകാന്ത്, ജെ ബി പർദിവാല, ദീപാങ്കർ ദത്ത, മനോജ് മിശ്ര, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ഏഴംഗ ഭരണഘടനാ ബെഞ്ച് ഇത് സംബന്ധിച്ച ഒരു കൂട്ടം ഹർജികൾ ഫെബ്രുവരി ഒന്നിനാണ് വിധി പറയാൻ മാറ്റിയത്. എട്ട് ദിവസം കോടതി വാദം കേട്ടിരുന്നു. 2019 ഫെബ്രുവരിയിൽ അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് ഏഴ് ജഡ്ജിമാരുടെ പരിഗണനയ്ക്ക് വിട്ടത്.

സമ്പത്ത് പുനർവിതരണ പ്രശ്നമാണ് മറ്റൊരു കേസ്. ഭരണഘടനയുടെ ആർട്ടിക്കിൾ 39 (ബി) പ്രകാരം സ്വകാര്യ സ്വത്തുക്കൾ സമുദായത്തിന്റെ ഭൗതിക വിഭവങ്ങൾ ആയി കണക്കാക്കാമോ, അതുപ്രകാരം പൊതുനന്മക്കായി സംസ്ഥാനങ്ങൾക്ക് അത് ഏറ്റെടുക്കാമോ എന്നതാണ് ഈ കേസിനാധാരം. മേയ് ഒന്നിന് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, ബി വി നാഗരത്ന, സുധാംശു ധൂലിയ, ജെ ബി പർദിവാല, മനോജ് മിശ്ര, രാജേഷ് ബിന്ദാൽ, സതീഷ് ചന്ദ്ര ശർമ, അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് ആണ് കേസ് വിധി പറയാനായി മാറ്റിയത്. ഇതോടൊപ്പം ഭരണഘടനയുടെ ആർട്ടിക്കിൾ 31 സിയിലെ നിലപാടും കോടതി തീർപ്പാക്കും.

യുപി ബോർഡ് ഓഫ് മദ്രസ എജ്യുക്കേഷൻ ആക്ട് 2004 ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ച അലഹബാദ് ഹൈക്കോടതിയുടെ തീരുമാനത്തെ ചോദ്യം ചെയ്തുള്ള ഹർജികളാണ് തീർപ്പാക്കാനുള്ള മറ്റൊരു കേസ്. മാർച്ച് 22 നാണ് അലഹബാദ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് കേസിൽ വിധി പറയുന്നത്.

ഏപ്രിലിൽ ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യുന്നതിനിടെ, മദ്രസ നിയമത്തിലെ വ്യവസ്ഥകൾ ഹൈക്കോടതി തെറ്റായി വ്യാഖ്യാനിച്ചുവെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. നിയമത്തിൻ്റെ ഉദ്ദേശ്യവും സ്വഭാവവും നിയന്ത്രണ സ്വഭാവമുള്ളതാണെന്നും സുപ്രീം കോടതി അന്ന് കൂട്ടിച്ചേർത്തു. മദ്രസകളിൽ മതനിരപേക്ഷ വിദ്യാഭ്യാസം ഉറപ്പാക്കാൻ ഹൈക്കോടതിക്ക് മുമ്പാകെയുള്ള ഹർജി ഉദ്ദേശത്തോടെയാണെങ്കിലും, നിയമത്തെ തടയുകയല്ല പ്രതിവിധിയെന്നും കോടതി പറഞ്ഞിരുന്നു.

ജലൻ കൽറോക്ക് കൺസോർഷ്യവും (ജെകെസി) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) നേതൃത്വത്തിലുള്ള എയർലൈനിൻ്റെ മുൻ വായ്പാ ദാതാക്കളും തമ്മിലുള്ള ജെറ്റ് എയർവേസിൻ്റെ ഉടമസ്ഥത സംബന്ധിച്ച തര്ക്കമാണ് മറ്റൊന്ന്. ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ മൂന്നംഗ ബെഞ്ചാണ് കേസിൽ വിധി പറയുന്നത്.

കൃഷ്ണയ്യരുടെ വിധി സുപ്രീംകോടതി തിരുത്തി; പൊതുനന്മ മുൻനിർത്തി എല്ലാ സ്വകാര്യ ഭൂമിയും സർക്കാരിന് ഏറ്റെടുക്കാനാകില്ല

മുനമ്പം ഭൂതർക്കം: തീരുമാനങ്ങൾ എടുക്കേണ്ടത് നിയമാനുസൃതമായി, പിടിവാശികളില്ലെന്ന് വഖഫ് ബോർഡ് ചെയർമാൻ

ജീവൻ വേണമെങ്കിൽ അഞ്ചുകോടി നൽകണം, സൽമാൻ ഖാന് വീണ്ടും വധഭീഷണി

അമേരിക്ക ഇന്ന് പോളിങ് ബൂത്തിലേക്ക്, ഇഞ്ചോടിഞ്ച് പോരാട്ടം ഫലപ്രഖ്യാപനം വൈകിപ്പിക്കും

'അച്ചടക്കം ലംഘിച്ചു', സാന്ദ്ര തോമസിനെ പുറത്താക്കി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍