INDIA

രാജ്യത്തെ ആദ്യ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ട് നാല് വർഷം; കോവിഡ് ഏൽപ്പിച്ച ആഘാതങ്ങളിൽ നിന്ന് ഇന്നും കരകയറാതെ രാജ്യം

വെബ് ഡെസ്ക്

കോവിഡ് 19 എന്ന വാക്ക് നമ്മൾ ആദ്യമായി കേൾക്കുന്നതും അതിനെക്കുറിച്ചിറയുന്നതും 2020-ൽ മാത്രമാണ്. കോവിഡ് മൂലമുള്ള പ്രതിസന്ധിയിൽ ലോകവും രാജ്യവും വലയുമ്പോഴും അതെന്താണെന്ന് ആർക്കും വലിയ പിടി ഉണ്ടായിരുന്നില്ല. കോവിഡ് ഭീതിയിൽ ലോകമാകെ വിറങ്ങലിച്ച് നിൽക്കുമ്പോഴാണ് രാജ്യത്തെ ജനങ്ങളെയാകെ ഞെട്ടിച്ച് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആ പ്രഖ്യാപനം വന്നത്. "പൂരെ ദേശ് മേം സമ്പൂര്‍ണ്‍ ലോക്ഡൌൺ ഹോനെ ജാ രഹാഹെ." (രാജ്യത്താകമാനം സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നു).

2020 മാര്‍ച്ച് 24 നായിരുന്നു രാജ്യത്തെ ആദ്യത്തെ ലോക്ക് ഡൗൺ പ്രഖ്യാപനം. കൃത്യമായി പറഞ്ഞാൽ നാല് വർഷം മുൻപ്. വർദ്ധിച്ചുവരുന്ന കോവിഡ് -19 കേസുകൾ കണക്കിലെടുത്തതായിരുന്നു നടപടി. ആ വാക്ക് പോലും രാജ്യത്തെ ജനങ്ങൾക്ക് അപരിചിതമായിരുന്നു. ആ അർധരാത്രി മുതൽ രാജ്യം സമ്പൂർണ്ണ അടച്ചിടലിലേക്ക് നീങ്ങി. സ്കൂളുകൾ, കോളേജുകൾ, കടകൾ, തെരുവുകൾ തുടങ്ങി എല്ലാം പിറ്റേന്ന് മുതൽ അടഞ്ഞ് കിടന്നു. വളരെ അസാധാരണമായ സാഹചര്യമായിരുന്നു അത്. പതുക്കെ നിരത്തുകളിൽ നിന്ന് ആളുകളും അപ്രത്യക്ഷമായി. സ്ത്രീകളും പുരുഷന്മാരും വൃദ്ധരും യുവാക്കളും അടങ്ങുന്ന സകലമാന മനുഷ്യരും വീടുകൾക്കുള്ളിൽ ദിവസങ്ങളെ കഴിച്ച് കൂട്ടി. 21 ദിവസത്തേക്കാണ് അന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നത്.

ഗതാഗത സംവിധാനങ്ങൾ പൂർണ്ണമായും നിലച്ചു. അന്യനാടുകളിൽ പഠനത്തിനും ജോലിക്കുമൊക്കെയായി പോയവർ അവിടെ തന്നെ നിൽക്കേണ്ടി വന്നു. എന്തിന് വെറുതെ യാത്രപോയവർക്ക് പോലും മടങ്ങി വരാനാവാതെ തങ്ങേണ്ടി വന്നു. നാടുകളിലേക്ക് തിരികെയെത്താൻ ശ്രമം നടത്തിയ അഥിതി തൊഴിലാളികൾ പലരും ട്രെയിൻ തട്ടി മരിച്ച വാർത്തകളും അക്കാലത്ത് വന്നിരുന്നു. ലോക്ഡൌൺ കാലയളവിൽ ഏതാണ്ട് 8700 പേർ രാജ്യത്ത് ട്രെയ്ൻ തട്ടി മരിച്ചുവെന്നാണ് കണക്കുകൾ.

കൃത്യമായ ആസൂത്രണമില്ലാതെ പ്രഖ്യാപിച്ച ലോക്ഡൌണിന്റെ ഇരകളായത് സാധാരണക്കാരാണ്. അന്നന്നത്തെ അന്നത്തിനായി ജോലി ചെയ്ത് ജീവിക്കുന്ന സാധാരണ മനുഷ്യർ. ദിവസങ്ങളോളം തൊഴിലെടുക്കാൻ കഴിയാതെ വരികയും പട്ടിണിയിലാവുകയും ചെയ്തു. ലോക്ക് ഡൗൺ പിന്നെയും ഏറെക്കാലം നീണ്ടുപോയി. ദീർഘ കാലം സ്കൂളുകളും കോളേജുകളും പ്രവർത്തിക്കാതെ വന്നതോടെ വിദ്യാഭ്യാസ മേഖലയും തകിടം മറിഞ്ഞു. അടച്ചിടൽ ആരോഗ്യ മേഖലയെയും ബാധിച്ചു. കോവിഡിന്റേയും ലോക്ക് ഡൗണിന്റെയും ആഘാതത്തിൽ നിന്ന് ഇപ്പോഴും രാജ്യത്തിനും ജനങ്ങൾക്കും പൂർണ്ണമായി കര കയറാനായിട്ടില്ല.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും