സനാതന ധര്‍മ വിവാദത്തില്‍ സുപ്രധാന പരാമർശവുമായി മദ്രാസ് ഹൈക്കോടതി. അഭിപ്രായ സ്വാതന്ത്ര്യം മൗലികാവകാശമാണെങ്കിലും അത് വിദ്വേഷ പ്രസംഗമായി മാറരുത്, പ്രത്യേകിച്ചും മതവുമായി ബന്ധപ്പെട്ട വിഷയങ്ങളിലെന്ന് കോടതി നിരീക്ഷിച്ചു.
രാഷ്ട്രത്തോടും രാജാവിനോടും മാതാപിതാക്കളോടും ഗുരുക്കന്മാരോടും ഉള്ള കടമ, പാവപ്പെട്ടവരെ പരിപാലിക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള ശാശ്വതമായ കടമകളുടെ ഒരു കൂട്ടമാണ് സനാതന ധര്‍മമെന്ന് കോടതി പരാമർശിച്ചു.
തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി അണ്ണാദുരൈയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച്, തിരുവാരൂര്‍ ജില്ലയിലെ ഗവണ്‍മെന്റ് ആര്‍ട്‌സ് കോളജ് വിദ്യാർഥികളോട് സനാതനധർമ വിവാദത്തിൽ തങ്ങളുടെ ചിന്തകൾ പങ്കുവയ്ക്കാൻ ആവശ്യപ്പെട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. സര്‍ക്കുലര്‍ ചോദ്യം ചെയ്ത് ഇളങ്കോവന്‍ എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് എന്‍ ശേഷസായിയുടെ പരമാർശം.
സനാതന ധര്‍മം ജാതീയതയും തൊട്ടുകൂടായ്മയും പ്രോത്സാഹിപ്പിക്കുന്നതാണെന്ന ആശയമാണ് നിലവില്‍ ഉയര്‍ന്നുവരുന്നതെന്നും ആ ധാരണ ശരിയല്ലെന്നും കോടതി വീക്ഷിച്ചു. തുല്യ അവകാശങ്ങളുള്ള പൗരന്മാരില്‍ തൊട്ടുകൂടായ്മ അനുവദിക്കാനാകില്ല. സനാതന ധർമത്തിലെവിടെയെങ്കിലും തൊട്ടുകൂടായ്മ അനുവദിച്ചാല്‍ പോലും ഭരണഘടനയുടെ 17-ാം അനുച്ഛേദ പ്രകാരം തൊട്ടുകൂടായ്മ അവസാനിപ്പിച്ചതാണെന്നും കോടതി പറഞ്ഞു.
'എല്ലാ മതങ്ങളും വിശ്വാസത്തില്‍ അധിഷ്ടിതമാണ്. വിശ്വാസം സ്വാഭാവികമായും യുക്തിരാഹിത്യത്തെ ഉള്‍ക്കൊള്ളുന്നു. അതിനാല്‍, മതവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അഭിപ്രായ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തുമ്പോള്‍ ആര്‍ക്കും പരുക്കേല്‍ക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് ആവശ്യമാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, സംസാര സ്വാതന്ത്ര്യം വിദ്വേഷ ഭാഷണമാകരുത്', ജസ്റ്റിസ് എന്‍ ശേഷസായി കൂട്ടിച്ചേർത്തു.
സനാതന ധർമം സാമൂഹ്യനീതിക്കെതിരാണെന്നും അത് ഉന്മൂലനം ചെയ്യണമെന്നുമായിരുന്നു തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന. സനാതന ധർമത്തെ ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങളുമായി താരതമ്യം ചെയ്തായിരുന്നു പരാമർശം. ഇതാണ് വലിയ രീതിയിലുള്ള വിമർശനത്തിലേക്ക് വഴിവച്ചത്.