INDIA

പുറത്താക്കപ്പെടുമെന്ന് ഭീഷണി; ഫ്രഞ്ച് മാധ്യമപ്രവർത്തക വനേസ ഡഗ്‌നാക്ക് ഇന്ത്യ വിട്ടു

നേരത്തെ വനേസയുടെ ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) കാർഡ് രണ്ടാഴചയ്ക്കുള്ളിൽ അസാധുവാക്കുമെന്ന് കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു

വെബ് ഡെസ്ക്

ഇന്ത്യയിൽ നിന്ന് പുറത്താക്കുമെന്ന ഭീഷണി വന്നതിന് പിന്നാലെ ഫ്രഞ്ച് മാധ്യമപ്രവർത്തക വനേസ ഡഗ്‌നാക്ക് ഇന്ത്യ വിട്ടു. ഇരുപത്തിയഞ്ച് വർഷമായി ഇന്ത്യയിൽ പ്രവർത്തിക്കുന്ന വനേസ ഡഗ്നാക്ക് ഫെബ്രുവരി 16 നാണ് ഇന്ത്യ വിടുന്നതായി പ്രഖ്യാപിച്ചത്.

നേരത്തെ വനേസയുടെ ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) കാർഡ് രണ്ടാഴചയ്ക്കുള്ളിൽ അസാധുവാക്കുമെന്ന് കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ത്യയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ റിപ്പോർട്ട് നൽകിയെന്ന് ആരോപിച്ചായിരുന്നു ഇത്.

രാജ്യം വിടുന്നതുമായി ബന്ധപ്പെട്ട് ഒരു കുറിപ്പ് വനേസ പങ്കുവെച്ചു. ''ഇന്ന്, ഞാൻ ഇന്ത്യ വിടുകയാണ്, 25 വർഷം മുമ്പ് ഒരു വിദ്യാർഥിയായി വന്ന ഞാൻ, 23 വർഷം ഒരു പത്രപ്രവർത്തകനായി ജോലി ചെയ്ത രാജ്യം. ഞാൻ വിവാഹം കഴിച്ചതും എന്റെ മകനെ വളർത്തിയതും എന്റെ വീട് എന്ന് വിളിക്കുന്നതുമായ സ്ഥലം,'' എന്നായിരുന്നു വനേസയുടെ കുറിപ്പ്.

നാല് ഫ്രഞ്ച് പ്രസിദ്ധീകരണങ്ങളുടെ സൗത്ത് ഏഷ്യ കറസ്പോണ്ടന്റായ ഡഗ്നാക്കിന്റെ ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) കാർഡ് രണ്ടാഴ്ചയ്ക്കുള്ളിൽ അസാധുവാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. ലാ ക്രോയിക്സ്, ലെ പോയിന്റ്, സ്വിസ് പത്രമായ ലെ ടെംപ്സ്, ബെൽജിയൻ ദിനപത്രമായ ലെ സോയർ എന്നിവയ്ക്ക് വേണ്ടിയായിരുന്നു വനേസ ഡഗ്‌നാക്ക് പ്രവർത്തിച്ചിരുന്നത്. ഇന്ത്യയെക്കുറിച്ച് 'നിഷേധാത്മക ധാരണ' സൃഷ്ടിച്ച റിപ്പോർട്ടിങ്, നിയന്ത്രിത പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യാൻ അനുമതി വാങ്ങാതിരിക്കൽ, അയൽ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യൽ തുടങ്ങിയ കാരണങ്ങളാണ് നോട്ടീസിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

ഇതുസംബന്ധിച്ച് വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ എല്ലാ ആരോപണങ്ങളും നിരസിച്ചുകൊണ്ട് അവർ ഒരു പ്രസ്താവന പുറപ്പെടുവിക്കുകയും നിയമനടപടികളുമായി തന്റെ പൂർണ സഹകരണം ഉറപ്പിക്കുകയും ചെയ്തിരുന്നു. നേരത്തെ ഇന്ത്യയിൽ ജോലി ചെയ്യുന്ന 30 വിദേശ ലേഖകർ സംയുക്തമായി ഡഗ്‌നാക്കിനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും അവളുടെ ജോലിക്കോ കുടുംബജീവിതത്തെയോ പ്രതികൂലമായി ബാധിക്കില്ലെന്ന് ഉറപ്പാക്കിക്കൊണ്ട് കേസ് ഉടൻ പരിഹരിക്കാൻ കേന്ദ്രസർക്കാരിനോട് അഭ്യർഥിച്ച് തുറന്ന കത്ത് എഴുതുകയും ചെയ്തിരുന്നു.

പതിനാറ് മാസം മുമ്പ്, ആഭ്യന്തര മന്ത്രാലയം ഒരു മാധ്യമപ്രവർത്തകയായി പ്രവർത്തിക്കാനുള്ള എന്റെ അവകാശം നിരസിച്ചു, കാരണങ്ങളോ ന്യായീകരണങ്ങളോ പറഞ്ഞിരുന്നില്ല അതിനുശേഷം, ഈ ഏകപക്ഷീയമായ നടപടിയുടെ വിശദീകരണത്തിനോ അവലോകനത്തിനോ വേണ്ടിയുള്ള എന്റെ ആവർത്തിച്ചുള്ള അഭ്യർഥനകളോട് മന്ത്രാലയം ഒരിക്കൽ പോലും പ്രതികരിച്ചിട്ടില്ല
വനേസ ഡഗ്‌നാക്ക്

2022 ലാണ് വനേസയ്‌ക്കെതിരെ കേന്ദ്രസർക്കാർ ആദ്യമായി നടപടിയുമായി എത്തിയത്. ഒസിഐ കാർഡുമായി ഇന്ത്യയിൽ താമസിക്കുമ്പോൾ പത്രപ്രവർത്തകയായി ജോലി ചെയ്യാനുള്ള വനേസയുടെ അപേക്ഷ ആഭ്യന്തരമന്ത്രാലയം നിരസിച്ചിരുന്നു. ''പതിനാറ് മാസം മുമ്പ്, ആഭ്യന്തര മന്ത്രാലയം ഒരു മാധ്യമപ്രവർത്തകയായി പ്രവർത്തിക്കാനുള്ള എന്റെ അവകാശം നിരസിച്ചു, കാരണങ്ങളോ ന്യായീകരണങ്ങളോ പറഞ്ഞിരുന്നില്ല അതിനുശേഷം, ഈ ഏകപക്ഷീയമായ നടപടിയുടെ വിശദീകരണത്തിനോ അവലോകനത്തിനോ വേണ്ടിയുള്ള എന്റെ ആവർത്തിച്ചുള്ള അഭ്യർഥനകളോട് മന്ത്രാലയം ഒരിക്കൽ പോലും പ്രതികരിച്ചിട്ടില്ല'' എന്നും വനേസ വ്യക്തമാക്കിയിരുന്നു.

ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡ് റദ്ദാക്കിയതുമായി ബന്ധപ്പെട്ട് സർക്കാർ തനിക്ക് നൽകിയ നോട്ടീസിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന നിയമനടപടികളുടെ ഫലത്തിനായി കാത്തിരിക്കാനാവില്ലെന്ന് വനേസ പറഞ്ഞു.

മാധ്യമപ്രവർത്തനം ഉപേക്ഷിക്കണമെന്ന് അധികൃതർ നേരത്തെ നിർദ്ദേശിച്ചിരുന്നെന്നും പക്ഷേ പത്രപ്രവർത്തനം തന്റെ ഹൃദയത്തോട് ചേർന്നുനിൽക്കുന്ന ഒരു തൊഴിലാണെന്നും തെളിയിക്കപ്പെടാത്ത ആരോപണങ്ങൾ കാരണം അത് ഉപേക്ഷിക്കാനാവില്ലെന്നും വനേസ എഴുതി.

തനിക്ക് പിന്തുണ പ്രഖ്യാപിച്ച എല്ലാവർക്കും നന്ദി പറഞ്ഞ വനേസ ഡൽഹി തന്റെ പ്രിയപ്പെട്ട നഗരമായിരുന്നെന്നും ഒരു ദിവസം എനിക്ക് ഇന്ത്യയിലേക്ക് തിരികെ വരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നെന്നും കുറിപ്പിൽ പറഞ്ഞു.

അതേസമയം വനേസയുടെ മടങ്ങിപ്പോക്കിൽ പ്രതികരണവുമായി റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്സ് രംഗത്ത് എത്തി. രണ്ട് ദശാബ്ദക്കാലം രാജ്യത്ത് പ്രവർത്തിച്ച പരിചയസമ്പന്നയായ ഒരു പ്രൊഫഷണൽ ജേണലിസ്റ്റിനെ ഇന്ത്യ വിടാൻ നിർബന്ധിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ പത്രസ്വാതന്ത്ര്യം എന്തായിത്തീർന്നു എന്നതിന്റെ ഇരുണ്ടതും പരിതാപകരവുമായ ചിത്രം വെളിപ്പെടുത്തുന്നു. പൊതുതിരഞ്ഞെടുപ്പിന് രണ്ട് മാസം ബാക്കിനിൽക്കെ, പ്രൊഫഷണലായി ഇന്ത്യയെ വാർത്തയാക്കാൻ ശ്രമിക്കുന്ന വിദേശ ലേഖകർക്കെതിരെ ഉപരോധം മുറുകുകയാണെന്നും റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്സ എഡിറ്റോറിയൽ ഡയറക്ടർ ആൻ ബൊകാൻഡെ പ്രസ്താവനയിൽ പറഞ്ഞു .

ഹേമന്ത് സോറൻ്റെ ക്ഷേമപ്രവർത്തനങ്ങൾ വോട്ടായി മാറി; ഝാർഖണ്ഡിൽ അധികാരമുറപ്പിച്ച് ഇന്ത്യ മുന്നണി

അതിശക്തരായി സതീശനും ഷാഫിയും; ചോദ്യം ചെയ്യപ്പെടുക കെ സുരേന്ദ്രന്റെ നേതൃത്വത്തെ, രാഷ്ട്രീയ നേട്ടംകൊയ്ത് സന്ദീപ്, പാലക്കാട് നല്‍കുന്ന ഉത്തരങ്ങള്‍

ജയിച്ചത്‌ രാഹുൽ അല്ല, ഷാഫിയും ഷാഫിയുടെ വർഗീയതയും: പത്മജ വേണു​ഗോപാൽ

മഹാരാഷ്ട്രയില്‍ ചരിത്രവിജയവുമായി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നേറ്റം തുടര്‍ന്ന് ഇന്ത്യ മുന്നണി | Maharashtra Jharkhand Election Results Live

പാലക്കാട് ബിജെപി കോട്ടകള്‍ തകര്‍ന്നതെങ്ങനെ? എല്‍ഡിഎഫുമായുള്ള വ്യത്യാസം 2071 വോട്ടുകള്‍ മാത്രം