ചെറിയൊരു ഇടവേളയ്ക്ക് ശേഷം മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം വ്യാപിക്കുമ്പോള്‍ കേന്ദ്ര ഇടപെടലിന് സാധ്യത. മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബീരേന്‍ സിങ്ങിന്റെ വസതിയിലേക്ക് ഇന്നലെ വൈകിട്ട് പ്രതിഷേധക്കാര്‍ ഇരച്ചു കയറാന്‍ ശ്രമിക്കുകയും ബിജെപി കോണ്‍ഗ്രസ്, എംഎല്‍എമാരുടെ വസതിയടക്കം ആക്രമിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ മണിപ്പൂര്‍ വിഷയം അടിയന്തിരമായി പരിഗണിക്കുന്നത്. മണിപ്പൂര്‍ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി മുംബൈയില്‍ നിന്നും ഡല്‍ഹിയിലേക്ക് മടങ്ങി. തിരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയിലെ പാര്‍ട്ടി പരിപാടികള്‍ ഉള്‍പ്പെടെ റദ്ദാക്കിയാണ് അമിത് ഷാ ഡല്‍ഹിക്ക് മടങ്ങിയത്. മണിപ്പൂര്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വടക്ക് കിഴക്കന്‍ മേഖലയിലെ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ പരിശോധിക്കാന്‍ അമിത് ഷാ അടിയന്തിര യോഗം വിളിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജിരിബാമില്‍ ക്രിസ്തീയ ദേവാലയങ്ങള്‍ക്കു നേരെയും വ്യാപക ആക്രമണമുണ്ടായി. അഞ്ച് പള്ളികള്‍ക്കും ആറ് വീടുകള്‍ക്കും തീയിട്ടു. ഐസിഐ ചര്‍ച്ച്, സാല്‍വേഷന്‍ ആര്‍മി പള്ളി , ഇഎഫ്സിഐ പള്ളി എന്നിവ ആക്രമിച്ച പള്ളികളില്‍ പെടുന്നു
മണിപ്പൂരിലെ ഇപ്പോഴത്തെ സാഹചര്യം വിലയിരുത്തുന്നതിനായി കേന്ദ്ര സേനകളുടെ ഉന്നത ഉദ്യോഗസ്ഥരും മണിപ്പൂര്‍ സന്ദര്‍ശിക്കും. സിആര്‍പിഎഫ് ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സംസ്ഥാനത്ത് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജിരിബാമില്‍ നിന്നും തട്ടിക്കൊണ്ടുപോയ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള ആറു പേരും കൊല്ലപ്പെട്ടന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് മണിപ്പൂരിലെ സ്ഥിതി വീണ്ടും വഷളായത്. തിങ്കളാഴ്ച സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ആയുധധാരികളായ 10 കുക്കി പുരുഷന്മാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ അക്രമത്തെ തുടര്‍ന്ന് ആറ് കുടുംബാംഗങ്ങളെ കാണാതായിരുന്നു. കഴിഞ്ഞയാഴ്ച സംസ്ഥാനത്തെ ജിരിബാം ജില്ലയില്‍ കുക്കി ആദിവാസി വിഭാഗത്തില്‍പ്പെട്ട 31 കാരിയായ ഹ്‌മാര്‍ ഗ്രൂപ്പിലെ സ്ത്രീയെ ജീവനോടെ ചുട്ടുകൊന്നിരുന്നു. പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവരുടെ വസതികള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. നേരത്തേ രണ്ട് മന്ത്രിമാരുടെയും മൂന്ന് എംഎല്‍എമാരുടെയും വീടുകളിലേക്ക് പ്രതിഷേധക്കാര്‍ ഇരച്ചുകയറിയിരുന്നു. ജിരിബാമില്‍ ക്രിസ്തീയ ദേവാലയങ്ങള്‍ക്കു നേരെയും വ്യാപക ആക്രമണമുണ്ടായി. അഞ്ച് പള്ളികള്‍ക്കും ആറ് വീടുകള്‍ക്കും തീയിട്ടു. ഐസിഐ ചര്‍ച്ച്, സാല്‍വേഷന്‍ ആര്‍മി പള്ളി , ഇഎഫ്സിഐ പള്ളി എന്നിവ ആക്രമിച്ച പള്ളികളില്‍ പെടുന്നു.
തുടര്‍ന്ന് ജില്ലയില്‍ അനിശ്ചിതകാലത്തേക്ക് ഇംഫാല്‍ വെസ്റ്റ് ഭരണകൂടം നിരോധന ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നു. ഇംഫാല്‍ വെസ്റ്റ്, ഈസ്റ്റ്, ബിഷ്ണുപൂര്‍, തൗബാല്‍, കാക്ചിങ്, കാങ്പോക്പി, ചുരാചന്ദ്പൂര്‍ എന്നിവിടങ്ങളില്‍ രണ്ട് ദിവസത്തേക്ക് ഇന്റര്‍നെറ്റും മൊബൈല്‍ ഡേറ്റ സേവനങ്ങളും അധികൃതര്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ആറ് പോലീസ് സ്റ്റേഷന്‍ പരിധികളില്‍ വീണ്ടും ഏര്‍പ്പെടുത്തിയ സായുധ സേനയ്ക്ക് അനിയന്ത്രിതമായ അധികാരം നല്‍കുന്ന വിവാദ നിയമമായ സായുധ സേന (പ്രത്യേക അധികാരങ്ങള്‍) നിയമം അല്ലെങ്കില്‍ അഫ്‌സ പുനഃപരിശോധിക്കാനും പിന്‍വലിക്കാനും മണിപ്പൂര്‍ സര്‍ക്കാര്‍ കേന്ദ്രത്തോട് അഭ്യര്‍ഥിച്ചു.
ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ സെക്മായി പിഎസ്, ലംസാംഗ് പിഎസ്, ഇംഫാല്‍ ഈസ്റ്റിലെ ലാംലായ്, ബിഷ്ണുപൂരിലെ മൊയ്‌റാംഗ്, കാങ്‌പോക്പിയിലെ ലെയ്മഖോങ്, ജിരിബാം ജില്ലയിലെ ജിരിബാം എന്നിവിടങ്ങളില്‍ നവംബര്‍ 14-ന് ആഭ്യന്തര മന്ത്രാലയം അഫ്‌സ്പ വീണ്ടും ഏര്‍പ്പെടുത്തി. കേന്ദ്രം അധിക സുരക്ഷാ സേനയെ അയക്കുകയും രണ്ട് സമുദായങ്ങളിലെയും അക്രമാസക്തരായ അംഗങ്ങള്‍ക്കെതിരെ ശക്തമായ നടപടി വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.