പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനം നാളെമുതല്‍ ആരംഭിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും കടുത്ത വെല്ലവിളിയുയര്‍ത്താന്‍ പ്രതിപക്ഷമായ ഇന്ത്യ സഖ്യത്തിന് മുന്നിലുള്ളത് നിരവധി രാഷ്ട്രീയ വിഷയങ്ങളാണ്. നീറ്റ്-നെറ്റ് പരീക്ഷാ വിവാദം മുതല്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും എതിരെ ഉയര്‍ത്തിയ ഓഹരി കുംഭകോണ ആരോപണം വരെ ഇന്ത്യ മുന്നണിയുടെ ആവനാഴിയില്‍ അമ്പുകളായി കാത്തിരിക്കുകയാണ്.
ഒറ്റയ്ക്ക് ഭരിക്കാന്‍ ഭൂരിപക്ഷമില്ലാതെ എന്‍ഡിഎ തണലില്‍ മൂന്നാമത് സത്യപ്രതിജ്ഞ ചെയ്ത നരേന്ദ്ര മോദിയെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ആദ്യ മണിക്കൂറുകളില്‍ തന്നെ വെല്ലുവിളിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിച്ചിരുന്നു. ഏറ്റവും അവസാനം, നീറ്റ്-നെറ്റ് വിവാദവും കൂടി ആയതോടെ, 232 സീറ്റിന്റെ കരുത്തുമായി പ്രതിപക്ഷ നിരയിലെത്തുന്ന ഇന്ത്യ സഖ്യത്തിന് ബിജെപിയെ വിറപ്പിക്കാന്‍ സാധിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
രാഹുലിന്റെ ഓഹരി കുംഭകോണ ആരോപണം
രാഹുല്‍ ഗാന്ധി ഉന്നയിച്ച ഓഹരി വിപണി കുംഭകോണം ബിജെപിയെ പ്രതിരോധത്തിലാക്കിയിരുന്നു. രാജ്യതലസ്ഥാനത്ത് കേന്ദ്രമന്ത്രിസഭ രൂപീകരണത്തിന്റെ ചര്‍ച്ചകള്‍ ആരംഭിച്ചപ്പോഴായിരുന്നു രാഹുല്‍ ഗാന്ധി ആദ്യ വെടി പൊട്ടിച്ചത്. മോദിയും അമിത് ഷായും നിര്‍മല സീതാരാമനും തിഞ്ഞെടുപ്പിനിടെ അഭിമുഖങ്ങളില്‍ പറഞ്ഞ ഓഹരി വിപണിയിലെ കുതിപ്പ് കേന്ദ്രീകരിച്ചായിരുന്നു ആരോപണം. വലിയ വിജയം ബിജെപിക്കുണ്ടാകുമെന്ന് തെറ്റിദ്ധരിപ്പിച്ച് ഓഹരികള്‍ വാങ്ങിക്കൂട്ടാന്‍ നിക്ഷേപകരെ മോദിയും അമിത് ഷായും പ്രേരിപ്പിച്ചെന്നും അസാധാരണമായ ഈ പരാമര്‍ശങ്ങള്‍ ഓഹരി വിപണിയിലെ കുംഭകോണം ലക്ഷ്യമിട്ടായിരുന്നു എന്നുമായിരുന്നു രാഹുലിന്റെ ആരോപണം. കോണ്‍ഗ്രസ് ഈ ആരോപണം വലിയരീതിയില്‍ ചര്‍ച്ചയാക്കുകയും ചെയ്തു.
എന്‍ഡിഎയിലെ പ്രധാന സഖ്യകക്ഷികളായ ജെഡിയുവിനേയും ടിഡിപിയേയും ഇന്ത്യ സഖ്യത്തിന്റെ പാളയത്തിലെത്തിക്കാനാണ് രാഹുലിന്റെ ആരോപണം എന്ന വ്യാഖ്യാനങ്ങള്‍ ഉയര്‍ന്നെങ്കിലും നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും എന്‍ഡിഎ പാളയത്തില്‍ ഉറച്ചുനിന്നതോടെ ബിജെപിക്ക് താത്കാലിക ആശ്വാസമായി.
മോദിയുടെയും അമിത് ഷായുടെയും വാക്കു കേട്ട് സാധാരണക്കാര്‍ വ്യാപകമായി ഓഹരികള്‍ വാങ്ങിക്കൂട്ടി. ഇതിന് പിന്നാലെ കോടികളുടെ വിദേശ നിക്ഷേപം വിപണിയിലേക്ക് വന്നു. ജൂണ്‍ ഒന്നിന് എക്‌സിറ്റ്‌പോളുകള്‍ എന്‍ഡിഎയ്ക്ക് 400 സീറ്റുകള്‍ പ്രവചിച്ചതും ഓഹരിയില്‍ കുതിപ്പിന് കാരണമായി. എന്നാല്‍ ബിജെപിക്ക് കേവല ഭൂരിപക്ഷം കിട്ടാതെ വന്നതോടെ വിപണി ഇടിയുകയും 30 ലക്ഷം കോടിയുടെ നഷ്ടം ഉണ്ടായെന്നും രാഹുല്‍ ആരോപിച്ചിരുന്നു. നഷ്ടം വന്നതെല്ലം സാധാരണക്കാരായ ഓഹരി നിക്ഷേപകര്‍ക്കാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്‍ഡിഎയിലെ പ്രധാന സഖ്യകക്ഷികളായ ജെഡിയുവിനേയും ടിഡിപിയേയും ഇന്ത്യ സഖ്യത്തിന്റെ പാളയത്തിലെത്തിക്കാനാണ് രാഹുലിന്റെ ആരോപണം എന്ന വ്യാഖ്യാനങ്ങള്‍ ഉയര്‍ന്നെങ്കിലും നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും എന്‍ഡിഎ പാളയത്തില്‍ ഉറച്ചുനിന്നതോടെ ബിജെപിക്ക് താത്കാലിക ആശ്വാസമായി.
ഈ ആശ്വാസത്തിന്റെ ബലത്തില്‍ മന്ത്രിസഭ രൂപീകരണവും പിന്നാലെ സത്യപ്രതിജ്ഞയും ബിജെപിക്ക് നടത്താനായെങ്കിലും തൊട്ടുപിന്നാലെ അടുത്ത വിവാദം പൊങ്ങിവന്നു. നീറ്റ-നെറ്റ് പരീക്ഷാ തട്ടിപ്പ് രാജ്യാമകെ വലിയ വിദ്യാര്‍ഥി പ്രതിഷേധങ്ങളിലേക്ക് നയിക്കകുയും രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ വിഷയം ഉയര്‍ത്തിക്കാട്ടി രംഗത്തുവരികയും ചെയതതോടെ, ബിജെപി അപകടം മണത്തു. പ്രതിഷേധങ്ങളും അഴിമതി ആരോപണങ്ങളും കണ്ടില്ലെന്ന് നടിച്ച്, വിഷയങ്ങള്‍ വഴിതിരിച്ചുവിട്ട് ശീലമുള്ള ബിജെപി പക്ഷേ ഇത്തവണ ആരോപണം ഉയര്‍ന്ന സമയത്തുതന്നെ നടപടികളുമായി രംഗത്തെത്തി. നീറ്റ്-നെറ്റ് വിവാദം കേവലം രാഷ്ട്രീയ ആരോപണം മാത്രമല്ലെന്നും പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളന സമയത്ത് തന്നെ ഉയര്‍ന്നുവന്ന ആരോപണം സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുമെന്നും മനസിലാക്കിയായിരുന്നു നെറ്റ് പരീക്ഷ റദ്ദാക്കാനും നീറ്റ് പരീക്ഷ തട്ടിപ്പില്‍ നടപടി സ്വീകരിക്കാനും കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിച്ചത്.
എന്താണ് നീറ്റ് പരീക്ഷ തട്ടിപ്പ്?
2024 മെയ് അഞ്ചിനായിരുന്നു നീറ്റ് പരീക്ഷ നടന്നത്. അതിന് പിന്നാലെ ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന ആരോപണം ഉയരുകയും പട്നയില്‍ 13 പേര്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ജൂണ്‍ നാലിന് പരീക്ഷാഫലം പുറത്തുവരുന്നത്. പിന്നാലെ നിരവധി പേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചതും ചിലര്‍ക്ക് മാത്രം ഗ്രേസ് മാര്‍ക്ക് നല്‍കിയതുമൊക്കെ വലിയ ചര്‍ച്ച ആയിരുന്നു. 24 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് രാജ്യമൊട്ടാകെ നീറ്റ് പരീക്ഷയെഴുതിയത്. നിശ്ചയിച്ചതിലും നേരത്തെയാണ് ഫലം പ്രസിദ്ധീകരിച്ചത്.
ഇത്തവണ 67 വിദ്യാര്‍ഥികളാണ് മുഴുവന്‍ മാര്‍ക്കും നേടി വിജയിച്ചത്. അതായത് 720ല്‍ 720 മാര്‍ക്ക്. ഉത്തരേന്ത്യ ആസ്ഥാനമായുള്ള കോച്ചിങ് സെന്ററുകളിലെ ചില വിദ്യാര്‍ഥികള്‍ 100 ശതമാനം മാര്‍ക്ക് നേടി. സമൂഹമാധ്യമങ്ങളില്‍ ചോദ്യപേപ്പര്‍ ചോര്‍ന്നതിനെതിരെ പരീക്ഷാ ദിവസം ദേശീയ ടെസ്റ്റിങ് ഏജന്‍സിക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു. ഈ വിഷയത്തില്‍ കുറ്റക്കാരായ ചില വിദ്യാര്‍ഥികള്‍ക്കെതിരെ എന്‍ടിഎ നടപടിയെടുത്തെങ്കിലും ഇത് വലിയ ശൃംഖലയുടെ ഇങ്ങേയറ്റം മാത്രമാണ് എന്നാണ് വിലയിരുത്തല്‍.
പിന്നാലെ നീറ്റ് പരീക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജിയെത്തി. രൂക്ഷ വിമര്‍ശനമാണ് സുപ്രീംകോടതി എന്‍ടിഎയ്ക്കും കേന്ദ്രസര്‍ക്കാരിനും എതിരെ ഉന്നയിച്ചത്. പരീക്ഷയുടെ പവിത്രതയെ ബാധിച്ചിരിക്കുന്ന വിഷയത്തില്‍ ഉത്തരങ്ങള്‍ ആവശ്യമാണെന്ന് കോടതി വ്യക്തമാക്കി. ഗ്രേസ് മാര്‍ക്ക് ലഭിച്ച 1563 വിദ്യാര്‍ഥികളുടെ സ്‌കോര്‍ കാര്‍ഡ് റദ്ദാക്കാന്‍ കോടതി അനുമതി നല്‍കി. ഈ വിദ്യാര്‍ഥികള്‍ക്ക് വീണ്ടും പരീക്ഷയെഴുതാന്‍ അവസരം നല്‍കുമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.
പിന്നാലെ, നീറ്റ് പരീക്ഷയില്‍ ക്രമക്കേട് നടന്നെന്ന് സമ്മതിച്ച് കേന്ദ്ര വിദ്യാഭ്യസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രംഗത്തുന്നു. ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ ഓരോന്നായി പുറത്തുവന്നു. ഇതിന്റെ കൂടെ യുജിസി-നെറ്റ് പരീക്ഷ തിരിമറി ആരോപണവും പുറത്തുവന്നതോടെ, കേന്ദ്രം മുള്‍മുനയിലായി.
എന്താണ് നെറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ച വിവാദം?
പരീക്ഷ നടക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് പരീക്ഷാ പേപ്പര്‍ ചോര്‍ന്നെന്നും ആറ് ലക്ഷം രൂപയ്ക്ക് ഡാര്‍ക്ക് വെബ്ബിലും സാമൂഹ്യ മാധ്യമങ്ങളിലും പരീക്ഷാ പേപ്പര്‍ വിറ്റുവെന്നുമാണ് സിബിഐ കണ്ടെത്തല്‍. നെറ്റ് പരീക്ഷയുടെ സമഗ്രതയില്‍ വിട്ടുവീഴ്ചയുണ്ടായെന്ന് പ്രഥമദൃഷ്ട്യാ തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പരീക്ഷ റദ്ദാക്കുന്നതായി വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയുടെ ആഴം വെളിപ്പെടുത്തിയുള്ള സിബിഐ വെളിപ്പെടുത്തലുണ്ടായത്.
വിവാദം കത്തിപ്പടര്‍ന്നതോടെ, പ്രതിഷേധവും ഇരമ്പി, രാജ്യ തലസ്ഥാനത്ത് വിദ്യാര്‍ഥി സംഘടനകള്‍ പ്രക്ഷോഭം കനപ്പിച്ചു. രാജ്യമാകെ വിവിധ വിദ്യാര്‍ഥി-യുവജന സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു.
ഇന്ത്യയിലുടനീളമുള്ള സര്‍വകലാശാലകളിലും കോളേജുകളിലും 'അസിസ്റ്റന്റ് പ്രൊഫസര്‍', 'ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് ആന്‍ഡ് അസിസ്റ്റന്റ് പ്രൊഫസര്‍' തുടങ്ങിയ സ്ഥാനങ്ങളിലേക്കുള്ള ഇന്ത്യന്‍ പൗരന്മാരുടെ യോഗ്യത നിര്‍ണയിക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു ദേശീയ യോഗ്യതാ പരീക്ഷയാണ് യുജിസി നെറ്റ് പരീക്ഷ. കൂടാതെ, സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയത്തിനും ന്യൂനപക്ഷകാര്യ മന്ത്രാലയത്തിനും കീഴിലുള്ളവ ഉള്‍പ്പെടെ നിരവധി ഫെലോഷിപ്പുകള്‍ക്കുള്ള യോഗ്യത നിര്‍ണയിക്കുന്നതും ഈ പരീക്ഷ വഴിയാണ്. ഈ ഫെലോഷിപ്പുകള്‍ക്കായി ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ ഈ ടെസ്റ്റിലൂടെ യോഗ്യത നേടുകയും വേണം.
പ്രതിഷേധം തണുപ്പിക്കാന്‍ ശ്രമം
വിവാദം കത്തിപ്പടര്‍ന്നതോടെ, പ്രതിഷേധവും ഇരമ്പി, രാജ്യ തലസ്ഥാനത്ത് വിദ്യാര്‍ഥി സംഘടനകള്‍ പ്രക്ഷോഭം കനപ്പിച്ചു. രാജ്യമാകെ വിവിധ വിദ്യാര്‍ഥി-യുവജന സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ സുതാര്യത വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍, കര്‍ശന നിയമങ്ങളടങ്ങിയ പൊതുപരീക്ഷ ക്രമക്കേട് നിയമത്തിന്റെ വിജ്ഞാപനം പുറത്തിറക്കി. 2024 ഫെബ്രുവരിയില്‍ പാസാക്കിയ നിയമം വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നതായി സര്‍ക്കാര്‍ അറിയിച്ചു. പേപ്പര്‍ ചോര്‍ത്തുക, ഉത്തരക്കടലാസില്‍ കൃത്രിമം കാണിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് പത്ത് ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ പിഴയും പരമാവധി അഞ്ചുവര്‍ഷം തടവുമാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്. 'പൊതുപരീക്ഷ ക്രമക്കേട് തടയല്‍ നിയമം, 2024' ന്റെ പരിധിയില്‍ വരുന്ന എല്ലാ കുറ്റകൃത്യങ്ങളും ജാമ്യമില്ലാ കുറ്റങ്ങളായാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
പൊതുപരീക്ഷകളിലെ സാധ്യമായ കുറ്റകൃത്യത്തെക്കുറിച്ച് അറിവുണ്ടായിട്ടും അത് റിപ്പോര്‍ട്ട് ചെയ്യാത്ത പരീക്ഷാ സേവന ദാതാക്കള്‍ക്ക് ഒരു കോടി രൂപ വരെ പിഴ ചുമത്താനും നിയമത്തില്‍ വകുപ്പുകളുണ്ട്. കൂടാതെ ഏതെങ്കിലും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കുറ്റം ചെയ്യാന്‍ അനുവദിക്കുകയോ അതില്‍ ഉള്‍പ്പെട്ടിരിക്കുകയോ ചെയ്തതായി തെളിഞ്ഞാല്‍, അയാള്‍ക്ക് കുറഞ്ഞത് മൂന്ന് വര്‍ഷം വരെ തടവും 10 വര്‍ഷം വരെ തടവും ഒരു കോടി രൂപ വരെ പിഴയും ലഭിക്കും.
തൊട്ടുപിന്നാലെ, എന്‍ടിഎയുടെ പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുത്തുന്നതിനെ കുറിച്ച് ശിപാര്‍ശ ചെയ്യാനായി ഏഴംഗം സമിതിയേയും കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഏഴംഗ സമിതിയാണ് രൂപീകരിച്ചിരിക്കുന്നത്. പരീക്ഷാ നടത്തിപ്പില്‍ വരുത്തേണ്ട മാറ്റങ്ങള്‍ ഉള്‍പ്പെടെ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങളില്‍ വേണ്ട മാറ്റങ്ങളെ കുറിച്ച് സമിതി ശിപാര്‍ശ നല്‍കും. ഇതിന്റെ അടിസ്ഥാനത്തില്‍ എന്‍ടിഎ പ്രവര്‍ത്തനങ്ങളില്‍ മാറ്റങ്ങളുണ്ടാകും.
പ്രതിപക്ഷത്തെ പ്രതിരോധിക്കാന്‍ പ്രത്യാരോപണങ്ങള്‍
പ്രതിപക്ഷ ആരോപണങ്ങള്‍ കടുത്തപ്പോള്‍ പ്രത്യാരോപണങ്ങളുമായി ബിജെപി രംഗത്തെത്തി. ബിഹാറില്‍ ചോദ്യപേപ്പര്‍ ചോര്‍ത്തിയവര്‍ ആര്‍ജെഡി നേതാവ് തേജസ്വി യാദവുമായി അടുത്തബന്ധമുള്ളവരാണ് എന്നാണ് ബിജെപി ആരോപണം. എന്നാല്‍, തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ തന്നെ തങ്ങള്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച വിഷയം ചൂണ്ടിക്കാട്ടിയതാണെന്ന് കാണിച്ചാണ് ആര്‍ജെഡി വിഷയത്തെ പ്രതിരോധിക്കുന്നത്.
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഉത്തരേന്ത്യയില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച ഒരു പ്രധാന ചര്‍ച്ചാവിഷയമാക്കാന്‍ പ്രതിപക്ഷ സഖ്യത്തിന് കഴിഞ്ഞിരുന്നു. യുപിയില്‍ എസ്പിയും ബിഹാറില്‍ ആര്‍ജെഡിയും ഗുജറാത്തില്‍ കോണ്‍ഗ്രസും ചോദ്യപേപ്പര്‍ ചോര്‍ച്ച തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കി. രാജസ്ഥാനില്‍ മോദി കോണ്‍ഗ്രസിന് എതിരെ എടുത്തുപ്രയോഗിച്ചതും കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്തെ ചോദ്യപേപ്പര്‍ ചോര്‍ച്ച വിഷയമായിരുന്നു.
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഉത്തരേന്ത്യയില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച ഒരു പ്രധാന ചര്‍ച്ചാവിഷയമാക്കാന്‍ പ്രതിപക്ഷ സഖ്യത്തിന് കഴിഞ്ഞിരുന്നു. യുപിയില്‍ എസ്പിയും ബിഹാറില്‍ ആര്‍ജെഡിയും ഗുജറാത്തില്‍ കോണ്‍ഗ്രസും ചോദ്യപേപ്പര്‍ ചോര്‍ച്ച തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കി. രാജസ്ഥാനില്‍ മോദി കോണ്‍ഗ്രസിന് എതിരെ എടുത്തുപ്രയോഗിച്ചതും കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്തെ ചോദ്യപേപ്പര്‍ ചോര്‍ച്ച വിഷയമായിരുന്നു.
ചോദ്യപേപ്പര്‍ ചോര്‍ച്ച ഇപ്പോള്‍ സജീവ വിഷയമായി ഉയര്‍ത്തുന്നത് കോണ്‍ഗ്രസാണ്. ആര്‍ജെഡി, എസ്പി, സിപിഎം, സിപിഐ, തൃണമൂല്‍ കോണ്‍ഗ്രസ്, ശിവസേന ഉദ്ധവ് താക്കറെ പക്ഷം, ഡിഎംകെ, എന്‍സിപി ശരദ് പവാര്‍ പക്ഷം എന്നിവരും ചോദ്യപേപ്പര്‍ ചോര്‍ച്ച പ്രധാന വിഷയമായി ഉയര്‍ത്തുന്നുണ്ട്. അങ്ങനെ നോക്കുമ്പോള്‍, ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികള്‍ക്ക് ഒരുമിച്ചു നില്‍ക്കാന്‍ ഒരു പൊതുവിഷയം ആദ്യ സമ്മേളന സമയത്ത് തന്നെ ലഭിച്ചിട്ടുമുണ്ട്.
പ്രോ ടേം സ്പീക്കര്‍ വിവാദം
മറ്റൊരു പ്രധാനവിഷയം പ്രോ ടേം സ്പീക്കര്‍ നിയമന വിവാദമാണ്. ഇത് കോണ്‍ഗ്രസാണ് പ്രധാനമായും ഉയര്‍ത്തുന്നതെങ്കിലും ഇന്ത്യ സഖ്യത്തിലെ പ്രധാന കക്ഷികളായ ഡിഎംകെയും തൃണമൂല്‍ കോണ്‍ഗ്രസും വിഷയത്തില്‍ കോണ്‍ഗ്രസിനൊപ്പമുണ്ട്. എട്ടു തവണ എംപിയായ കൊടിക്കുന്നില്‍ സുരേഷ് പ്രോ ടേം സ്പീക്കര്‍ ആകുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍, ഏഴ് തവണ എംപിയായ ഭര്‍തൃഹരിയെ പ്രോ ടേം സ്പീക്കറായി നിയമിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു ഉത്തരവിറക്കുകയായിരുന്നു. പ്രോ ടേം സ്പീക്കറെ സഹായിക്കാനുള്ള പാനലിലേക്ക് കൊടിക്കുന്നില്‍ സുരേഷിനേയും മറ്റു രണ്ട് പ്രതിപക്ഷ എംപിമാരേയും തിരഞ്ഞെുക്കുകയും ചെയ്തു. ഇതിനെ എതിര്‍ത്ത് രംഗത്തെത്തിയ കോണ്‍ഗ്രസ് കൊടിക്കുന്നില്‍ സുരേഷ് ഈ പാനലില്‍ അംഗമാകില്ലെന്ന് അറിയിച്ചു. ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരാണ് പാനലിലെ മറ്റു രണ്ടംഗങ്ങള്‍. ഇവരും സ്ഥാനം ഏറ്റെടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പ്രോ ടേം സ്പീക്കറെ തിരഞ്ഞെടുക്കുന്ന രീതി അട്ടിമറിച്ച സര്‍ക്കാരിന്റെ നീക്കത്തെ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയാണ് ഇന്ത്യ സഖ്യം പാനലില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്.
കൊടിക്കുന്നില്‍ സുരേഷ് ദളിത് വിഭാഗത്തില്‍ നിന്നുള്ള നേതാവായത് കൊണ്ടാണ് അദ്ദേഹത്തിന്റെ സീനിയോറിറ്റി മറികടന്ന് ഒഡിഷയിലെ കുട്ടക് മണ്ഡലത്തില്‍ നിന്നുള്ള എംപിയായ ഭര്‍തൃഹരിയെ നിയമിച്ചത് എന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു. പ്രോ ടേം സ്പീക്കറായി ഭര്‍തൃഹരിയെ നിയമിച്ചതിനെ ന്യായീകരിച്ച് നിയമമന്ത്രി കിരണ്‍ റിജിജു രംഗത്തുവന്നിരുന്നു. തുടര്‍ച്ചയായി എംപിയാകുന്ന ആളെയാണ് പ്രോം ടേം സ്പീക്കറാക്കുന്നതെന്നും നിയമം പാലിച്ചാണ് നടപടിയെന്നും റിജിജു പറഞ്ഞിരുന്നു. കൊടിക്കുന്നില്‍ സുരേഷ് 1998-ലും 2004-ലും തോറ്റിട്ടുണ്ടെന്നും ഭര്‍തൃഹരി തുടര്‍ച്ചയായി ഏഴുതവണ ജയിച്ചെന്നും അദ്ദേഹം പറഞ്ഞിരുന്നു. കോണ്‍ഗ്രസ് അനാവശ്യമായി വിവാദമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.