INDIA

ജി 20 യോഗം: നാഗ്പൂരിലെ ഭിക്ഷക്കാരെയും നാടോടികളെയും ഒഴിപ്പിക്കുന്നു, രണ്ട് മാസത്തിന് ശേഷം മടങ്ങിയാല്‍ മതിയെന്ന് നിര്‍ദേശം

യാചക നിരോധന സര്‍ക്കുലര്‍ ഉപയോഗിച്ചാണ് പോലീസ് നടപടി

വെബ് ഡെസ്ക്

ഈ മാസം നടക്കാനിരിക്കുന്ന ജി 20 യോഗത്തിന്റെ പശ്ചാത്തലത്തില്‍ നാഗ്പൂരിലെ തെരുവുകളില്‍ നിന്ന് ഭിക്ഷക്കാരെ ഒഴിപ്പിക്കുന്നു. കഴിഞ്ഞ ദിവസം പ്രാബല്യത്തില്‍ വന്ന യാചക നിരോധന സര്‍ക്കുലര്‍ ഉപയോഗിച്ചാണ് പോലീസ് നടപടി ആരംഭിച്ചത്. ജി 20 യോഗം കഴിയുന്നത് വരെ നഗര പരിധി വിടണമെന്നാണ് യാചകര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. അതേ സമയം സര്‍ക്കാര്‍ നീക്കത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു.

മാര്‍ച്ച് 8 നാണ് നാഗ്പൂര്‍ പോലീസ് കമ്മീഷണറുടെ ഓഫീസ് യാചക നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് ഉത്തരവ് പുറത്തിറക്കിയത്

തെരുവുകളില്‍ വീടില്ലാതെ അലയുന്ന നാടോടികള്‍ ഉള്‍പ്പെടെയുള്ളവരെയാണ് മാറ്റുന്നത്. ട്രാഫിക് ജങ്ഷനുകളിലടക്കം ഒത്തു കൂടുന്നതും ഭിക്ഷ യാചിക്കുന്നതും നിരോധിച്ച് കൊണ്ടുള്ള ഉത്തരവ് പ്രകാരമാണ് നടപടി. മാര്‍ച്ച് 8 നാണ് നാഗ്പൂര്‍ പോലീസ് കമ്മീഷണറുടെ ഓഫീസ് യാചക നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് ഉത്തരവ് പുറത്തിറക്കിയത്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ഐപിസി 188 പ്രകാരം ക്രിമിനല്‍ കേസെടുക്കുമെന്നും ആറ് മാസം വരെ തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും ഉത്തരവില്‍ പറയുന്നു. മാര്‍ച്ച് 9 മുതല്‍ ഏപ്രില്‍ 30 വരെ ഈ ഉത്തരവ് നിലനില്‍ക്കും.

വീടില്ലാത്ത പത്തോളം കുടുംബങ്ങള്‍ മൂന്ന് പതിറ്റാണ്ടായി ഇവിടെയാണ് താമസിക്കുന്നത്

ഒഴിപ്പിക്കല്‍ നടപടിക്ക് ജി 20 യോഗവുമായി യാതൊരു ബന്ധവുമില്ലെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ യശ്വന്ത് സ്റ്റേഡിയം, കസ്തര്‍ചന്ദ് തുടങ്ങിയ മേഖലകളിലെ ഭവന രഹിതരോട് ചില വിദേശ വിശിഷ്ടാഥികള്‍ സന്ദര്‍ശനത്തിനായി എത്തുമെന്നും നഗരം വിട്ടു പോകണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ' നഗരത്തില്‍ ചില വിദേശികള്‍ സന്ദര്‍ശനത്തിനായി എത്തുന്നുണ്ട്. അതിനാല്‍ നഗരം വിടണം. രണ്ട് മാസത്തിന് ശേഷം മടങ്ങിയെത്താം.' നാഗ്പൂര്‍ വിടാന്‍ നിര്‍ബന്ധിതയായ പ്രീതി ഭോസാലെയോട് പോലീസ് പറഞ്ഞത് ഇങ്ങനെയാണ്. വീടില്ലാത്ത പത്തോളം കുടുംബങ്ങളാണ് മൂന്ന് പതിറ്റാണ്ടായി ഇവിടെയാണ് താമസിക്കുന്നതെന്ന് അവര്‍ പറയുന്നു.

'രണ്ട് മാസത്തിന് ശേഷം മടങ്ങി വന്നാല്‍ മതിയെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത് എന്നാല്‍ അതുവരെ ഞങ്ങള്‍ എങ്ങനെ ജീവിക്കും? ഞങ്ങള്‍ക്ക് ഉപജീവനത്തിനായി മറ്റ് മാര്‍ഗങ്ങളില്ല. ' ഈ മാസം ഒഴിപ്പിക്കലിന് വിധേയനായ ഷാഹു ഭോസാലെ പറഞ്ഞു. സമൂഹത്തിലെ ദരിദ്രരും ദുര്‍ബലരുമായവരെ ക്രിമിനല്‍ കുറ്റവാളികളാക്കുന്ന ഉത്തരവാണിതെന്ന വിമര്‍ശനമാണ് സര്‍ക്കാര്‍ നടപടിക്കെതിരെ ഉയരുന്നത്.

അന്താരാഷ്ട്ര പരിപാടികള്‍ക്കും വിദേശ പ്രമുഖരുടെ സന്ദര്‍ശനത്തിനും മുന്നോടിയായി ചേരികള്‍ മറയ്ക്കുന്നത് നേരത്തെയും വിവാദമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുംബൈ സന്ദര്‍ശനത്തിന് മുന്നോടിയായി ചേരികള്‍ മറച്ചത് വലിയ വിമര്‍ശനത്തിനിടയാക്കിയിരുന്നു. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഗുജറാത്ത് സന്ദര്‍ശനത്തിന് മുന്നോടിയായി അഹമ്മദാബാദ് നഗരത്തിലെ ചേരികള്‍ മറച്ചതും മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ അഹമ്മദാബാദ് സന്ദര്‍ശന വേളയില്‍ ചേരി പ്രദേശങ്ങള്‍ മറച്ചതും വിവാദങ്ങള്‍ക്ക് കാരണമായി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ