ജി 20 അധ്യക്ഷ സ്ഥാനം പ്രതീകാത്മകമായി ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവയ്ക്ക് കൈമാറി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബാറ്റൺ കൈമാറിയെങ്കിലും ഇന്ത്യ നവംബർ വരെ അധ്യക്ഷ സ്ഥാനത്ത് തുടരും. ഡിസംബർ ഒന്നിനാകും ബ്രസീൽ ഔദ്യോഗികമായി അധ്യക്ഷസ്ഥാനം ഏറ്റെടുക്കുക.
വളർന്നുവരുന്ന സമ്പദ് വ്യവസ്ഥകളുടെ ശബ്ദത്തിന് കൂടി ഡൽഹി ജി 20യിൽ സമയം അനുവദിച്ചതിന് ബ്രസീൽ പ്രസിഡന്റ് പ്രധാനമന്ത്രി മോദിയെ നന്ദി അറിയിച്ചു. ഡൽഹി ചർച്ചകളുടെ പുരോഗതി വിലയിരുത്തുന്നതിനായി നവംബറിൽ നയതന്ത്രതലത്തിൽ വെർച്വൽ യോഗമെന്ന നിർദേശം മോദിയും മുന്നോട്ടുവച്ചു.
സാമൂഹിക അസമത്വം ഇല്ലാതാക്കൽ, പട്ടിണിക്കെതിരായ പോരാട്ടം, ഊർജരംഗത്തെ മുന്നേറ്റം, സുസ്ഥിര വികസനം എന്നിവ റിയോ ഡി ജനീറ ജി20 ചർച്ചകളുടെ മുൻഗണനകളായി ലുല ഡ സിൽവ പട്ടികപ്പെടുത്തി. ലോകത്ത് വികസനം സാധ്യമാകണമെങ്കിൽ യുഎൻ രക്ഷാസമിതിയിൽ സ്ഥിരമായോ അല്ലാതെയോ കൂടുതൽ അംഗങ്ങൾ കടന്നുവരേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം മുന്നോട്ടുവച്ചു. ഇതും റിയോ ഡി ജനീറ ജി 20 ചർച്ച ചെയ്യുമെന്ന് ലുല ഡ സിൽവ അറിയിച്ചു. കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടവും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ന്യൂഡൽഹിയിലെ പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തിലാണ് രണ്ട് ദിവസത്തെ ജി 20 സമ്മേളനം നടന്നത്. സമ്മേളനത്തിന്റെ അവസാന ദിനമായ ഇന്ന് അമേരിക്കൻ പ്രസിഡന്റ് ബൈഡൻ, ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനാക്, കാനഡയുടെ ജസ്റ്റിൻ ട്രൂഡോ എന്നിവരുൾപ്പെടെയുള്ള ലോക നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഡൽഹിയിലെ രാജ്ഘട്ടിൽ മഹാത്മാഗാന്ധിക്ക് ആദരമർപ്പിക്കാൻ എത്തിയിരുന്നു. ജാപ്പനീസ് പ്രധാനമന്ത്രി ഫുയിമോ കിഷിദ, റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് എന്നിവരും രാജ്ഘട്ടിൽ എത്തിയിരുന്നു. പുഷ്പാർച്ചനയ്ക്കുശേഷം വൃക്ഷത്തൈയും നട്ടു.
ജി 20 ഉച്ചകോടിയുടെ അവസാനത്തെ സെഷനായ 'വണ്‍ ഫ്യൂച്ചര്‍' സംബന്ധിച്ചായിരുന്നു ഇന്ന് രാവിലെ നടന്ന ചർച്ചകൾ. ജി20 പ്രദര്‍ശനവും നടന്നു. ജി 20 ഉച്ചകോടിക്ക് ശേഷം ഇന്ത്യാ സന്ദർശനം പൂർത്തിയാക്കി അമേരിക്കൻ പ്രസിഡന്റ് അടക്കം വിവിധ ലോകനേതാക്കൾ മടങ്ങി.
ഉച്ചകോടിയുടെ ആദ്യ ദിനമായ ഇന്നലെ ഏഷ്യ യൂറോപ്പ് ബന്ധത്തില്‍ കാതലായ മാറ്റം കൊണ്ടുവരാന്‍ കഴിയുന്ന ഇന്ത്യ - ഗള്‍ഫ് - യൂറോപ്പ് സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയില്‍ തുടങ്ങി മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളിലൂടെ യൂറോപ്പിലേക്ക് നീങ്ങുന്നതാണ് ഇടനാഴി. ഇതിന് പുറമെ അമേരിക്ക, സൗദി അറേബ്യ, യൂറോപ്യന്‍ യൂണിയന്‍, യുഎഇ എന്നീ രാജ്യങ്ങളെ ബന്ധിപ്പിക്കുന്നതിനായി റെയില്‍വേ, തുറമുഖങ്ങള്‍, വൈദ്യുതി നെറ്റ് വര്‍ക്കുകള്‍, ഹൈഡ്രജന്‍ പൈപ്പ് ലൈനുകള്‍ എന്നിവ വികസിപ്പിക്കുന്നതിനായുള്ള പദ്ധതികള്‍ ആരംഭിക്കാനും ധാരണയായി.
യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കണമെന്നും അക്രമത്തിന്റെയും അധിനിവേശത്തിന്റെയും കാലഘട്ടമല്ലിതെന്നു ലോകത്തെ ഓര്‍മിപ്പിച്ചുകൊണ്ടുള്ള സംയുക്ത പ്രമേയവും പുറത്തിറക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി ആഫ്രിക്കൻ യൂണിയനെ ജി20യിൽ സ്ഥിരാംഗമായി ചേരാൻ ക്ഷണിച്ചതും മറ്റൊരു പ്രധാന സംഭവമാണ്.