INDIA

ആര്‍എസ്എസ് പ്രതിസ്ഥാനത്തുവരുന്ന ചരിത്ര സംഭവങ്ങള്‍ പഠിക്കേണ്ട; ഗാന്ധി വധത്തിലേക്ക് നയിച്ച സംഭവങ്ങൾ വിലക്കി എൻസിഇആർടി

15 വർഷത്തിലേറെയായി പ്ലസ് ടു പൊളിറ്റിക്കൽ സയൻസ് വിദ്യാർഥികൾക്ക് പഠിക്കാനുണ്ടായിരുന്ന ഭാഗങ്ങളാണ് എൻസിഇആർടി വെട്ടിമാറ്റിയിരിക്കുന്നത്

വെബ് ഡെസ്ക്

ആര്‍എസ്എസ്സും സംഘപരിവാറും ആരോപണവിധേയരായ ചരിത്ര സംഭവങ്ങൾ പാഠപുസ്തകത്തിൽനിന്ന് നീക്കി എൻസിഇആർടി. പാഠപുസ്തക പരിഷ്കരണത്തിന്റെ ഭാഗമായാണ് ചരിത്രം വെട്ടിമാറ്റിക്കൊണ്ടുള്ള നീക്കങ്ങൾ. മഹാത്മാ ഗാന്ധി വധവും തുടർന്നുണ്ടായ ആർഎസ്എസ് നിരോധനവും ഇനി എൻസിഇആർടി പ്ലസ് ടു പാഠപുസ്തകങ്ങളിലുണ്ടാകില്ല.

എൻസിഇആർടി പാഠപുസ്തകങ്ങളിലെ ഗുജറാത്ത് കലാപത്തെക്കുറിച്ച് പരാമർശമുള്ള ‘അണ്ടർസ്റ്റാൻഡിങ് സൊസൈറ്റി’ എന്ന ഭാഗവും 11-ാം ക്ലാസ് സോഷ്യോളജി പാഠപുസ്തകത്തിൽനിന്ന് ഒഴിവാക്കി

15 വർഷത്തിലേറെയായി പ്ലസ് ടു പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥികൾക്ക് പഠിക്കാനുണ്ടായിരുന്ന ഭാഗങ്ങളാണ് പുതിയ സിലബസ് പരിഷ്കരണത്തിന്റെ ഭാഗമായി മാറ്റിയത്. വിദ്യാർത്ഥികളുടെ പഠനഭാരം കുറയ്ക്കുക ലക്ഷ്യമിട്ടാണ് പുതിയ തിരുത്തലുകളും ഒഴിവാക്കലുകളുമെന്നാണ് എൻസിഇആർടിയുടെ വിശദീകരണം.

"ഇന്ത്യയൊരു ഹിന്ദുരാഷ്ട്രമാക്കണമെന്ന് വാദിച്ചവരെ ഗാന്ധി ഇഷ്ടപ്പെട്ടിരുന്നില്ല, ഗാന്ധിയുടെ കൊലപാതകത്തിന് പിന്നാലെ വർഗീയ വിദ്വേഷം പടർത്തുന്ന സംഘടനകളെ നിരോധിച്ചിരുന്നു, ആർഎസ്എസ് പോലുള്ളവയ്ക്കും കുറച്ചുകാലത്തേക്ക് വിലക്കേർപ്പെടുത്തിയിരുന്നു, ഹിന്ദു-മുസ്ലിം ഐക്യത്തിനായുള്ള ഗാന്ധിയുടെ ശ്രമങ്ങളാണ് ഹിന്ദു തീവ്രവാദികളെ വളരെയധികം പ്രകോപിപ്പിച്ചത്, അവർ ഗാന്ധിജിയെ വധിക്കാൻ നിരവധി ശ്രമങ്ങൾ നടത്തി" എന്നിങ്ങനെ പാഠപുസ്തകത്തിൽ മുൻപുണ്ടായിരുന്ന ഭാഗങ്ങളെല്ലാം പരിഷ്കരണത്തിന്റെ ഭാഗമായി ഒഴിവാക്കിയിരിക്കുകയാണ്.

നീക്കം ചെയ്ത ഭാഗങ്ങളേതൊക്കെ വ്യക്തമാക്കി എൻസിഇആർടി പുറത്തുവിട്ട കുറിപ്പില്‍ ഇവയെക്കുറിച്ചൊന്നും പരാമര്‍ശമില്ലെന്നതാണ് ശ്രദ്ധേയം. ഇന്ത്യൻ എക്‌സ്പ്രസ്‌ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടത്.

എൻഡിഎ സർക്കാർ 2014ൽ അധികാരത്തിലേറിയ ശേഷം നടത്തുന്ന മൂന്നാമത്തെ പാഠ്യപദ്ധതി പരിഷ്കരണമാണിത്. 2002-ലെ ഗുജറാത്ത് കലാപം, മുഗൾ കാലഘട്ടത്തെയും ജാതി വ്യവസ്ഥയെയും കുറിച്ചുള്ള ഭാഗം, സാമൂഹിക പ്രസ്ഥാനങ്ങളെ കുറിച്ചുള്ള ഭാഗങ്ങൾ എന്നിവയും പാഠഭാഗങ്ങളിൽ നിന്ന് പുറംതള്ളിയവയിൽ ഉൾപ്പെടുന്നു.

ആറ് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിൽ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള പാഠഭാഗങ്ങളെല്ലാം ഒഴിവാക്കപ്പെട്ടു

എൻസിഇആർടി പാഠപുസ്തകങ്ങളിലെ ഗുജറാത്ത് കലാപത്തെക്കുറിച്ച് പരാമർശമുള്ള ‘അണ്ടർസ്റ്റാൻഡിംഗ് സൊസൈറ്റി’ എന്ന ഭാഗം 11-ാം ക്ലാസ് സോഷ്യോളജി പാഠപുസ്തകത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. വർഗവും മതവും വംശീയതയും പലപ്പോഴും പാർപ്പിട മേഖലയില്‍ എങ്ങനെ വേര്‍തിരിവുകളുണ്ടാക്കുന്നു എന്നതിനെക്കുറിച്ച് സംസാരിക്കുന്ന ഖണ്ഡികയാണ് ഇത്. വർഗീയ അക്രമങ്ങൾ ധ്രുവീകരണം എങ്ങനെ വർധിപ്പിക്കുന്നു എന്നതിന്റെ ഉദാഹരണമായി 2002ലെ ഗുജറാത്ത് കലാപത്തെയും ഇവിടെ ഉദ്ധരിച്ചിരുന്നു.

ഈയൊരു പാഠഭാഗം കൂടി നീക്കം ചെയ്തതോടെ ആറ് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിൽ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള പാഠ ഭാഗങ്ങളെല്ലാം ഒഴിവാക്കപ്പെട്ടു. ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള പന്ത്രണ്ടാം ക്ലാസിലെ പൊളിറ്റിക്കൽ സയൻസ് ടെക്സ്റ്റ് ബുക്കിലെ രണ്ട് ഭാഗങ്ങൾ ഒഴിവാക്കിയതായി മാത്രമേ എൻസിഇആർടി ഔദ്യോഗികമായി അറിയിച്ചിരുന്നുള്ളു.

ഇതിനുപുറമെ മുഗൾ കാലഘട്ടത്തെയും ഇന്ത്യയിലെ മുസ്ലീം ഭരണാധികാരികളെയും കുറിച്ചുള്ള ഉള്ളടക്കങ്ങളും വെട്ടിമാറ്റപ്പെട്ടിരുന്നു. തുഗ്ലക്ക്, ഖിൽജി, ലോദി, മുഗൾ എന്നീ സാമ്രാജ്യങ്ങൾ ഉൾപ്പെടെ നിരവധി രാജവംശങ്ങൾ ഭരിച്ചിരുന്ന ഡൽഹി സുൽത്താനേറ്റിനെക്കുറിച്ചുള്ള നിരവധി പേജുകൾ ഏഴാം ക്ലാസ് ചരിത്ര പാഠപുസ്തകമായ 'നമുടെ ഭൂതകാലം – II'ൽ നിന്നും നീക്കം ചെയ്തിരുന്നു. മുഗൾ ചക്രവർത്തിമാരായ ഹുമയൂൺ, ഷാജഹാൻ, ബാബർ, അക്ബർ, ജഹാംഗീർ, ഔറംഗസീബ് തുടങ്ങിയവരുടെ നേട്ടങ്ങൾ വിവരിക്കുന്ന രണ്ട് പേജുള്ള പട്ടിക ഉൾപ്പെടെ, ഏഴാം ക്ലാസ് പാഠപുസ്തകത്തിലെ മുഗൾ സാമ്രാജ്യം എന്ന അധ്യായവും വെട്ടിക്കുറച്ചു.

12-ാം ക്ലാസ് ചരിത്ര പാഠപുസ്തകത്തിൽ, കിങ്സ് ആൻഡ് ക്രോണിക്കിൾസ്: ദി മുഗൾ കോർട്ട് (ഇന്ത്യൻ ചരിത്രത്തിലെ തീമുകൾ - ഭാഗം II) എന്ന അധ്യായവും മാറ്റിയിട്ടുണ്ട്. അക്ബർ നാമ, ബാദ്ഷാ നാമ തുടങ്ങിയ മുഗൾ കാലഘട്ടത്തിലെ കൈയെഴുത്തു പ്രതികളെക്കുറിച്ചും യുദ്ധങ്ങൾ, വേട്ടയാടൽ പര്യവേഷണങ്ങൾ, കെട്ടിട നിർമാണങ്ങൾ, കോടതി രംഗങ്ങൾ എന്നിവയിലൂടെ മുഗളന്മാരുടെ ചരിത്രം എങ്ങനെ രേഖപ്പെടുത്തുന്നുവെന്നുമായിരുന്നു ഈ അധ്യായത്തിൽ പ്രതിപാദിച്ചിരുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ