INDIA

കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയോട് ക്രൂരത; വൈദ്യപരിശോധനയ്ക്കായി പോലീസ് വാനില്‍ കാത്തിരിക്കേണ്ടി വന്നത് 12 മണിക്കൂര്‍

മനഃപൂർവ്വം മെഡിക്കൽ പരിശോധന വൈകിപ്പിച്ചതല്ലെന്നും സാഹചര്യങ്ങള്‍ കാരണം സംഭവിച്ചു പോയതാണെന്നും പോലീസിന്റെ വിശദീകരണം

വെബ് ഡെസ്ക്

ഒഡീഷയിലെ കിയോഞ്ജർ ജില്ലയിൽ കൂട്ടബലാത്സംഗത്തെ അതിജീവിച്ച യുവതി വൈദ്യപരിശോധനയ്ക്കായി പോലീസ് വാനിൽ 12 മണിക്കൂർ കാത്തിരിക്കേണ്ടി വന്നെന്ന് പരാതി. വ്യാഴാഴ്ച രാവിലെയാണ് 37കാരിയായ യുവതിയെ പോലീസ് വാനിൽ വൈദ്യപരിശോധനയ്ക്കായി പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാല്‍ കുറ്റകൃത്യം നടന്ന സ്ഥലം മറ്റൊരു കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് കീഴിലാണെന്ന് പറഞ്ഞ് ഡോക്ടർമാർ വൈദ്യപരിശോധന നടത്താൻ വിസമ്മതിക്കുകയായിരുന്നു. തുടർന്ന് ഒപ്പമുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ യുവതിയെ മറ്റൊരു ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. എന്നാല്‍ അവിടെ വനിതാ ഡോക്ടർമാർ ഇല്ലാത്തതിനാല്‍ യുവതിയെ പോലീസ് വാനിൽ തന്നെ ഇരുത്തി.

രാത്രി വൈദ്യപരിശോധന നടത്താനാകില്ലെന്നും പിറ്റേദിവസം വരാൻ തന്നോട് പറഞ്ഞതായും യുവതി

തുടർന്ന് പോലീസ് വീണ്ടും ആദ്യത്തെ ആശുപത്രിയിലേക്ക് തിരിച്ചു കൊണ്ടുപോയി. വ്യാഴാഴ്ച രാത്രി 9:30 ഓടെയാണ് അവിടുത്തെ ഡോക്ടർമാർ പ്രാഥമിക പരിശോധന നടത്തിയത്. രാത്രി വൈദ്യപരിശോധന നടത്താനാകില്ലെന്നും പിറ്റേദിവസം വരാൻ തന്നോട് പറഞ്ഞതായും യുവതി വെളിപ്പെടുത്തുന്നു. തുടർന്ന് വെള്ളിയാഴ്ചയാണ് പൂർണമായ വൈദ്യപരിശോധന നടത്തിയത്. അതേസമയം മനഃപൂർവ്വം മെഡിക്കൽ പരിശോധന വൈകിപ്പിച്ചതല്ലെന്നും സാഹചര്യങ്ങള്‍ കാരണം സംഭവിച്ചു പോയതാണെന്നും ഇൻസ്പെക്ടർ പറഞ്ഞു. വനിതാ ഡോക്ടർ ഇല്ലാത്തതിനാലാണ് ഡോക്ടർമാർ സർക്കാർ ആശുപത്രിയിലേക്ക് റഫർ ചെയ്തതെന്നും ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു.

സിഡിഎംഒ ഉള്‍പ്പെടെയുള്ള മുതിർന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വിഷയത്തിൽ പ്രതികരിക്കാൻ വിസമ്മതിച്ചു

കൂട്ടബലാത്സംഗത്തിനിരയായ യുവതിയെ 40 കിലോമീറ്റർ അകലെയുള്ള സർക്കാർ ആശുപത്രിയിൽ നിന്ന് വ്യാഴാഴ്ച രാവിലെ ഒൻപതിന് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നതായി ബന്ധുക്കളും ആരോപിക്കുന്നു.  ഒടുവിൽ രാത്രി 9.30 നാണ് ഡോക്ടർമാർ പരിശോധന നടത്തിയത്. അതേസമയം ചീഫ് ജില്ലാ മെഡിക്കൽ ഓഫീസർ (സിഡിഎംഒ) ഉള്‍പ്പെടെയുള്ള മുതിർന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വിഷയത്തിൽ പ്രതികരിക്കാൻ വിസമ്മതിച്ചു.

ജനുവരി 18ന് ബന്ധുവീട്ടിൽ നിന്ന് ഒരു ബന്ധുവിനൊപ്പം മടങ്ങുമ്പോഴാണ് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായത്. ബന്ധുവിനെ മർദിച്ച ശേഷം മൂന്ന് പേർ യുവതിയെ ബലം പ്രയോഗിച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് എഫ്‌ഐആറിൽ പറയുന്നു. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ