പഞ്ചാബിലെ ലുധിയാനയില്‍ ഫാക്ടറിയിലുണ്ടായ വാതക ചോര്‍ച്ചയില്‍ 11 മരണം. ഗിയാസ്പുരയിലെ മില്‍ക് പ്ലാന്റിലുണ്ടായ വാതക ചോര്‍ച്ചയില്‍ ഫാക്ടറിയിലെ തൊഴിലാളികളാണ് ശ്വാസം കിട്ടാതെ മരിച്ചത്. നിരവധി പേര്‍ ഫാക്ടറിക്ക് അകത്ത് കുടുങ്ങി കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ഞയറാഴ്ച 7.15-ഓടെയാണ് സുവ റോഡിലെ ഫാക്ടറിയില്‍ നിന്ന് വാതക ചോര്‍ച്ച ഉണ്ടായത്. ഡോക്ടര്‍മാരടക്കമുള്ള സംഘത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ദേശീയ ദുരന്തനിവാരണ സേനയും രക്ഷാപ്രവർത്തന രംഗത്തുണ്ട്.
പാലുത്പന്നങ്ങളുടെ നിര്‍മാണ് ഫാക്ടറിയായ ഗോയല്‍ മില്‍ക്ക് പ്ലാന്റിലെ കൂള് സിസ്റ്റത്തില്‍ നിന്നാണ് വാതക ചോര്‍ച്ചയുണ്ടാ തെന്നാണ് പ്രാഥമിക നിഗമനം. ഫാക്ടറിക്ക് സമീപത്തെ വീടുകളിലുള്ളവര്‍ ബോധരഹിതരായതിനെ തുടര്‍ന്ന് സമീപപ്രദേശങ്ങളില്‍ നിന്നെല്ലാം ആളുകളെ ഒഴിപ്പിച്ചു.
ഏറെ ദുഃഖകരമായ സംഭവമാണുണ്ടായിരിക്കുന്നതെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ സിങ് പറഞ്ഞു. സാധ്യമായ എല്ലാ രക്ഷാപ്രവര്‍ത്തനവും സര്‍ക്കാര്‍ നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.