ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വെളിപ്പെടുത്തല്‍ വാര്‍ഷികത്തില്‍ കേസിനെക്കുറിച്ച് പ്രതികരിച്ച് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി. തന്റെ എതിരാളികള്‍ മാധ്യമങ്ങളിലെ അവരുടെ കൂട്ടാളികളിലൂടെ പ്രചരിപ്പിക്കാന്‍ ശ്രമിച്ചിരുന്ന ജീവനില്ലാത്ത അതേ ആരോപണങ്ങള്‍ തന്നെയായിരുന്നു ഗവേഷണ റിപ്പോര്‍ട്ട് എന്ന് സ്വയം അവകാശപ്പെട്ടിരുന്ന റിപ്പോര്‍ട്ടിലും ഉണ്ടായിരുന്നതെന്ന് അദാനി ആരോപിച്ചു. വെളിപ്പെടുത്തിയിട്ടുള്ളതും പൊതു സമുഹത്തില്‍ ലഭ്യമായിട്ടുള്ളതുമായ വിവരങ്ങളില്‍ നിന്നു തിരഞ്ഞെടുത്ത ചില അര്‍ധസത്യങ്ങള്‍ കൗശലപൂര്‍വ്വം മെനഞ്ഞെടുത്തതായിരുന്നു അതെന്നും അദാനി പ്രസ്താവനയില്‍ പറഞ്ഞു.
''സത്യം ചെരിപ്പിന്റെ വാറു കെട്ടുമ്പോഴേക്ക് നുണ ലോകം മുഴുവന്‍ ചുറ്റിക്കറങ്ങി വന്നിരുന്നു. സത്യത്തിന്റെ പാതയിലൂടെ ഉയര്‍ന്നു വന്ന എനിക്കിത് കള്ളങ്ങളുടെ ശക്തിയെ കുറിച്ചുള്ള ഒരു പാഠമായിരുന്നു'', എന്നും ഗൗതം അദാനി പറഞ്ഞു.
'ഷോര്‍ട്ട് സെല്ലിങ് ആക്രമണങ്ങളുടെ പ്രതിഫലനം സാധാരണ സാമ്പത്തിക വിപണികളില്‍ മാത്രമായി ഒതുങ്ങും. എന്നാല്‍ ഇത് രണ്ടു തലങ്ങളിലായുള്ള സവിശേഷമായൊരു ആക്രമണമായിരുന്നു. സാമ്പത്തിക രംഗത്തുള്ളതും രാഷ്ട്രീയ തലത്തിലുള്ളതും പരസ്പരം സഹായിച്ചു കൊണ്ടുള്ളതുമായിരുന്നു അത്. വിപണികള്‍ സ്വതവേ വൈകാരിക പ്രവണത പ്രകടിപ്പിക്കുന്നവയാണ് എന്നതിനാ ല്‍ മാധ്യമങ്ങളിലുള്ള ചിലരുടെ സഹായത്തോടെയുള്ള ഈ നുണകള്‍ ഞങ്ങളുടെ വിപണി മൂല്യം കുറക്കുന്നതിന് വഴിവെക്കുകയുമുണ്ടായി. ആയിരക്കണക്കിനു ചെറുകിട നിക്ഷേപകരുടെ സമ്പാദ്യം നഷ്ടപ്പെട്ടതാണ് എന്നെ കൂടുതല്‍ വേദനിപ്പിച്ചത്.
എതിരാളികളുടെ ഈ കുതന്ത്രം പൂര്‍ണമായി വിജയിച്ചിരുന്നുവെങ്കില്‍ തുറമുഖങ്ങളും വിമാനത്താവളങ്ങളും വൈദ്യുത ശൃംഖലകളും അടക്കം നിര്‍ണായകമായ അടിസ്ഥാന സൗകര്യ ആസ്തികളെ ബാധിക്കുകയും നമ്മുടെ രാജ്യത്തെ വിനാശകരമായൊരു സ്ഥിതിയിലേക്കു കൊണ്ടു പോകുകയും ചെയ്‌തേനെ. പക്ഷേ, ഞങ്ങളുടെ ശക്തമായ ആസ്തികള്‍, പ്രവര്‍ത്തനങ്ങളിലുള്ള പുതുമയും ഉന്നത നിലവാരത്തിലുള്ള വെളിപ്പെടുത്തലുകളുമെല്ലാം മൂലം വായ്പാ ദാതാക്കളും റേറ്റിങ് ഏജന്‍സികളും അടക്കമുള്ള കൂടുത ല്‍ അറിവുള്ള സാമ്പത്തിക സമൂഹം ഇതനുസരിച്ച് ആടിയുലയുവാന്‍ തയ്യാറാകാതെ ഞങ്ങളോടൊപ്പം ശക്തമായി നിലകൊണ്ടു'', ഗൗതം അദാനി പ്രസ്താവനയില്‍ പറഞ്ഞു.
നിക്ഷേപകരെ സംരക്ഷിക്കുക എന്നതായിരുന്നു ഏറ്റവും ആദ്യ ലക്ഷ്യം. 20,000 കോടി രൂപയുടെ എഫ്പിഒ പൂര്‍ത്തിയാക്കിയ ശേഷം അതിലൂടെ സമാഹരിച്ചത് തിരികെ നല്‍കാന്‍ തീരുമാനിച്ചു. കോര്‍പറേറ്റ് ചരിത്രത്തി ഇതുവരെ ഉണ്ടായിട്ടില്ലാത്ത ഈ നീക്കം നിക്ഷേപകരുടെ ക്ഷേമത്തിനായും ധാര്‍മിക ബിസിനസ് രീതികളിലും ഉള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് എടുത്തു കാട്ടിയതെന്നും അദാനി അവകാശപ്പെട്ടു.
30,000 കോടി രൂപയുടെ കാഷ് റിസര്‍വിനൊപ്പം അടുത്ത രണ്ടു വര്‍ഷത്തെ കടം തിരിച്ചടക്കലിനു സമാനമായ 40,000 കോടി രൂപ കൂടി ലഭ്യമാക്കി സാമ്പത്തിക സ്ഥിതി ശക്തമാക്കി. ജിക്യുജി പാര്‍ട്ട്‌ണേഴ്‌സ്, ക്യുഐഎ പോലുള്ളവര്‍ക്ക് തങ്ങളുടെ ഗ്രൂപ് കമ്പനികളുടെ അവകാശങ്ങള്‍ വില്‍പന നടത്തിയായിരുന്നു ഇത്. വിപണിയുടെ വിശ്വാസം വീണ്ടെടുക്കുന്നതിനും ഇന്ത്യയില്‍ ആഗോള നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളും ആസ്തികളും നിര്‍മിക്കാനുമുള്ള വിപുലമായ കാഷ് റിസര്‍വ് എന്ന ലക്ഷ്യം കൈവരിക്കാന്‍ ഇതു സഹായിച്ചു.
17,500 കോടി രൂപയുടെ മാര്‍ജിന്‍ ലിങ്ക്ഡ് വായ്പകള്‍ മുന്‍കൂറായി തിരിച്ചടച്ചതിലൂടെ നിക്ഷേപത്തെ വിപണി ചാഞ്ചാട്ടങ്ങളില്‍ നിന്നു സംരക്ഷിക്കാനും സാധിച്ചു. നേതൃനിരയിലുള്ളവരോട് ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ആവശ്യപ്പെട്ടു. 2024 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പകുതിയില്‍ 47 ശതമാനമെന്ന നിലയില്‍ നികുതിക്കു മുന്‍പുള്ള ലാഭ വര്‍ധനയുടെ കാര്യത്തില്‍ റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ ഇതു സഹായകമായി. അദാനി നിക്ഷേപങ്ങള്‍ 2024 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം ത്രൈമാസത്തില്‍ ഏറ്റവും ഉയര്‍ന്ന ത്രൈമാസ നേട്ടവും കൈവശമാക്കിയെന്നും പ്രസ്താവനയില്‍ പറഞ്ഞു.
സാമ്പത്തികേതര അഭ്യുദയകാംക്ഷികള്‍ക്കായി വിപുലമായ പദ്ധതികള്‍ തയ്യാറാക്കിയെന്നും അദാനി അവകാശപ്പെടുന്നു. ഫിനാന്‍സ് ടീം മാത്രം ആദ്യ 150 ദിവസങ്ങളില്‍ ആഗോള വ്യാപകമായി മുന്നൂറോളം യോഗങ്ങളാണു നടത്തിയത്. സത്യം സുതാര്യമായി അവതരിപ്പിച്ചും ഈ കഥയുടെ മറുവശം വെളിപ്പെടുത്തിയും ആക്രമിച്ചവരുടെ ലക്ഷ്യങ്ങള്‍ പുറത്തു കാട്ടിയും മുന്നോട്ടു പോകുന്നതിലാണ് ശ്രദ്ധിച്ചത്. ഓഹരി അടിത്തറയിലുണ്ടായ ഗണ്യമായ വളര്‍ച്ച പൊതുജനങ്ങളുടെ അഭിപ്രായത്തെ സാധൂകരിക്കുന്നതാണ്. വെല്ലുവിളികളുടെ വര്‍ഷത്തില്‍ തങ്ങളുടെ ഓഹരി ഉടമകളുടെ അടിത്തറ 43 ശതമാനം വര്‍ധിച്ച് 70 ലക്ഷത്തിനടുത്തെത്തിയെന്നും അദാനി അവകാശപ്പെടുന്നു.
അടിസ്ഥാന ആസ്തി 4.5 ലക്ഷം കോടിയിലേക്ക് വളര്‍ന്നതിലൂടെ നിക്ഷേപങ്ങളില്‍ ഗ്രൂപ്പിനുളള പ്രതിബദ്ധത ദൃശ്യമായി. നിരവധി നിര്‍ണായക പദ്ധതികളുടെ തുടക്കം ഇക്കാലത്തു കാണാനായി. ഗുജറാത്തില്‍ ഖാവ്ഡയിലെ ലോകത്തെ ഏറ്റവും വലിയ പുനരുപയോഗിക്കാവുന്ന വൈദ്യതി ഉല്‍ പാദനശാല, പുതിയ കോപ്പര്‍ സ്‌മെല്‍റ്റര്‍, ഹരിത ഹൈഡ്രജന്‍ സംവിധാനം, ധാരാവി പുനര്‍ വികസനം എന്നിവ ഇതിലുള്‍പ്പെടുന്നു.
തങ്ങളുടെ കടനിലയെ കുറിച്ചും രാഷ്ട്രീയ ബന്ധങ്ങളെ കുറിച്ചുമെല്ലാം കെട്ടിപ്പടുത്ത ആരോപണങ്ങളെ മികച്ച രീതിയില്‍ പ്രതിരോധിക്കുന്നതില്‍ തങ്ങള്‍ക്കു വിജയിക്കാനായില്ലെന്നും അദാനി പറയുന്നു. തെറ്റിദ്ധാരണകള്‍ പരക്കാന്‍ ഇതു വഴിവെച്ചു. ''നികുതിക്കു മുന്‍പുള്ള ഏറ്റവും കുറഞ്ഞ ലാഭവും വായ്പകളും തമ്മില്‍ ഏറ്റവും കുറഞ്ഞ അനുപാതമുള്ളവയാണ് ഞങ്ങളുടെ ഗതാഗത, പബ്ലിക് യൂട്ടിലിറ്റി കമ്പനികള്‍. 2023 സെപ്റ്റംബറില്‍ അവസാനിച്ച അര്‍ധ വര്‍ഷത്തില്‍ ഇത് 2.5 മടങ്ങായിരുന്നു. ഇതിനു പുറമെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഭരിക്കുന്ന 23 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സാന്നിധ്യമുള്ളതാണ് ഞങ്ങളുടെ അടിസ്ഥാന സൗകര്യ ബിസിനസ്. ഞങ്ങള്‍ രാഷ്ട്രീയ രംഗത്തുള്ളവരുമല്ല'', അദാനി പറഞ്ഞു.
സത്യസന്ധതയില്ലാതെ തങ്ങള്‍ക്കു നേരെ നടത്തിയ ആക്രമണവും തങ്ങളുടെ പ്രതിപ്രവര്‍ത്തനങ്ങളും പഠനത്തിന് അര്‍ഹമായ ഒന്നാണ്. ഇന്നിത് തങ്ങള്‍ക്കു നേരെയാണ്. നാളെ അതു മറ്റു ചിലര്‍ക്കു നേരെയായിരിക്കും. അതിനാലാണ് തന്റെ പാഠങ്ങള്‍ പങ്കുവെക്കാന്‍ നിര്‍ബന്ധിതനായത്. ഇത്തരം ആക്രമണങ്ങള്‍ അവസാനിച്ചു എന്നു കരുതുന്നില്ല. ഈ അനുഭവത്തിലൂടെ തങ്ങള്‍ കൂടുതല്‍ ശക്തരായതായി വിശ്വസിക്കുന്നുവെന്നും അദാനി പറഞ്ഞു.