ഗൗതം നവ്‌ലാഖ 
INDIA

നാല് വര്‍ഷങ്ങള്‍ക്ക് ശേഷം നവ്‌ലാഖ ജയില്‍ മോചിതന്‍; ഇനി വീട്ടുതടങ്കലില്‍

ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് നവ്ലാഖയെ വീട്ടുതടങ്കലിലേക്ക് മാറ്റാൻ നവംബര്‍ 10ന് സുപ്രീംകോടതി ഉത്തരവിട്ടത്

വെബ് ഡെസ്ക്

ഭീമാ കൊറേഗാവ് കേസിൽ നാല് വർഷമായി വിചാരണ തടവിൽ കഴിയുന്ന മനുഷ്യാവകാശ പ്രവർത്തകൻ ഗൗതം നവ്‌ലാഖ ജയില്‍ മോചിതനായി. 70കാരനായ നവ്‌ലാഖയെ വീട്ടുതടങ്കലിലേക്ക് മാറ്റാനായി മുംബൈ പോലീസിന് കൈമാറി. ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് നവ്ലാഖയെ വീട്ടുതടങ്കലിലേക്ക് മാറ്റാൻ നവംബര്‍ 10ന് സുപ്രീംകോടതി ഉത്തരവിട്ടത്. എന്നാൽ ഒരാഴ്ചയിലധികം പിന്നിട്ടിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല എന്നത് നവ്‌ലാഖയുടെ അഭിഭാഷക നിത്യ രാമകൃഷ്ണന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. സിപിഎമ്മിന്റെ മേൽനോട്ടത്തിൽ നവി മുംബൈയിൽ പ്രവർത്തിക്കുന്ന ലൈബ്രറി കെട്ടിടമാണ് നവ്‌ലാഖ വീട്ടുതടങ്കലിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

വീട്ടുതടങ്കലിലേക്ക് മാറ്റുന്നതിനെതിരെയുള്ള എന്‍ഐഎയുടെ ഹര്‍ജി സുപ്രീംകോടതി ഇന്നലെ തള്ളിയിരുന്നു

വീട്ടുതടങ്കലിലേക്ക് മാറ്റുന്നതിനെതിരെയുള്ള എന്‍ഐഎയുടെ ഹര്‍ജി സുപ്രീംകോടതി ഇന്നലെ തള്ളിയിരുന്നു. 24 മണിക്കൂറിനകം നവ്‌ലാഖയെ ജയിലിൽനിന്ന് വീട്ടുതടങ്കലിലേക്ക് മാറ്റണമെന്ന് കോടതി അന്വേഷണ സംഘത്തിന് അന്ത്യശാസനം നൽകുകയും ചെയ്തിരുന്നു. വീട്ടു തടങ്കലിന്റെ സുരക്ഷ വര്‍ധിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ കേന്ദ്രത്തിന് നിര്‍ദേശിക്കാമെന്നും കോടതി പറഞ്ഞു.

വീട്ടുതടങ്കലിനായി നവ്‌ലാഖ ആവശ്യപ്പെട്ട കെട്ടിടം സിപിഐയുടെ ഓഫീസാണെന്ന് ചൂണ്ടിക്കാട്ടിയ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് അതിലെന്താണ് പ്രശ്നമെന്നായിരുന്നു ജസ്റ്റിസ് കെ എം ജോസഫ് ചോദിച്ചത്. സിപിഐ ഇന്ത്യയിലെ അംഗീകരിക്കപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയാണെന്നും കോടതി ചൂണ്ടിക്കാട്ടി. മാവോവാദികളുമായി ബന്ധമുണ്ടെന്ന് ആരോപണമുള്ള ആളാണ് നവ്‌ലാഖയെന്നും അതിനാല്‍ സിപിഐയുടെ ഓഫീസില്‍ താമസിക്കാനുള്ള അനുവാദം എങ്ങനെ നല്‍കാനാകുമെന്നും തുഷാര്‍ മേത്ത ചോദിച്ചു. എന്നാല്‍ ഹർജിയുമായി ബന്ധമുള്ള വാദങ്ങള്‍ ഉയർത്താനായിരുന്നു കോടതിയുടെ മറുപടി.

ആരോഗ്യനില മോശമാണെന്ന വ്യാജ വാദമുയർത്തി കോടതിയെ പ്രതിഭാഗം തെറ്റിദ്ധരിപ്പിച്ചതാണെന്ന കേന്ദ്രത്തിന്റെയും എന്‍ഐഎയുടെയും വാദം ബെഞ്ച് മുഖവിലയ്ക്കെടുത്തില്ല. 70കാരനായ നവ്‌ലാഖ ഭീമാ കൊറേഗാവ് കേസിൽ 2018 ആഗസ്റ്റ്  മുതല്‍ ജയിലിലാണ്. ഇതേ കേസിലെ പ്രതിയായ ആനന്ദ് തെല്‍തുംദെയ്ക്ക് ബോംബെ ഹൈക്കോടതി ഇന്നലെ ജാമ്യം അനുവദിച്ചിരുന്നു. നവ്‌ലാഖയ്ക്ക് എതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങളില്‍ സുപ്രീംകോടതി നേരത്തേ സംശയം പ്രകടിപ്പിക്കുകയും 70കാരന് മേല്‍ യുഎപിഎ ചുമത്താന്‍ ഇതാണോ കാരണങ്ങള്‍ എന്ന് ചോദിച്ച് എന്‍ഐഎയെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

നവ്‌ലാഖയ്ക്ക് ഐഎസുമായി ബന്ധമുണ്ടെന്ന് തെളിയിക്കാൻ അന്വേഷണ ഏജൻസി കണ്ടെത്തിയ വസ്തുക്കൾ പരിശോധിച്ച കോടതി, തെളിവുകളിൽ സംശയവും പ്രകടിപ്പിച്ചു. "ഇതാണോ 70 വയസ്സുള്ള ഒരാളെ യുഎപിഎ അനുസരിച്ച് ശിക്ഷിക്കുന്നതിന് ആധാരമാക്കുന്ന വസ്തുതകൾ? അദ്ദേഹം ജീവിതാന്ത്യത്തിലേക്ക് അടുക്കുകയാണ്. അദ്ദേഹത്തിന് ഞങ്ങൾ ജാമ്യം നൽകുന്നില്ല. നിങ്ങൾക്ക് എന്തൊക്കെ നിയന്ത്രണങ്ങളാണോ വേണ്ടത് അതൊക്കെ ഏർപ്പെടുത്തൂ. രാജ്യത്തെ നശിപ്പിക്കാൻ ഇവർ ശ്രമിക്കുന്നുവെന്ന് ഞാൻ കരുതുന്നില്ല. ആരാണ് രാജ്യത്തെ നശിപ്പിക്കാൻ ശ്രമിക്കുന്നത്. അത് ഞാൻ താങ്കളോട് പറയേണ്ടതുണ്ടോ? അഴിമതിക്കാരായവർ. നിങ്ങൾ ഏതെങ്കിലും ഓഫീസിൽ പോയി നോക്കൂ. അവിടെ എന്താണ് സംഭവിക്കുന്നത്. ആരാണ് നടപടിയെടുക്കുന്നത്. അവരൊക്കെ രക്ഷപ്പെട്ടു പോകുകയാണ്." എന്നതായിരുന്നു ബെഞ്ചിന്റെ അന്നത്തെ നിരീക്ഷണം.

നവ്‌ലാഖയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ഒരു മാസത്തേക്ക് കർശനമായ ഉപാധികളോടെയാണ് സുപ്രീംകോടതി വീട്ടുതടങ്കലിനുള്ള അനുമതി നൽകിയത്. പോലീസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാകും വീട്ടുതടങ്കൽ. മുറികൾക്ക് പുറത്തും വീടിന്റെ പ്രധാന വാതിലിന് സമീപത്തും സിസിടിവി ക്യാമറകൾ സ്ഥാപിക്കും. നിരീക്ഷണച്ചെലവായി ഏകദേശം 2.4 ലക്ഷം രൂപ നവ്‌ലാഖ നൽകണം. കൂടാതെ സിസിടിവി സ്ഥാപിക്കുന്നതിനുള്ള ചെലവും അദ്ദേഹം വഹിക്കണം. കുറ്റവിമുക്തനാക്കപ്പെട്ടാൽ തുക തിരികെ നൽകുമെന്നും ബെഞ്ച് അറിയിച്ചു. വീടിന് പുറത്തേക്ക് പോകാനും നവ്‌ലാഖയ്ക്ക് അനുമതിയില്ല. വ്യായാമത്തിന്റെ ഭാഗമായി നടക്കാൻ പോകണമെങ്കിലും പോലീസ് ഉദ്യോഗസ്ഥർ കൂടെയുണ്ടാകുമെന്നും കോടതി ഉത്തരവിൽ പറയുന്നു.

സ്മാർട്ഫോൺ, ലാപ്ടോപ്പ്, ഇന്റർനെറ്റ് എന്നിവയൊന്നും ഉപയോഗിക്കാൻ നവ്‌ലാഖയ്ക്ക് അനുമതിയില്ല. ദിനേന ഒരു തവണ പോലീസിന്റെ മേൽനോട്ടത്തിൽ 10 മിനിറ്റ് ഫോണിൽ ബന്ധപ്പെടാം. അഭിഭാഷകനെ ജയിൽ ചട്ടപ്രകാരം കാണാനുള്ള അനുമതിയുണ്ടെങ്കിലും സാക്ഷികളെ കാണണോ ഏതെങ്കിലും വിധേന ബന്ധപ്പെടാനോ സാധിക്കില്ല. എൻഐഎയ്ക്ക് മുൻകൂട്ടി നൽകിയ ലിസ്റ്റിൽ ഉള്ള കുടുംബാംഗങ്ങൾക്ക് ആഴ്ചയിൽ ഒരു തവണ മൂന്ന് മണിക്കൂർ നേരം സന്ദർശിക്കാനാകും. സന്ദർശകരെ അനുവദിക്കുമ്പോൾ പോലും ഇലക്ട്രോണിക് ഉപകരണങ്ങൾ അനുവദിക്കില്ല. മെഡിക്കൽ അത്യാഹിത സാഹചര്യത്തിൽ അടുത്ത ഉദ്യോഗസ്ഥർ ഇടപെട്ട് അനുയോജ്യമായ ആശുപത്രിയിലേക്ക് കൊണ്ടുപോകുമെന്നും കോടതി ഉത്തരവിൽ പറയുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ