മോശം തൊഴിൽ സാഹചര്യങ്ങൾ ഉയർത്തികാട്ടുന്നതിനായി 'ഡിജിറ്റൽ പണിമുടക്ക്' പ്രഖ്യാപിച്ച് സൊമാറ്റോ, സ്വിഗ്ഗി ഉള്‍പ്പടെയുള്ള മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഗിഗ് തൊഴിലാളികള്‍. ഡൽഹി ആസ്ഥാനമായുള്ള ഗിഗ് ആൻഡ് പ്ലാറ്റ്ഫോം വർക്കേഴ്സ് യൂണിയൻ (ജിഐപിഎസ്ഡബ്ല്യുയു) എന്ന തൊഴിലാളി സംഘടനയാണ് ദീപാവലി ദിനമായ ഒക്ടോബർ 31 ന് ഡിജിറ്റൽ പണിമുടക്ക് പ്രഖ്യാപിച്ചത്. സ്ത്രീകളുടെ നേതൃത്വത്തിലുള്ള ഇന്ത്യയിലെ ആദ്യത്തെ ഗിഗ് വർക്കേഴ്‌സ് യൂണിയൻ ആണ് ജിഐപിഎസ്ഡബ്ല്യുയു.
അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ഗിഗ് തൊഴിൽമേഖലയിലെ മോശം തൊഴിൽ സാഹചര്യങ്ങൾ ഉയർത്തിക്കാട്ടുക എന്ന ലക്ഷ്യത്തോടെയാണ് പണിമുടക്ക് നടത്താൻ തൊഴിലാളികൾ തീരുമാനിച്ചത്. ഇതിന്റെ എല്ലാ ഗിഗ് തൊഴിലാളികളോടും ഫോൺ സ്വിച്ച് ഓഫ് ചെയ്ത് 'ഡിജിറ്റൽ നിശബ്ദത' പാലിക്കാന്‍ സംഘടന ആവശ്യപ്പെട്ടു. കുടുംബങ്ങളോടൊപ്പമുള്ള ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പങ്കിടാനും നിർദേശം നൽകിയിട്ടുണ്ട്.
ഉത്സവ സീസണിൽ കമ്പനികളുടെ പ്രവർത്തനത്തെ സ്തംഭിപ്പിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. അതുവഴി തങ്ങളുടെ കഠിനാധ്വാനമില്ലാത്തെ കമ്പനികൾക്ക് ഒന്നിനും സാധിക്കില്ലെന്ന് തൊഴിലുടമകളെ ബോധ്യപ്പെടുത്താനുമാണ് ഇത്തരമൊരു ആഹ്വാനം നടത്തിയതെന്ന് യൂണിയൻ പറയുന്നു.
“ഞങ്ങളെ അടിമകളെപ്പോലെയാണ് പരിഗണിക്കുന്നത്. ഞങ്ങൾ കഠിനാധ്വാനം ചെയ്യുന്നു, പക്ഷേ പ്രതിഫലമായി ഒന്നും ലഭിക്കുന്നില്ല. ഞങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ജോലി ചെയ്യാൻ സ്വാതന്ത്ര്യമുണ്ടെന്ന് അവർ പറയുന്നു, പക്ഷേ അത് വെറും നുണയാണ്. കാര്യങ്ങൾ എത്രത്തോളം മോശമാണെന്ന് എല്ലാവരേയും കാണിക്കാനാണ് ഞങ്ങൾ പണിമുടക്ക് നടത്തുന്നത്. ഞങ്ങൾ കടന്നുപോകുന്നത് നിങ്ങൾ കാണുമെന്നും ഞങ്ങളുടെ ആദ്യത്തെ ഡിജിറ്റൽ സമരത്തെ പിന്തുണയ്ക്കുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു,” ബാംഗ്ലൂരിൽ നിന്നുള്ള യൂണിയൻ നേതാവ് സെൽവി പറഞ്ഞു.
മിനിമം വേതനം, ആരോഗ്യ സുരക്ഷാ പരിരക്ഷകൾ, പരാതി പരിഹാര സംവിധാനങ്ങൾ, തൊഴിൽ നിയന്ത്രണം, സാമൂഹിക സുരക്ഷ തുടങ്ങിയ സ്ഥിരം തൊഴിലാളി അവകാശങ്ങളിൽ നിന്ന് ഗിഗ് തൊഴിലാളികളെ ഒഴിവാക്കുന്നതിനെക്കുറിച്ച് അവബോധം വളർത്തുക എന്നതും ജിഐപിഎസ്ഡബ്ല്യുയു ലക്ഷ്യമിടുന്നു. എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട്, എംപ്ലോയീസ് പെൻഷൻ, എംപ്ലോയീസ് ഡെപ്പോസിറ്റ്-ലിങ്ക്ഡ് ഇൻഷുറൻസ് സ്കീമുകൾ, പ്രസവാവധി അവകാശങ്ങൾ തുടങ്ങിയവ പോലുള്ള സാമൂഹിക സുരക്ഷാ വ്യവസ്ഥകൾ തങ്ങൾക്കും അനിവാര്യമാണെന്ന് തൊഴിലാളികൾ പറയുന്നു.
"മറ്റുള്ളവർ പടക്കം പൊട്ടിച്ചും സന്തോഷത്തോടെയും ആഘോഷിക്കുമ്പോൾ, ഞങ്ങൾ ഞങ്ങളുടേതായ ശബ്ദമുണ്ടാക്കുന്നു - ഞങ്ങളുടെ സമരങ്ങളെ പ്രതിധ്വനിപ്പിക്കുന്ന ഒരു പ്രതിഷേധം. ഈ ദീപാവലിക്ക്, ഞങ്ങളുടെ പോരാട്ടങ്ങളുടെ യാഥാർത്ഥ്യം ജനങ്ങൾ കാണുമെന്നും ഞങ്ങളുടെ പോരാട്ടത്തിൽ ചേരുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു,” മഹാരാഷ്ട്രയിൽ നിന്നുള്ള നേതാവ് നിഷ പൻവാർ വ്യക്തമാക്കി.
കാറ്ററിംഗ് ഇവൻ്റുകൾ മുതൽ സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് വരെയുള്ള എല്ലാ മേഖലയിലും മണിക്കൂറിന് അല്ലെങ്കിൽ പാർട്ട് ടൈം ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവരാണ് ഗിഗ് തൊഴിലാളികൾ.