INDIA

'ജൂറി അംഗമായിട്ടും പുരസ്കാരം ആർക്കെന്ന് അറിഞ്ഞത് മാധ്യമങ്ങളിലൂടെ'; ഗീത പ്രസ് വിവാദത്തിൽ അധിർ രഞ്ജൻ ചൗധരി

ലോക്സഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയുടെ നേതാവെന്ന നിലയിലായിരുന്നു അധിര്‍ രഞ്ജൻ ചൗധരി ജൂറിയിൽ ഉൾപ്പെട്ടിരുന്നത്

വെബ് ഡെസ്ക്

2021ലെ ഗാന്ധി സമാധാന പുരസ്കാരം ഗീത പ്രസ്സിന് നൽകുന്നത് സംബന്ധിച്ച് ജൂറി അംഗമായ തന്നോട് ഒരുവിവരവും പങ്കുവച്ചിരുന്നില്ലെന്ന് കോൺഗ്രസ് നേതാവ് അധിര്‍ രഞ്ജൻ ചൗധരി. മാധ്യമങ്ങളിലൂടെയാണ് ഗീതപ്രസ്സിനെ പുരസ്കാരത്തിനായി തിരഞ്ഞെടുത്ത വിവരം അറിഞ്ഞതെന്ന് കോൺഗ്രസ് നേതാവ് വ്യക്തമാക്കി. ജൂറിയുടെ ഒരു യോഗത്തിലേക്ക് പോലും തന്നെ ക്ഷണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയുടെ നേതാവെന്ന നിലയിലായിരുന്നു അധിര്‍ രഞ്ജൻ ചൗധരി ജൂറിയിൽ ഉൾപ്പെട്ടിരുന്നത്.

1995 മുതൽ ഏര്‍പ്പെടുത്തി വരുന്ന ഗാന്ധി പുരസ്കാരത്തിന്റെ നടപടിക്രമങ്ങൾ പ്രകാരം അഞ്ചംഗ ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുക്കേണ്ടത്. ജൂറി അധ്യക്ഷൻ പ്രധാനമന്ത്രിയാണ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് , ലോക്സഭയിലെ പ്രതിപക്ഷ പാര്‍ട്ടി അല്ലെങ്കിൽ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയുടെ നേതാവ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, സുലഭ് ഇന്റർനാഷണൽ സ്ഥാപകൻ ബിന്ദേശ്വർ പഥക് എന്നിങ്ങനെയാണ് ഇത്തവണത്തെ ജൂറിയിലെ മറ്റ് അംഗങ്ങള്‍.

ജൂറിയിലെ ഏതെങ്കിലും മൂന്ന് അംഗങ്ങൾക്ക് യോഗം ചേര്‍ന്ന് പുരസ്കാര നിർണയത്തിൽ അന്തിമ തീരുമാനമെടുക്കാമെന്ന് ഗാന്ധി പുരസ്കാര നടപടിക്രമങ്ങളിലുണ്ട്. ഇപ്രകാരമായിരിക്കാം ഇത്തവണ പുരസ്കാരത്തിനായി ഗീത പ്രസ്സിനെ തിരഞ്ഞെടുത്തതിന് പിന്നിൽ . പക്ഷേ, ജൂറി അംഗമായ തനിക്ക് അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവസരമെങ്കിലും തരാമായിരുന്നുവെന്നാണ് അധിർ രഞ്ജൻ ചൗധരിയുടെ വാദം. പുരസ്കാരം സംബന്ധിച്ച വിവരങ്ങൾ എല്ലാ അംഗങ്ങളേയും അറിയിക്കണമെന്ന നിശ്ചിത മാനദണ്ഡം എവിടെയും പാലിച്ചില്ല. ഇത് മോദി ഭരണകൂടത്തിന്റെ സ്വേച്ഛാധിപത്യ സ്വഭാവം പ്രകടമാകുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിപക്ഷ പ്രതിനിധി എന്ന നിലയിൽ അംഗമാകുന്ന മറ്റേത് ജൂറിയിലും അഭിപ്രായവ്യത്യാസങ്ങളറിയിക്കാനും അന്തിമ തീരുമാനം നേരത്തെ അറിയാനുമുള്ള അവകാശമുണ്ട്. പ്രതിപക്ഷ ശബ്ദങ്ങളെ ഇത്തരത്തിൽ ചവിട്ടിമെതിക്കുന്നത് ജനാധിപത്യത്തിന്റെ അവസാനമാണെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.

നേരത്തെ പുരസ്കാരം ഗീത പ്രസിന് നൽകുന്നുവെന്ന വാർത്തകൾ പുറത്തുവന്നപ്പോൾ തന്നെ ശക്തമായ പ്രതിഷേധമറിയിച്ച് കോൺഗ്രസ് നേതാവ് ജയറാം രമേശ് രംഗത്തെത്തിയിരുന്നു. ഗാന്ധിജിയുടെ കൊലപാതകത്തിൽ മൗനം പാലിച്ച ഗീത പ്രസ്സിനെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത് വി ഡി സവർക്കറിനും നാദുറാം ഗോഡ്സെയ്ക്കും ഗാന്ധി സമാധാന പുരസ്കാരം നൽകുന്നതിന് സമാനമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

രൂക്ഷവിമർശനമുയർന്നതിന് പിന്നാലെ ഗാന്ധി സമാധാന പുരസ്കാരത്തുകയായ ഒരു കോടി രൂപ സ്വീകരിക്കില്ലെന്ന് അറിയിച്ച് ഗൊരഖ്പൂര്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രസാധകരായ ഗീത പ്രസ്. പുരസ്കാരത്തിന്റെ ഭാഗമായ ഫലകം മാത്രമാകും സ്വീകരിക്കുക. സമ്മാനത്തുക ആര്‍ക്ക് നൽകണമെന്ന് കേന്ദ്ര സര്‍ക്കാരിന് തീരുമാനിക്കാമെന്നും ഗീത പ്രസ് അറിയിച്ചു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ