കോൺഗ്രസിൽനിന്ന് ഉൾപ്പെടെ രൂക്ഷവിമർശനമുയർന്നതിന് പിന്നാലെ ഗാന്ധി സമാധാന പുരസ്കാരത്തുകയായ ഒരു കോടി രൂപ സ്വീകരിക്കില്ലെന്ന് അറിയിച്ച് ഗൊരഖ്പൂര്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രസാധകരായ ഗീത പ്രസ്. പുരസ്കാരത്തിന്റെ ഭാഗമായ ഫലകം മാത്രമാകും സ്വീകരിക്കുക. സമ്മാനത്തുക ആര്‍ക്ക് നൽകണമെന്ന് കേന്ദ്ര സര്‍ക്കാരിന് തീരുമാനിക്കാമെന്നും ഗീത പ്രസ് അറിയിച്ചു.
അഹിംസയടക്കമുള്ള ഗാന്ധിയൻ ആദർശത്തിലൂന്നി സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ രംഗത്തെ മാറ്റങ്ങൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ഗീത പ്രസ്സിനെ പുരസ്കാരത്തിന് തിരഞ്ഞെടുത്തിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലായിരുന്നു പുരസ്കാര നിർണയ ജൂറി. സ്ഥാപിതമായതിന്റെ 100-ാം വാർഷികത്തിലാണ് ഗീത പ്രസ്സിന് 2021ലെ ഗാന്ധി സമാധാന പുരസ്‌കാരം ലഭിക്കുന്നത്.
ഗീത പ്രസ്സിനെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തതിനെതിരെ കോൺഗ്രസ് നേതാവ് ജയറാം രമേശ് അടക്കമുള്ളവർ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. മഹാത്മാഗാന്ധിയുടെ കൊലപാതകത്തിൽ മൗനം പാലിച്ചുവെന്ന വിമർശനം നേരിട്ടവരാണ് പ്രസാധകരെന്ന് ജയറാം രമേശ് ചൂണ്ടിക്കാട്ടി.
വി ഡി സവർക്കറിനും നാഥുറാം ഗോഡ്‌സെയ്ക്കും ഗാന്ധി സമാധാന പുരസ്കാരം നൽകുന്നതിന് സമാനമാണ് ഗീത പ്രസ്സിന് ഈ പുരസ്‌കാരം നൽകുന്നതെന്നാണ് ജയറാം രമേശ് ട്വിറ്ററിൽ കുറിച്ചത്. ഗാന്ധിയുടെ ആശയത്തിന് വിരുദ്ധമായി പുസ്കതം പ്രസിദ്ധീകരിച്ചവരാണ് ഗീത പ്രസ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പത്രപ്രവർത്തകൻ അക്ഷയ മുകുൾ രചിച്ച 2015-ലെ 'ഗീതാ പ്രസ് ആൻഡ് ദ മേക്കിംഗ് ഓഫ് ഹിന്ദു ഇന്ത്യ' എന്ന പുസ്തകത്തിന്റെ ചിത്രവും ഒപ്പം പങ്കുവച്ചിട്ടുണ്ട്.
1923ൽ ഉത്തർപ്രദേശിലെ ഗൊരഖ്പൂരിൽ സ്ഥാപിതമായ ഗീത പ്രസ് ലോകത്തിലെ വലിയ പ്രസാധകരിൽ ഒന്നാണ്. 16.21 കോടി ഭഗവദ്ഗീത ഉൾപ്പെടെ 14 ഭാഷകളിലായി 41.7 കോടി പുസ്തകങ്ങൾ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 100 വർഷമായി ഗീത പ്രസ് 'സ്തുത്യർഹമായ പ്രവർത്തനം' നടത്തിയെന്ന് പ്രസാധകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്ററിൽ കുറിച്ചു.
മഹാത്മാഗാന്ധിയുടെ 125-ാം ജന്മവാർഷികത്തോടനുബന്ധിച്ച് 1995-ൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള പുരസ്‌കാരമാണ് ഗാന്ധി സമാധാന പുരസ്കാരം. ഒരു കോടി രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ), രാമകൃഷ്ണ മിഷൻ, അക്ഷയ പാത്ര, സുലഭ് ഇന്റർനാഷണൽ തുടങ്ങിയ സംഘടനകളും അന്തരിച്ച ദക്ഷിണാഫ്രിക്കൻ മുൻ പ്രസിഡന്റ് നെൽസൺ മണ്ടേല, ബാബ ആംതെ, ആർച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു തുടങ്ങിയ പ്രമുഖരും മുൻകാലങ്ങളിലെ ഗാന്ധി സമാധാന പുരസ്കാര ജേതാക്കളിൽ ഉൾപ്പെടുന്നു.