ഇന്ത്യയില്‍ വന്‍തോതിലുള്ള നിക്ഷേപങ്ങള്‍ പ്രഖ്യാപിച്ച് ആമസോണും ഗൂഗിളും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് പിന്നാലെയാണ് നിർണായക പ്രഖ്യാപനങ്ങൾ. വിവിധ കമ്പനികളുടെ സിഇഒമാരും പ്രൊഫഷണലുമായും നരേന്ദ്ര മോദി അമേരിക്കയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. 2030 ഓടെ ഇന്ത്യയിൽ 26 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്നാണ് ആമസോണ്‍ സിഇഒ ആന്‍ഡി ജാസി ട്വിറ്ററില്‍ കുറിച്ചത്.
ഓരോ വര്‍ഷവും ഇന്ത്യയില്‍ ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു
സ്റ്റാര്‍ട്ടുപ്പുകളെ പിന്തുണയ്ക്കും, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും, ചെറുകിട ബിസിനസ് ശാക്തീകരണം തുടങ്ങിയവ ഉറപ്പാക്കുമെന്നും ആന്‍ഡി ജാസി ട്വിറ്ററില്‍ കുറിച്ചിരുന്നു. 2030 ഓടെ ഇന്ത്യയില്‍ 12 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് നേരത്തെ തന്നെ ആമസോണ്‍ പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് 26 ബില്യണ്‍ കൂടി നിക്ഷേപിക്കുമെന്ന പ്രഖ്യാപനം. ഈ നിക്ഷേപം ഓരോ വര്‍ഷവും ഇന്ത്യയില്‍ ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യന്‍ വംശജനായ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയും മോദിയുമായി കൂടിക്കാഴ്ച നടത്തി. ഗൂഗിള്‍ ഇന്ത്യയില്‍ 10 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തുമെന്ന് സുന്ദർ പിച്ചൈ അറിയിച്ചു. ഗൂഗിള്‍ ഇന്ത്യയുടെ ഡിജിറ്റലൈസേഷന്‍ ഫണ്ടിലാകും 10 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുക. ഗൂഗിള്‍ അതിന്റെ ആഗോള ഫിന്‍ടെക് ഓപ്പറേഷന്‍ സെന്റര്‍ ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയില്‍ സ്ഥാപിക്കുമെന്നും അറിയിച്ചു. ഇതിന് പുറമെ ആര്‍ട്ടിഫ്യഷ്യല്‍ ഇന്റലിജന്‍സ്, ഡിജിറ്റല്‍ ഇന്ത്യ, ക്വാണ്ടം കംമ്പ്യൂട്ടിങ് തുടങ്ങിയ മേഖലകളിലെ നിക്ഷേപവും സഹകരണവും പ്രധാന ചര്‍ച്ചാ വിഷയമായി.
ആപ്പിള്‍ സിഇഒ ടിം കുക്കുമായും പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തിയിരുന്നു.