ഡയറക്ട് ടു ഹോം (ഡിടിഎച്ച്) മാതൃകയിൽ ഡേറ്റ കണക്ഷനുകളില്ലാതെ തന്നെ മൊബൈൽ ഫോണുകളിലേക്ക് ടിവി ചാനലുകളുടെ തത്സമയ പ്രക്ഷേപണം എത്തിക്കാനുള്ള സാധ്യതകൾ പരിശോധിച്ച് കേന്ദ്രം. D2M (ഡയറക്ട്-ടു-മൊബൈൽ) എന്നറിയപ്പെടുന്ന ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് ഡേറ്റ കണക്ഷൻ ഇല്ലാതെ തന്നെ മൊബൈൽ ഫോണുകളിൽ ടിവി കാണാൻ ഉപയോക്താക്കൾക്ക് സാധിക്കും. ടെലി കമ്മ്യൂണിക്കേഷൻസ് വകുപ്പ് (DoT), ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം (MIB), IIT-കാൻപൂർ എന്നിവർ സഹകരിച്ച് സംരംഭത്തെക്കുറിച്ച് ചർച്ച നടത്തുന്നുണ്ടെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. പദ്ധതി നടപ്പാക്കാനുള്ള സാധ്യതയുണ്ടെങ്കിലും വീഡിയോ ഉപഭോഗം വഴി ലഭിക്കുന്ന ഡേറ്റ വരുമാനം നഷ്ടപ്പെടുമെന്ന ആശങ്കമൂലം ടെലികോം ഓപ്പറേറ്റർമാരിൽ നിന്ന് എതിർപ്പ് നേരിട്ടേക്കാമെന്ന് റിപ്പോർട്ടിൽ പറയുന്നു.
"ഞങ്ങൾ സാധ്യതകൾ പരിശോധിച്ചുവരികയാണ്, അന്തിമ തീരുമാനത്തിന് മുൻപ് ടെലികോം ഓപ്പറേറ്റർമാർ ഉൾപ്പെടെ എല്ലാവരുമായും ചർച്ചകൾ നടത്തും" - പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. ബ്രോഡ്‌കാസ്റ്റിലൂടെയും ബ്രോഡ്ബാന്റിലൂടെയുമുള്ള നൽകുന്ന ഉള്ളടക്കങ്ങൾ നിശ്ചിതരീതിയിൽ ഒന്നാക്കാനാണ് ലക്ഷ്യമിടുന്നത്. ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ്, ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം, IIT-കാൻപൂർ, ടെലികോം, ബ്രോഡ്കാസ്റ്റ് മേഖലകളിൽ നിന്നുള്ള പ്രതിനിധികൾ തുടങ്ങിയവർ അടുത്ത ആഴ്ച യോഗം ചേരുമെന്നാണ് കരുതുന്നത്.
നിലവിൽ രാജ്യത്ത് ടിവി ഉപയോഗിക്കുന്നത് ഏകദേശം 210-220 ദശലക്ഷം വീടുകളിലാണ്. എന്നാൽ രാജ്യത്ത് ഏകദേശം 800 ദശലക്ഷം സ്മാർട്ട്‌ഫോൺ ഉപയോക്താക്കളുണ്ട്. ഇത് 2026-ഓടെ ഒരു ബില്യണിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ പ്രകാരം ഇന്റർനെറ്റ് ട്രാഫിക്കിന്റെ 80% വും വിഡിയോകളിലൂടെയാണ് ലഭിക്കുന്നത്. ഇത് ടെലിവിഷനെപ്പോലെ തന്നെ മൊബൈലും ബ്രോഡ്‌കാസ്റ്റ് ഡെലിവറിയിൽ മുൻപന്തിയിൽ നിൽക്കുന്നു എന്ന് കാണിക്കുന്നു. മൊബൈൽ ഫോണുകൾ വഴി സർക്കാരിന് അഭിസംബോധന ചെയ്യാൻ സാധിക്കുന്ന ആളുകളുടെ എണ്ണം വളരെ വലുതാണ്. അതിനാൽ വിദ്യാഭ്യാസപരവും മറ്റ് രീതിയിലുള്ളതുമായ, എമർജൻസി അലർട്ട് സിസ്റ്റങ്ങൾ ഉൾപ്പടെയുള്ള ഉള്ളടക്കങ്ങൾ ആളുകളിലേക്കെത്തിക്കാൻ ഈ ആശയം മികച്ചതാകുമെന്നാണ് സർക്കാർ കരുതുന്നത്.