INDIA

അസുഖം ഭേദമായിട്ടും മടങ്ങാനാകാത്തവര്‍; മാനസികാരോഗ്യ കേന്ദ്രങ്ങളിലെ സ്ഥിതി പരിതാപകരം: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

ആറാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാരോട് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്

വെബ് ഡെസ്ക്

മാനസിക വെല്ലുവിളി നേരിടുന്നവരെ രോഗം ഭേദമായിട്ടും അനധികൃതമായി ആശുപത്രികളില്‍ പാര്‍പ്പിച്ചിരിക്കുന്നതില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. ആറാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാരോട് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രോഗം ഭേദമായവരെ വീട്ടിലേയ്ക്ക് തിരിച്ച് അയക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്.

മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതക്കുറവിനെയും മനുഷ്യാവകാശ കമ്മീഷന്‍ വിമര്‍ശിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള റിപ്പോര്‍ട്ടും ഇതിനകം തേടിയിട്ടുണ്ട്. സര്‍ക്കാര്‍ നടത്തുന്ന 46 മാനസികാരോഗ്യ സ്ഥാപനങ്ങളിലും മനുഷ്യാവകാശ കമ്മീഷന്റെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കേന്ദ്രത്തിനോടും സംസ്ഥാനങ്ങളോടുമെല്ലാം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.

അസുഖം ഭേദമായിട്ടും മാനസികാരോഗ്യത്തില്‍ കഴിയുന്നവരുടെ അവസ്ഥ ദയനീയമാണ്

സന്ദര്‍ശിച്ച 46 മാനസികാരോഗ്യ കേന്ദ്രങ്ങളുടെയും അവസ്ഥ വളരെ പരിതാപകരമാണ്. അസുഖം ഭേദമായിട്ടും മാനസികാരോഗ്യത്തില്‍ കഴിയുന്നവരുടെ അവസ്ഥ ദയനീയമാണ്. ഈ അവസ്ഥ രോഗികളുടെ മനുഷ്യാവകാശത്തിന്റെ ലംഘനമാണെന്നും മനുഷ്യാവകാശ കമ്മീഷന്റെ പ്രസ്താവനയില്‍ പറയുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത രോഗികളുടെ കണക്കുകള്‍, പുറത്തിറങ്ങിയതിന് ശേഷം കുടുംബമായി അവരുടെ പുനരധിവാസം സാധ്യമായോ എന്നീ കണക്കുകള്‍ നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

മാനസിക രോഗികളുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികള്‍, കുടുംബവുമായുള്ള അവരുടെ പുനരിധിവാസം, രോഗമുക്തി ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്നിവയെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ഡയറക്ടറേറ്റ് ജനറലും പോലീസ് കമ്മീഷണര്‍മാരും സമര്‍പ്പിക്കണം. കേരളത്തിലും സമാനമായ അവസ്ഥയാണുള്ളത്. മാനസിക നില വീണ്ടെടുക്കാത്തതിനാല്‍ വിചാരണ പോലും നടക്കാതെ 40 വര്‍ഷത്തോളമായി മാനസികാരോഗ്യ കേന്ദ്രത്തില്‍ കഴിയുന്നവരുണ്ട്.

കേരളത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ആന്റണി ഡൊമനിക്കിന്റെ നേതൃത്വത്തിലുള്ള സംഘം നവംബര്‍ 17ന് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു. മാനസികാരോഗ്യ കേന്ദ്രത്തില്‍ നിലവിലുള്ള അപര്യാപ്തതകള്‍ പരിഹരിക്കാന്‍ സമഗ്രമായ ഒരു മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി ആവശ്യാനുസരണം ഫണ്ട് അനുവദിച്ച് സമയക്രമം നിശ്ചയിച്ച് നടപ്പിലാക്കണമെന്ന് കമ്മീഷന്‍ അന്ന് ആവശ്യപ്പെട്ടിരുന്നു.

സുരക്ഷയ്ക്കായി പ്രത്യേകം സംവിധാനം ഏര്‍പ്പെടുത്തണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു

ജയില്‍ ഡിജിപിയും ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. പത്ത് വര്‍ഷമായി മുടങ്ങിക്കിടക്കുന്ന കെട്ടിടസമുച്ചയത്തിന്റെ പണി പുനരാരംഭിക്കണം. ആധുനിക മനോരോഗ ചികിത്സക്ക് പര്യാപ്തമായ ഒരു ഒപി ബ്ലോക്ക് സജ്ജമാക്കണം. ജീവനക്കാരുടെ തസ്തികകള്‍ പുന: ക്രമീകരിക്കണം. കൂടുതല്‍ പാചകക്കാരെ നിയോഗിക്കണം. സുരക്ഷയ്ക്കായി പ്രത്യേകം സംവിധാനം ഏര്‍പ്പെടുത്തണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു.

'മല്ലു ഹിന്ദു വാട്സാപ്പ് ഗ്രൂപ്പും മാടമ്പള്ളിയിലെ ചിത്തരോഗിയും'; ഐ എ എസ് ഉദ്യോഗസ്ഥന്മാർക്കെതിരെ സർക്കാർ നടപടിയിലേക്ക്

ഇന്ത്യൻ വിദ്യാർഥികൾക്ക് കനത്ത തിരിച്ചടി; ഫാസ്റ്റ് ട്രാക്ക് വിസ സേവനം റദ്ദാക്കി കാനഡ

അലിഗഡ് സര്‍വകാലാശാല ന്യൂനപക്ഷപദവി; സുപ്രീം കോടതി വിധിയില്‍ ഒളിഞ്ഞിരിക്കുന്നത് അപകടമോ?

'മാടമ്പള്ളിയിലെ ചിത്തരോഗി എ ജയതിലക്': ഐഎഎസ് തലപ്പത്ത് തമ്മിലടി, പരസ്യപോരുമായി എൻ പ്രശാന്ത് IAS

മരുമകളെ ടിവി കാണാനും, ഉറങ്ങാനും അനുവദിക്കാത്തത് ക്രൂരതയായി കണക്കാനാവില്ലെന്ന് ഹൈക്കോടതി; ശിക്ഷാവിധി റദ്ദാക്കി