INDIA

പ്രതിഷേധം തണുപ്പിക്കാൻ കേന്ദ്രം; പൊതുപരീക്ഷാ ക്രമക്കേട് തടയൽ നിയമം പ്രാബല്യത്തിൽ, ഇനി ജാമ്യമില്ലാ കുറ്റം, പിഴ ഒരു കോടി

വെബ് ഡെസ്ക്

നീറ്റ്- നെറ്റ് പരീക്ഷകളിലെ വ്യാപക ക്രമക്കേട് ഉണ്ടായതിന് പിന്നാലെ കർശന നിയമങ്ങളടങ്ങിയ പൊതുപരീക്ഷ ക്രമക്കേട് നിയമത്തിന്റെ വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർ. 2024 ഫെബ്രുവരിയിൽ പാസാക്കിയ നിയമം വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നതായി സർക്കാർ അറിയിച്ചു. പേപ്പർ ചോർത്തുക, ഉത്തരക്കടലാസിൽ കൃത്രിമം കാണിക്കുക തുടങ്ങിയ കുറ്റങ്ങൾക്ക് പത്ത് ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ പിഴയും പരമാവധി അഞ്ചുവർഷം തടവുമാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്.

കുറ്റകൃത്യത്തെക്കുറിച്ച് അറിവുണ്ടായിട്ടും അത് റിപ്പോർട്ട് ചെയ്യാത്ത പരീക്ഷാ സേവന ദാതാക്കൾക്ക് ഒരു കോടി രൂപ വരെ പിഴ ചുമത്താം

'പൊതുപരീക്ഷ ക്രമക്കേട് തടയൽ നിയമം, 2024' ന്റെ പരിധിയിൽ വരുന്ന എല്ലാ കുറ്റകൃത്യങ്ങളും ജാമ്യമില്ലാ കുറ്റങ്ങളായാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ദിവസങ്ങൾ മുൻപ് നടത്തിയ വാർത്താസമ്മേളനത്തിൽ നിയമം സംബന്ധിച്ച ചോദ്യങ്ങൾ ഉയർന്നതിന് പിന്നാലെയാണ് സർക്കാർ വിജ്ഞാപനമിറക്കിയത്. നിയമം സംബന്ധിച്ച ചട്ടങ്ങൾ നിയമ മന്ത്രാലയത്തിന്റെ പരിഗണനയിലാന്നെന്നായിരുന്നു അന്നത്തെ അദ്ദേഹത്തിന്റെ വിശദീകരണം.

പൊതുപരീക്ഷകളിലെ സാധ്യമായ കുറ്റകൃത്യത്തെക്കുറിച്ച് അറിവുണ്ടായിട്ടും അത് റിപ്പോർട്ട് ചെയ്യാത്ത പരീക്ഷാ സേവന ദാതാക്കൾക്ക് ഒരു കോടി രൂപ വരെ പിഴ ചുമത്താനും നിയമത്തിൽ വകുപ്പുകളുണ്ട്. കൂടാതെ ഏതെങ്കിലും മുതിർന്ന ഉദ്യോഗസ്ഥൻ കുറ്റം ചെയ്യാൻ അനുവദിക്കുകയോ അതിൽ ഉൾപ്പെട്ടിരിക്കുകയോ ചെയ്‌തതായി തെളിഞ്ഞാൽ, അയാൾക്ക് കുറഞ്ഞത് മൂന്ന് വർഷം വരെ തടവും 10 വർഷം വരെ തടവും ഒരു കോടി രൂപ വരെ പിഴയും ലഭിക്കും.

വിജ്ഞാപനത്തിൽ ഭാരതീയ ന്യായ സംഹിതയെ പരാമർശിക്കുന്നുണ്ടെങ്കിലും അത് നടപ്പാക്കുന്നത് വരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വ്യവസ്ഥകൾ പ്രാബല്യത്തിൽ തുടരുമെന്നും കൂട്ടിച്ചേർക്കുന്നു. സംഹിതയും മറ്റ് ക്രിമിനൽ നിയമങ്ങളും ജൂലൈ ഒന്നുമുതലാണ് പ്രാബല്യത്തിൽ വരിക.

യുജിസി നെറ്റ് (നാഷണൽ എലിജിബിലിറ്റി ടെസ്റ്റ്) പരീക്ഷ നടക്കുന്നതിന് 48 മണിക്കൂർ മുമ്പ് പരീക്ഷാ പേപ്പർ ചോർന്നെന്നും ആറ് ലക്ഷം രൂപയ്ക്ക് ഡാർക്ക് വെബ്ബിലും സാമൂഹ്യ മാധ്യമങ്ങളിലും പരീക്ഷാ പേപ്പർ വില്പനയ്ക്ക് വച്ചുവെന്നുമുള്ള സിബിഐ കണ്ടെത്തൽ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. കൂടാതെ മെയ് അഞ്ചിന് നടന്ന മെഡിക്കൽ കോഴ്സുകൾക്കുള്ള പ്രവേശന പരീക്ഷയായ നീറ്റ് യു ജി പരീക്ഷകളുടെ ചോദ്യപേപ്പറും ചോർന്നതായി ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുന്ന ബിഹാർ പോലീസിന്റെ പ്രത്യേക സംഘം വിദ്യാർഥികളെ ഉൾപ്പെടെ നിരവധി പേരെ അറസ്റ്റും ചെയ്തിരുന്നു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?