INDIA

ഡൽഹി ബിൽ ശബ്ദ വോട്ടോടെ പാസാക്കി ലോക്സഭ; ആംആദ്മി എംപി സുശീൽകുമാർ റിങ്കുവിന് സസ്പെൻഷൻ

വെബ് ഡെസ്ക്

ഡൽഹി നിയമഭേ​ദഗതി ബിൽ പാസാക്കി ലോക്സഭ. ശബ്ദ വോട്ടോടെയാണ് ബിൽ പാസാക്കിയത്. ബിൽ പാസാക്കിയതിന് പിന്നാലെ പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി. ബിൽ രാജ്യസഭ പാസാക്കുകയും രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുകയും ചെയ്താൽ നിയമമായി മാറും.

ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ നടുത്തളത്തിലിറങ്ങി പേപ്പറുകള്‍ വലിച്ചെറിഞ്ഞ് പ്രതിഷേധിച്ച ആം ആദ്മി എംപി സുശീല്‍ കുമാര്‍ റിങ്കുവിനെ സ്പീക്കർ സസ്പെൻഡ് ചെയ്തു. വർഷകാല സമ്മേളനം അവസാനിക്കുന്നത് വരെയാണ് സസ്പെൻഷൻ. കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി പ്രള്‍ഹാദ് ജോഷിയാണ് സസ്‌പെന്‍ഷന്‍ പ്രമേയം അവതരിപ്പിച്ചത്.

ബിൽ നിയമമാകുന്നതോടെ ജനാധിപത്യത്തിന് വിള്ളലേൽക്കുമെന്നായിരുന്നു ആം ആദ്മി പാർട്ടിയുടെ പ്രതികരണം. "എല്ലാ തവണയും ഡൽഹിക്ക് പൂർണ സംസ്ഥാന പദവി നൽകുമെന്ന് ബിജെപി വാഗ്ദാനം ചെയ്യാറുണ്ടായിരുന്നു. 2014ൽ മോദി തന്നെ പ്രധാനമന്ത്രിയായാൽ ഡൽഹിക്ക് പൂർണ സംസ്ഥാന പദവി നൽകുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഡൽഹിയിലെ ജനങ്ങളെ അവർ പിന്നിൽ നിന്ന് കുത്തി. ഇനി മുതൽ മോദിയെ വിശ്വസിക്കരുത്" - കെജ്‌രിവാൾ ട്വിറ്ററിൽ കുറിച്ചു.

കേന്ദ്രമന്ത്രി അമിത് ഷായാണ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. ഡൽഹിയുമായി ബന്ധപ്പെട്ട ഏത് വിഷയത്തിലും നിയമനിർമാണം നടത്താൻ പാർലമെന്റിന് അവകാശമുണ്ടെന്ന് ബിൽ അവതരിപ്പിച്ച് അമിത് ഷാ പറഞ്ഞു. ഡൽഹിക്ക് വേണ്ടി നിയമങ്ങൾ നിർമിക്കാൻ കേന്ദ്രത്തെ അനുവദിക്കുന്ന വ്യവസ്ഥകൾ ഭരണഘടനയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥ നിയമനങ്ങളിലും ട്രാന്‍സ്ഫറുകളിലും കേന്ദ്രത്തിന് പൂര്‍ണ അധികാരം നൽകുന്നതാണ് ബിൽ. നിയമനങ്ങളില്‍ ഡല്‍ഹി സര്‍ക്കാരിനുള്ള അധികാരം ശരിവച്ച സുപ്രീംകോടതി വിധി മറികടക്കാന്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിന് പകരമാണ് ബില്‍ അവതരിപ്പിച്ചത്. പോലീസ്, പൊതു ക്രമം, ഭൂമി എന്നിവ ഒഴികെയുള്ള ഡൽഹിയിലെ എല്ലാ സേവനങ്ങളുടെ നിയന്ത്രണവും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള സർക്കാരിന് കൈമാറിയിരുന്നു സുപ്രീംകോടതി വിധി.

എൻഡിഎയ്ക്ക് രാജ്യസഭയിൽ 100ലധികം എംപിമാരാണുള്ളത്. കൂടാതെ സർക്കാരിന് വോട്ട് ചെയ്യുന്ന നോമിനേറ്റഡ് അംഗങ്ങളുടെയും സ്വതന്ത്രരുടെയും പിന്തുണയുമുണ്ട്. രാജ്യസഭയിൽ ഭൂരിപക്ഷത്തിന് വേണ്ടത് 120 വോട്ടാണ്. 245 അംഗബലമുള്ള രാജ്യസഭയില്‍ നിലവിൽ 7 ഒഴിവുകളുള്ളതിനാൽ 238 ആണ് അംഗബലം. വൈഎസ്ആർ കോൺഗ്രസും ബിജെഡിയും പിന്തുണ പ്രഖ്യാപിച്ചതോടെ 238 അംഗ സഭയില്‍ ഭൂരിപക്ഷം നേടുകയെന്നത് പ്രയാസരഹിതമാകും.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും