മുംബൈയിലെ ഗേറ്റ്‍ വേ ഓഫ് ഇന്ത്യ പരിസരത്ത് വിള്ളലുകള്‍ കണ്ടെത്തിയതായി റിപ്പോർട്ട്. ഗേറ്റ്‍ വേ ഓഫ് ഇന്ത്യയുടെ ഉപരിതലത്തിൽ നടത്തിയ പരിശോധനയിൽ ചെറിയ തോതിലുള്ള വിള്ളലുകള്‍ കണ്ടെത്തിയതായി കേന്ദ്ര സാംസ്കാരിക മന്ത്രി ജി കിഷൻ റെഡ്ഡി പാർലമെന്റില്‍ അറിയിച്ചു. വിള്ളലുകൾ ഗുരുതരമല്ലെന്നും ഇത് സ്മാരകത്തിന്റെ മൊത്തത്തിലുള്ള ഘടനയെയോ നിലനില്പിനെയോ ബാധിക്കില്ലെന്നും അദ്ദേഹം രേഖാമൂലം അറിയിച്ചു.
പുരാവസ്തു, മ്യൂസിയം വകുപ്പ് വിശദമായ സൈറ്റ് മാനേജ്മെന്റ് പദ്ധതിയും സംരക്ഷണത്തിനും അറ്റകുറ്റപ്പണികള്‍ക്കുമായി ഒന്‍പത് കോടിയോളം രൂപ എസ്റ്റിമേറ്റും തയാറാക്കിയതായി മന്ത്രി അറിയിച്ചു
ഗേറ്റ്‍ വേ ഓഫ് ഇന്ത്യയിൽ സമീപകാലത്തായി ഓഡിറ്റിങ് നടത്തിയിരുന്നോയെന്നും സ്മാരകത്തിന്റെ നിലനില്‍പ്പിന് ഭീഷണിയുണ്ടോയെന്നും പാർലമെന്റിന്റെ കഴിഞ്ഞ സമ്മേളനത്തില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ഗേറ്റ്‍ വേ ഓഫ് ഇന്ത്യയുടെ സംരക്ഷണച്ചുമതല മഹാരാഷ്ട്ര സർക്കാരിന്റെ പുരാവസ്തു, മ്യൂസിയം വകുപ്പിനാണെന്ന് റെഡ്ഡി പാർലമെന്റില്‍ പറഞ്ഞു. പുരാവസ്തു, മ്യൂസിയം വകുപ്പ് വിശദമായ സൈറ്റ് മാനേജ്മെന്റ് പ്ലാനും സംരക്ഷണത്തിനും അറ്റകുറ്റപ്പണികള്‍ക്കുമായി ഒന്‍പത് കോടിയോളം രൂപ എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍, സംസ്ഥാന പുരാവസ്തു, മ്യൂസിയം ഡയറക്ടറേറ്റിൽനിന്ന് പുനരുദ്ധാരണ നിർദേശം കേന്ദ്ര സർക്കാരിന് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1911 ഡിസംബറിൽ ബ്രിട്ടീഷ് രാജാവ് ജോർജ് അഞ്ചാമന്റെ വരവിന്റെ സ്മരണയ്ക്കായാണ് ഗേറ്റ് വേ ഓഫ് ഇന്ത്യ നിർമിച്ചത്. 1924 ൽ നിർമാണം പൂർത്തിയാക്കിയത്. ഗുജറാത്തി വാസ്തുവിദ്യയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇൻഡോ-ഇസ്ലാമിക് രീതിയിൽ പണികഴിപ്പിച്ച സ്മാരകത്തിന് 85 അടി (26 മീറ്റർ) ഉയരമുണ്ട്. 1948 ൽ അവസാന ബ്രിട്ടീഷ് സൈനികർ ഇന്ത്യയിൽനിന്ന് മടങ്ങിയതിന്റെ ഓർമയായ ഗേറ്റ് വേ ഇന്ന് മുംബൈ നഗരത്തിന്റെ പ്രധാന ആകർഷണവും മുഖമുദ്രയുമാണ്.