ഇന്ത്യ എന്ന പേര് മാറ്റി ഭാരതം എന്നാക്കുമെന്നത് പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ മാത്രമെന്ന് കേന്ദ്രം. പ്രതിപക്ഷമാണ് ഇത്തരംകാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂര്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു. രാജ്യത്തിന്‌റെ പേരുമാറ്റം സംബന്ധിച്ചുയർന്ന വിവാദങ്ങളോടായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.
''ഇപ്പോള്‍ പ്രചരിക്കുന്നതെല്ലാം അഭ്യൂഹങ്ങള്‍ മാത്രമാണെന്നാണ് ഞാന്‍ കരുതുന്നത്. എന്നാല്‍ ഭാരതം എന്ന വാക്കിനെ ആരെങ്കിലും തള്ളുന്നുണ്ടെങ്കില്‍, അത് അവരുടെ മാനസികനിലയാണ് കാണിക്കുന്നതെന്ന് വ്യക്തമാണ്''- അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.
''ഞാന്‍ ഭാരത് സര്‍ക്കാരിലെ മന്ത്രിയാണ്. 2023 ജി 20 ഔദ്യോഗിക രേഖകളിലും ലോഗോയിലും ഭാരതമെന്നും ഇന്ത്യയെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നെ ഭാരതമെന്നതിനെ എതിര്‍ക്കാന്‍ എന്തിരിക്കുന്നു. ഇത്തരം മനസ്ഥിതിയുള്ളവര്‍ ഇന്ത്യയ്ക്കും ഭാരതത്തിനുമെതിരെ നിലപാടെടുക്കുന്നവരാണ് . ഇന്ത്യ എന്ന പേര് ആരും ഉപേക്ഷിച്ചിട്ടില്ല. ജി-20യ്ക്കായി ഇന്ത്യ, ഭാരതം എന്ന് രേഖപ്പെടുത്തിയ ലോഗോ ഒരുവര്‍ഷമായി നിലവിലുണ്ട്. പിന്നെ ഇപ്പോഴുയർത്തുന്ന പ്രചാരണങ്ങള്‍ എന്തിനാണ്'' - കേന്ദ്രമന്ത്രി ചോദിച്ചു.
ഇന്ത്യയുടെ പേര് ഭാരതം എന്ന് മാത്രമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ സജീവമാക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ ജി 20 ഉച്ചകോടിക്കുള്ള ക്ഷണക്കത്തില്‍ പ്രസിഡന്റ് ഓഫ് ഇന്ത്യ എന്നതിന് പകരം 'പ്രസിഡന്റ് ഓഫ് ഭാരത്' എന്ന് രേഖപ്പെടുത്തിയത് വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നു.
ഉച്ചകോടിയുടെ ഭാഗമായുള്ള അത്താഴവിരുന്നിലേക്ക് രാഷ്ട്രത്തലവന്‍മാരെ രാഷ്ട്രപതി ക്ഷണിച്ചുകൊണ്ടുള്ള കത്തിലാണ് 'ദ പ്രസിഡന്റ് ഓഫ് ഇന്ത്യ'എന്നതിനുപകരം 'ദ പ്രസിഡന്റ് ഓഫ് ഭാരത്' എന്ന് ഉപയോഗിച്ചിരിക്കുന്നത്. കത്ത് പുറത്തുവന്നതിനുപിന്നാലെ പ്രതിപക്ഷം കടുത്ത എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു.
സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ നടക്കാനിരിക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ ഇന്ത്യ ഒഴിവാക്കി ഭാരതമെന്നാക്കുന്നതിനുള്ള ബില്ലുകള്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു.
പ്രധാനമന്ത്രിയുടെ ഇന്തോനേഷ്യന്‍ സന്ദര്‍ശനത്തിന്റെ കുറിപ്പിലും ഇന്ത്യയ്ക്ക് പകരം ഭാരത് എന്ന് രേഖപ്പെടുത്തിയിരുന്നു. ഇന്തോനേഷ്യയില്‍ നടക്കുന്ന 20-ാമത് ആസിയാന്‍-ഇന്ത്യ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പില്‍ പ്രൈം മിനിസ്റ്റര്‍ ഓഫ് ഭാരത് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.