രാജ്യത്ത് നിലവിലുള്ള ടോള്‍ സംവിധാനം അടിമുടി ഉടച്ചുവാര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ടോള്‍ പ്ലാസകള്‍ ഒഴിവാക്കി ജിപിഎസ് സംവിധാനം വഴി ടോള്‍ പിരിക്കാനുള്ള നടപടികള്‍ തുടങ്ങിയതായി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിന്‍ ഗഡ്ഗരി വ്യക്തമാക്കി. സഞ്ചരിക്കുന്ന ദൂരത്തിന് അനുസരിച്ച് ടോള്‍ എന്നതാണ് പുതിയ പദ്ധതികൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പദ്ധതി നടപ്പിലായാല്‍ ഹൈവേകളിലെ ഗതാഗത കുരുക്കും കുറയും. നമ്പർ പ്ലേറ്റിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വാഹന ഉടമയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം ഈടാക്കുന്ന തരത്തിലാണ് പുതിയ സംവിധാനം. ആറുമാസത്തിനുളളില്‍ പദ്ധതി നടപ്പിലാക്കി തുടങ്ങുമെന്നാണ് നിധിന്‍ ഗഡ്ഗരിയുടെ പ്രഖ്യാപനം.
2018-2019 വര്‍ഷങ്ങളില്‍ ടോള്‍ പ്ലാസയില്‍ ഒരു വാഹനം ക്യൂവില്‍ നില്‍ക്കുന്ന ശരാശരി സമയം എട്ട് മിനിറ്റായിരുന്നു. ഫാസ്റ്റ് ടാഗുകള്‍ നിലവില്‍ വന്ന 2022 മുതല്‍ ക്യൂവില്‍ നില്‍ക്കുന്ന സമയം 47 സെക്കന്റായി കുറഞ്ഞതായാണ് നാഷണൽ ഹൈവെ അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്ക്. പക്ഷെ കണക്കും യാഥാര്‍ഥ്യവും തമ്മില്‍ ബന്ധമില്ലന്ന വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ കൂടിയാണ് പുതിയ സംവിധാനത്തെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ ആലോചിച്ചതും, നടപ്പിലാക്കുന്നതും.
കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ (എൻഎച്ച്എഐ) ടോൾ വരുമാനം നിലവില്‍ 40,000 കോടി രൂപയാണ്. ജിപിഎസ് സംവിധാനം നിലവില്‍ വരുന്നതോടെ അത് മൂന്ന് വര്‍ഷത്തിനുള്ളില്‍ 1.40 ലക്ഷം കോടിയായി ഉയരുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രതീക്ഷ.